image

15 March 2026 1:21 PM IST

Agriculture and Allied Industries

ഇനി ഡാര്‍ജിലിംഗ് തേയില കിട്ടില്ലേ? 'ചായകളിലെ ഷാംപെയ്ന്‍' നേരിടുന്ന ആ വലിയ ഭീഷണി ഇതാണ്!

MyFin Desk

this is the big threat facing the champagne of teas
X

Summary

രണ്ടര പതിറ്റാണ്ട് മുമ്പ് 14 ദശലക്ഷം കിലോഗ്രാം ഉല്‍പ്പാദനമുണ്ടായിരുന്ന ഡാര്‍ജിലിംഗില്‍ ഇന്ന് അത് 6 ദശലക്ഷം കിലോ ഗ്രാമിലും താഴെയായി ചുരുങ്ങിയിരിക്കുകയാണ്. 2024, 2025 വര്‍ഷങ്ങളില്‍ ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത്


ലോകപ്രശസ്തമായ ഡാര്‍ജിലിംഗ് തേയില വ്യവസായം മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിലാവുന്നു. വ്യാവസായിക എല്‍പിജി വിതരണത്തില്‍ വന്ന തടസ്സം തോട്ടങ്ങളുടെ പ്രവര്‍ത്തനത്തെ നിശ്ചലമാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയത് ഡാര്‍ജിലിംഗ് ടീ അസോസിയേഷനാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം എണ്ണക്കമ്പനികള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രമായി എല്‍പിജി പരിമിതപ്പെടുത്തുന്നത് പശ്ചിമ ബംഗാളിലെ തേയില ഫാക്ടറികളെ നേരിട്ട് ബാധിക്കുകയാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പരിസ്ഥിതി സൗഹൃദപരമായ മാറ്റത്തിന്റെ ഭാഗമായി ഭൂരിഭാഗം തേയില ഫാക്ടറികളും കല്‍ക്കരി ഉപേക്ഷിച്ച് എല്‍പിജി ഇന്ധനത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ധനലഭ്യത കുറയുന്നത് 55,000-ത്തോളം സ്ഥിരം തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗ്ഗത്തിന് ഭീഷണിയായിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഡിമാന്‍ഡുള്ള 'ഫസ്റ്റ് ഫ്‌ലഷ്' സീസണ്‍ അടുത്തുനില്‍ക്കെ, ഇന്ധനക്ഷാമം ഉണ്ടായാല്‍ അത് വ്യവസായത്തിന് കനത്ത തിരിച്ചടിയാകും.

രണ്ടര പതിറ്റാണ്ട് മുമ്പ് 14 ദശലക്ഷം കിലോഗ്രാം ഉല്‍പ്പാദനമുണ്ടായിരുന്ന ഡാര്‍ജിലിംഗില്‍ ഇന്ന് അത് 6 ദശലക്ഷം കിലോ ഗ്രാമിലും താഴെയായി ചുരുങ്ങിയിരിക്കുകയാണ്. 2024, 2025 വര്‍ഷങ്ങളില്‍ ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിലെ കണക്കനുസരിച്ച് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.79 ശതമാനത്തിന്റെ കുറവ് ഉല്‍പ്പാദനത്തില്‍ കാണുന്നുണ്ട്. കാലപ്പഴക്കം ചെന്ന തേയിലച്ചെടികള്‍ കൃത്യസമയത്ത് മാറ്റി നടാത്തത് ഈ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ വിപണിയില്‍ നേപ്പാളില്‍ നിന്നുള്ള വില കുറഞ്ഞ തേയിലയുടെ കടന്നുകയറ്റം ഡാര്‍ജിലിംഗ് തേയിലയുടെ പ്രതാപത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. സമാനമായ രുചിയും ഗന്ധവുമുള്ള നേപ്പാളി തേയില വിപണി കൈയടക്കുന്നത് മൂലം ഒറിജിനല്‍ ഡാര്‍ജിലിംഗ് തേയിലയുടെ വില വലിയ തോതില്‍ ഇടിയുകയാണ്. ഈ ആഭ്യന്തര വെല്ലുവിളികള്‍ക്കിടയിലേക്കാണ് ഇപ്പോള്‍ ഇന്ധന പ്രതിസന്ധി കൂടി വന്നെത്തിയിരിക്കുന്നത്.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ടീ ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന് അസോസിയേഷന്‍ കത്തയച്ചു കഴിഞ്ഞു. തേയില ഫാക്ടറികളിലേക്ക് തടസ്സമില്ലാതെ വ്യാവസായിക എല്‍പിജി വിതരണം ഉറപ്പാക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ലോകമെമ്പാടുമുള്ള ചായ പ്രേമികളുടെ പ്രിയപ്പെട്ട 'ഷാംപെയ്ന്‍ ഓഫ് ടീ'യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്.