17 Nov 2026 3:53 PM IST
ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെലവ് കുത്തനെ ഉയര്‍ന്നു; ചെലവ് 2 ലക്ഷം കോടി രൂപ കടന്നു
MyFin Desk
Summary
ഭക്ഷ്യ എണ്ണ ഇറക്കുമതി ചെലവ് വര്‍ധിച്ചതിന് പിന്നില്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിനും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും വലിയ പങ്കുണ്ട്
രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ചെലവ് കുതിച്ചുയരുന്നു. 2025-26 എണ്ണ വര്‍ഷത്തില്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചെലവിട്ടത് ഏകദേശം രണ്ട് ലക്ഷം കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇറക്കുമതിയുടെ അളവില്‍ 5.68 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ഇറക്കുമതി ചെലവ് ഉയര്‍ന്നത് 24 ശതമാനത്തോളമാണ്. ആഗോള വിപണിയിലെ വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇറക്കുമതി ബില്‍ ഉയരാന്‍ പ്രധാന കാരണങ്ങളായത്. സോള്‍വന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (SEA) കണക്കുകള്‍ പ്രകാരം 2025 നവംബര്‍ മുതല്‍ 2026 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ 169.2 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയാണ് ഇറക്കുമതി ചെയ്തത്. 2024-25 എണ്ണ വര്‍ഷത്തില്‍ ഇത് 160.1 ലക്ഷം ടണ്ണായിരുന്നു. അതേസമയം, ഇറക്കുമതിക്കായി ചെലവിട്ട തുക 1.61 ലക്ഷം കോടി രൂപയില്‍ നിന്ന് രണ്ട് ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഡോളര്‍ കണക്കില്‍ 18.30 ബില്യണ്‍ ഡോളറില്‍ നിന്ന് 21 ബില്യണ്‍ ഡോളറിലേക്കാണ് വര്‍ധന.
വിലക്കയറ്റവും രൂപയുടെ മൂല്യത്തകര്‍ച്ചയും
ഭക്ഷ്യ എണ്ണ ഇറക്കുമതി ചെലവ് വര്‍ധിച്ചതിന് പിന്നില്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിനും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും വലിയ പങ്കുണ്ട്. RBD പാം ഓയിലിന്റെ വില ടണ്ണിന് 1,106 ഡോളറില്‍ നിന്ന് 1,182 ഡോളറായി ഉയര്‍ന്നു. ക്രൂഡ് പാം ഓയില്‍ വിലയില്‍ എട്ട് ശതമാനവും ക്രൂഡ് സോയാബീന്‍ ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവയുടെ വിലയില്‍ 12 ശതമാനം വീതവും വര്‍ധനയുണ്ടായി. ഇതിനൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇറക്കുമതി ചെലവ് കൂട്ടി. ഒരു ഡോളറിന് 88.37 രൂപയായിരുന്ന വിനിമയ നിരക്ക് 95.52 രൂപയായി ഉയര്‍ന്നു. ഏകദേശം 8.1 ശതമാനത്തിന്റെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
പാം ഓയിലിന് ആവശ്യക്കാര്‍ കൂടുതല്‍
ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഏറ്റവും വലിയ പങ്ക് പാം ഓയിലിനാണ്. 2025-26 എണ്ണ വര്‍ഷത്തില്‍ 82.26 ലക്ഷം ടണ്‍ പാം ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തെ 75.82 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് 8.5 ശതമാനം വര്‍ധന. സോയാബീന്‍ ഓയില്‍ ഇറക്കുമതി 54.68 ലക്ഷം ടണ്ണില്‍ നിന്ന് 58.36 ലക്ഷം ടണ്ണായി ഉയര്‍ന്നു. എന്നാല്‍ സണ്‍ഫ്ലവര്‍ ഓയില്‍ ഇറക്കുമതി 29.36 ലക്ഷം ടണ്ണില്‍ നിന്ന് 28.47 ലക്ഷം ടണ്ണായി കുറഞ്ഞു. മറ്റ് സോഫ്റ്റ് ഓയിലുകളെ അപേക്ഷിച്ച് പാം ഓയിലിന് വില കുറവായതും റിഫൈനറികളില്‍ നിന്നുള്ള ആവശ്യകതയുമാണ് ഇറക്കുമതി വര്‍ധിക്കാന്‍ കാരണമായത്.
ഉത്സവകാല ആവശ്യകതയും ഇറക്കുമതിയും
ഓണം ഉള്‍പ്പെടെയുള്ള ഉത്സവ സീസണുകളിലും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലും മധുരപലഹാരങ്ങള്‍, പലഹാരങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം വര്‍ധിക്കുന്നത് ഭക്ഷ്യ എണ്ണയുടെ ആവശ്യകത ഉയര്‍ത്തി. 2026 ഒക്ടോബറില്‍ മാത്രം ഇന്ത്യ 17.59 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്തു. സെപ്റ്റംബറിലെ 15.44 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് 13.92 ശതമാനമാണ് വര്‍ധന. രണ്ട് വര്‍ഷത്തിലേറെയായി രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഇറക്കുമതി അളവാണിത്. ഉത്സവ സീസണിന് മുന്നോടിയായി ആഭ്യന്തര വിപണിയില്‍ വില നിയന്ത്രിക്കുന്നതിനായി 2026 സെപ്റ്റംബറില്‍ ക്രൂഡ്, റിഫൈന്‍ഡ് പാം, സോയാബീന്‍, സണ്‍ഫ്ലവര്‍ ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ സര്‍ക്കാര്‍ കുറച്ചിരുന്നു.
ഇന്ത്യയുടെ പ്രധാന വിതരണക്കാര്‍
ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിപണികളെയാണ്. രാജ്യത്തിന്റെ മൊത്തം ഭക്ഷ്യ എണ്ണ ആവശ്യകതയുടെ ഏകദേശം 55 മുതല്‍ 60 ശതമാനം വരെ ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അര്‍ജന്റീനയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ കയറ്റുമതി ചെയ്തത്. 2025-26 എണ്ണ വര്‍ഷത്തില്‍ 39.66 ലക്ഷം ടണ്ണാണ് അര്‍ജന്റീനയില്‍ നിന്ന് എത്തിയത്. ഇതില്‍ സോയാബീന്‍ ഓയിലും സണ്‍ഫ്ലവര്‍ ഓയിലും ഉള്‍പ്പെടുന്നു. റഷ്യയില്‍ നിന്ന് 13.16 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്തു. പാം ഓയില്‍ വിതരണത്തില്‍ ഇന്തോനേഷ്യയും മലേഷ്യയുമാണ് പ്രധാന രാജ്യങ്ങള്‍. മലേഷ്യയില്‍ നിന്ന് 32.56 ലക്ഷം ടണ്ണും ഇന്തോനേഷ്യയില്‍ നിന്ന് 33 ലക്ഷം ടണ്ണും പാം ഓയില്‍ ഇന്ത്യയിലെത്തി.
റിഫൈന്‍ഡ് ഓയില്‍ ഇറക്കുമതി കുറഞ്ഞു
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റിഫൈന്‍ഡ് ഭക്ഷ്യ എണ്ണയുടെ അളവില്‍ വലിയ കുറവുണ്ടായി. 2024-25ല്‍ 17.37 ലക്ഷം ടണ്ണായിരുന്ന റിഫൈന്‍ഡ് ഓയില്‍ ഇറക്കുമതി 2025-26ല്‍ 8.17 ലക്ഷം ടണ്ണായി കുറഞ്ഞു. മൊത്തം ഇറക്കുമതിയില്‍ റിഫൈന്‍ഡ് ഓയിലിന്റെ പങ്ക് 11 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി താഴ്ന്നു. അതേസമയം ക്രൂഡ് ഭക്ഷ്യ എണ്ണ ഇറക്കുമതി 142.73 ലക്ഷം ടണ്ണില്‍ നിന്ന് 161.06 ലക്ഷം ടണ്ണായി ഉയര്‍ന്നു. മൊത്തം ഇറക്കുമതിയുടെ 95 ശതമാനവും ഇപ്പോള്‍ ക്രൂഡ് ഓയിലുകളാണ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ രാജ്യത്ത് തന്നെ ശുദ്ധീകരിച്ച് വിപണിയിലെത്തിക്കുന്ന പ്രവണത വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സാര്‍ക്കിലെ സ്വതന്ത്ര വ്യാപാര കരാര്‍ (SAFTA) പ്രയോജനപ്പെടുത്തി നേപ്പാളും ഇന്ത്യയിലേക്ക് 7.6 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ തീരുവയില്ലാതെ കയറ്റുമതി ചെയ്തു. പ്രധാനമായും റിഫൈന്‍ഡ് സോയാബീന്‍, സണ്‍ഫ്ലവര്‍ ഓയിലുകളാണ് നേപ്പാളില്‍ നിന്ന് എത്തിയത്. ആഗോള വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, ആഭ്യന്തര ഉപഭോഗത്തിലെ വര്‍ധന എന്നിവ ഒരുമിച്ചെത്തുമ്പോള്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചെലവിടുന്ന തുക ഇനിയും ഉയരാനുള്ള സാധ്യതയാണ് ഈ കണക്കുകള്‍ മുന്നോട്ടുവയ്ക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
