image

21 Nov 2025 6:30 PM IST

Agriculture and Allied Industries

റബർ വില കുറഞ്ഞു; ഏലം വിപണിയിൽ ഉണർവ്

MyFin Desk

rubber prices give hope to farmers
X

Summary

ആഭ്യന്തര വിദേശ വിപണികളിൽ ഏലത്തിന് ഡിമാൻഡ്


വിദേശത്ത് റബര്‍ വിലയിലുണ്ടായ ചാഞ്ചാട്ടം മുന്‍ നിര്‍ത്തി കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളില്‍ ചരക്ക് സംഭരണം കുറച്ച് ആഭ്യന്തര ടയര്‍ വ്യവസായികള്‍. വ്യവസായികാടിസ്ഥാനത്തിൽ ഡിമാന്റ് മങ്ങിയത് മൂലം നാലാം ഗ്രേഡ് റബര്‍ വില ക്വിന്റ്റലിന് 100 രൂപ കുറഞ്ഞ് 18,500 രൂപയായി, അഞ്ചാം ഗ്രേഡ് 18200 രൂപയിലാണ് വിപണനം നടന്നത്. അതേസമയം പ്രമുഖ റബർ അവധി വ്യാപാര കേന്ദ്രമായ ജപ്പാന്‍ ഒസാക്കയില്‍ റബര്‍ നേട്ടത്തിലാണ്. ഈ ആഴ്ച റബര്‍ വില മൂന്നര ശതമാനം വര്‍ദ്ധിച്ച് കിലോ 336 രൂപയിലെത്തിച്ചു. റബര്‍ കയറ്റുമതി രാജ്യമായ തായ്ലന്‍ഡില്‍ കനത്ത മഴ തുടരുന്നതിനാല്‍ ടാപ്പിങ് പല ഭാഗങ്ങളിലും പൂര്‍ണ്ണമായി തടസപ്പെട്ടത് ഷീറ്റ് ക്ഷാമത്തിന് ഇടയാക്കാം. ബാങ്കോക്കില്‍ റബര്‍ വില കിലോക്ക് 193 രൂപയായി ഉയര്‍ന്നു.

ഏലം ഉല്‍പാദന മേഖലകളില്‍ നിന്നും ചരക്ക് വരവ് ഉയര്‍ന്ന തലത്തിലാണ്. ആഭ്യന്തര വിദേശ വാങ്ങലുകൾ സജീവമായതിനാൽ പരമാവധി ഏലക്ക വിറ്റുമാറാന്‍ സ്റ്റോക്കിസ്റ്റുകളും രംഗത്തുണ്ട്. അന്തര്‍സംസ്ഥാന ഇടപാടുകളിൽ ശരാശരി ഇനങ്ങളുടെ വില കിലോഗ്രാമിന് 2492 രൂപ വരെയായി. ലേലത്തിന് വന്ന 82,653 കിലോ ഏലക്കയില്‍ 76,816 കിലോയും വിറ്റഴിഞ്ഞു.

എണ്ണ വില കുറഞ്ഞു

നാളികേരത്തിന്റെ വില തളര്‍ച്ച രൂക്ഷമാണ്. ചുരുങ്ങിയ ദിവസങ്ങളില്‍ കൊപ്ര വില ക്വിന്റ്റലിന് 2600 രൂപ ഇടിഞ്ഞു. എണ്ണയ്ക്ക് 675 രൂപയാണ് താഴ്ന്നത്. വന്‍കിട മില്ലുകള്‍ കൊപ്ര സംഭരണം കുറച്ചത് വില ഇടിവിന്റെ ആക്കം ഇരട്ടിപ്പിക്കുന്നു. കൊച്ചിയില്‍ എണ്ണയ്ക്കും കൊപ്രയ്ക്കും 200 രൂപ വീതം കുറഞ്ഞു. അതേ സമയം ക്രിസ്തുമസ് അടുക്കുന്നതോടെ വില തിരിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ