image

17 Nov 2026 3:44 PM IST

Agriculture and Allied Industries

നിധിയായി ഉള്‍നാടന്‍ ജലാശയങ്ങള്‍; സാമ്പത്തിക നേട്ടത്തിന് പുതുവഴി

MyFin Desk

നിധിയായി ഉള്‍നാടന്‍ ജലാശയങ്ങള്‍;   സാമ്പത്തിക നേട്ടത്തിന് പുതുവഴി
X

Summary

ഇപ്പോള്‍ ഉള്‍നാടന്‍ ജലാശയങ്ങളിലെ വിളവ് ഹെക്ടറിന് വെറും 1.86 ടണ്‍ മാത്രമാണ്, സര്‍ക്കാര്‍ ലക്ഷ്യം ഹെക്ടറിന് 5 ടണ്‍ ആണ്


രാജ്യത്തെ ഗ്രാമങ്ങളിലെ കുളങ്ങളും ടാങ്കുകളും തടാകങ്ങളും ഇനി കോടികള്‍ ഒഴുകുന്ന സ്വര്‍ണഖനിയാകും! ജല്‍ജീവികയും ചേഞ്ച് എഞ്ചിനും ചേര്‍ന്ന് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടാണ് ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുന്ന ഈ വലിയ സാധ്യത തുറന്നുകാട്ടുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഉള്‍നാടന്‍ മത്സ്യോല്‍പാദനം 15 ദശലക്ഷം ടണ്ണില്‍ നിന്ന് 30 ദശലക്ഷം ടണ്ണായി ഇരട്ടിയാക്കാം. ഇതിലൂടെ 1.8 കോടി പുതിയ തൊഴിലവസരങ്ങളും 40 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 3.5 ലക്ഷം കോടി രൂപ) സാമ്പത്തിക വളര്‍ച്ചയും സൃഷ്ടിക്കാം. ഇന്ത്യ ഇതിനകം ലോകത്തെ രണ്ടാമത്തെ വലിയ മത്സ്യ ഉത്പാദക രാജ്യമാണ്. രാജ്യത്തെ 19.78 ദശലക്ഷം ടണ്‍ മത്സ്യോല്‍പാദനത്തിന്റെ 75%വും ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നാണ്.

വലിയ സാധ്യതയുണ്ടായിട്ടും ഇതുവരെ നാം ഉപയോഗിച്ചത് വളരെ കുറച്ച് മാത്രം! ഇപ്പോള്‍ ഉള്‍നാടന്‍ ജലാശയങ്ങളിലെ വിളവ് ഹെക്ടറിന് വെറും 1.86 ടണ്‍ മാത്രമാണ്, സര്‍ക്കാര്‍ ലക്ഷ്യം ഹെക്ടറിന് 5 ടണ്‍ ആണ്. ബീഹാര്‍, ഒഡീഷ, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ 5 സംസ്ഥാനങ്ങളില്‍ ഇന്ത്യയുടെ ഉള്‍നാടന്‍ ജലവിസ്തൃതിയുടെ പകുതിയോളം ഉണ്ടെങ്കിലും ഉല്‍പാദനം വെറും അഞ്ചിലൊന്ന് മാത്രം. ഇവിടുത്തെ വിളവ് 0.39 മുതല്‍ 0.97 ടണ്‍ വരെ മാത്രമാണ്. ഈ 5 സംസ്ഥാനങ്ങളില്‍ വിളവ് ഹെക്ടറിന് 2.5 ടണ്ണായി ഉയര്‍ത്തിയാല്‍ മാത്രം 2034-35 ഓടെ ലക്ഷ്യമിട്ട 30 ദശലക്ഷം ടണ്ണിന്റെ പകുതിയിലധികം കൈവരിക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഈ മേഖലയുടെ ഏറ്റവും വലിയ പ്രതീക്ഷ - ഇതിന് വലിയ ബോട്ടോ കോടികളുടെ നിക്ഷേപമോ വേണ്ട! സാധാരണ കുടുംബങ്ങള്‍ക്ക് സ്വന്തം കുളത്തിലും ഗ്രാമത്തിലെ ചെറിയ ജലസ്രോതസ്സുകളിലും മത്സ്യകൃഷി നടത്താം. ജോലി തേടി നഗരത്തിലേക്ക് പോകേണ്ട, ജോലി ഗ്രാമത്തില്‍ തന്നെ കിട്ടും. ഇപ്പോള്‍ 2.3 കോടി ആളുകള്‍ ഈ മേഖലയിലുണ്ട്, അതില്‍ 44% സ്ത്രീകളാണ്. മത്സ്യകൃഷി ചെയ്യുന്ന കുടുംബങ്ങള്‍ക്ക് വര്‍ഷം 60,000 മുതല്‍ 1.2 ലക്ഷം രൂപ വരെ വരുമാനം കിട്ടുന്നു. ഉല്‍പാദനത്തില്‍ ഓരോ 10% വര്‍ധനയും 8.2% തൊഴിലവസരങ്ങലുടെ വര്‍ധനവാണ് സൃഷ്ടിക്കുക.

ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എന്ത് വേണം? സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യബന്ധനം, ഗ്രാമവികസനം, പഞ്ചായത്ത്, റവന്യൂ, ജലവിഭവ വകുപ്പുകളെ ഒരുമിപ്പിച്ച് ജല ഉപജീവന ദൗത്യങ്ങള്‍ തുടങ്ങണമെന്നാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ശുപാര്‍ശ. ഹാച്ചറികള്‍ക്കും നഴ്‌സറികള്‍ക്കും 7,000 കോടി രൂപ വേണം, അതില്‍ സര്‍ക്കാര്‍ വിഹിതം PMMSY, FIDF പദ്ധതികളിലൂടെ 3,600 കോടി രൂപ. കോള്‍ഡ്-ചെയിന്‍ ശക്തിപ്പെടുത്തുക, കുളങ്ങള്‍ക്ക് സമുദായങ്ങള്‍ക്ക് ദീര്‍ഘകാല അവകാശം നല്‍കുക, വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നിവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. ഗ്രാമത്തിലെ ജലാശയങ്ങളില്‍നിന്ന് വരുമാനമുണ്ടാക്കുന്ന ഈ വഴി ഇന്ത്യയുടെ ഗ്രാമങ്ങളെ തന്നെ മാറ്റിമറിക്കും!