1 May 2026 6:08 PM IST
India’s Marine Fish Catch Rises : കേരളത്തിൽ മത്തി മുന്നിൽ ; ഇന്ത്യയിൽ സമുദ്ര മത്സ്യബന്ധനത്തിൽ വർധന
MyFin Desk
Summary
35.7 ലക്ഷം ടൺ മത്സ്യം പിടിത്തം; തമിഴ്‌നാട് ഒന്നാമത്,
കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം പിടിച്ചതായി സിഎംഎഫ്ആർഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻവർഷത്തേക്കാൾ മൂന്ന് ശതമാനം വർധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 6.85 ലക്ഷം ടൺ പിടിത്തവുമായി തമിഴ്‌നാട് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതും കാരണം ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്നോട്ടുപോയി.
കേരളത്തിൽ ലഭ്യതയിൽ മത്തി മുന്നിൽ
രണ്ട് ശതമാനം വർധനവോടെ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. സംസ്ഥാനത്ത് മത്തിയുടെ ലഭ്യത 13 ശതമാനം വർധിച്ച് 1.68 ലക്ഷം ടണായി, കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. 2013ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണിത്.
കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ കിളിമീൻ, കണവ, കൂന്തൽ, നീരാളി ഇനങ്ങളിലും വർധനവ് രേഖപ്പെടുത്തി. എന്നാൽ തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവയുടെ ലഭ്യത കുറഞ്ഞു.
മത്തി കഴിഞ്ഞാൽ അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ് സംസ്ഥാനത്ത് കൂടുതലായി ലഭിച്ച ഇനങ്ങൾ.
ശക്തമായ മഴയും ചരക്കുകപ്പൽ അപകടവും കാരണം മെയ്-ജൂൺ മാസങ്ങളിൽ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിവസങ്ങൾ കുറയുകയും ചെയ്തു. ജില്ലകളിൽ എറണാകുളമാണ് മുന്നിൽ, പിന്നാലെ കൊല്ലവും കോഴിക്കോട് ജില്ലകളും. ഹാർബറുകളിൽ കൊല്ലത്തെ നീണ്ടകര ഒന്നാമതും എറണാകുളത്തെ മുനമ്പം രണ്ടാമതുമാണ്.
രാജ്യത്ത് ലഭ്യതയിൽ അയില മുന്നിൽ
രാജ്യത്താകെ അയലയാണ് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം (2.70 ലക്ഷം ടൺ). സമുദ്ര മത്സ്യോൽപാദനത്തിൽ കര്‍ണാടകയിൽ 44 ശതമാനവും മഹാരാഷ്ട്രയിൽ 18 ശതമാനവും വളർച്ച രേഖപ്പെടുത്തി. അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളും നിയന്ത്രിത മത്സ്യബന്ധന രീതികളും ചെറിയ മീനുകളുടെ വർധനയ്ക്ക് കാരണമായതായി സിഎംഎഫ്ആർഐ വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
