20 May 2026 7:11 PM IST
Cocoa Market Price: ചോക്ലേറ്റ് നിർമ്മാതാക്കൾക്ക് മധുരം കൂടും; ഐവറി കോസ്റ്റ് റിപ്പോർട്ട് പുറത്ത്
MyFin Desk
Summary
ഉൽപാദനം ഉയരുമെന്ന സൂചനയിൽ ആഗോള വിപണി കുലുങ്ങി
ലോക കൊക്കോ വിപണിയെ ഞെട്ടിച്ച് ഐവറി കോസ്റ്റിന്റെ പുതിയ ഉൽപാദന കണക്കുകൾ. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉൽപാദക രാജ്യമായ ഐവറി കോസ്റ്റ്, നടപ്പ് സീസണിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് ലഭിക്കുമെന്ന സൂചന നൽകിയതോടെ രാജ്യാന്തര വിപണിയിൽ കൊക്കോ വില കുത്തനെ ഇടിഞ്ഞു. അഞ്ച് ദിവസത്തിനിടെ ടണ്ണിന് ഏകദേശം 1000 ഡോളർ വരെ കുറഞ്ഞ് കൊക്കോ വില 3767 ഡോളറിലെത്തി.
ഈ വില ഇടിവ് ആഗോള ചോക്ലേറ്റ് നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും വലിയ ആശ്വാസമായപ്പോൾ, മറ്റ് കൊക്കോ ഉൽപാദക രാജ്യങ്ങൾക്ക് തിരിച്ചടിയായി മാറുകയാണ്. ഉയർന്ന വില പ്രതീക്ഷിച്ച് കാത്തിരുന്ന കർഷകരും കയറ്റുമതിക്കാരും ആശങ്കയിലാണ്.
അതേസമയം, കാലാവസ്ഥാ വ്യതിയാന ഭീഷണികൾ വിപണിയെ വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. ജൂൺ വരെ സൂപ്പർ എൽ നിനോ പ്രതിഭാസം ശക്തമാകുകയാണെങ്കിൽ പശ്ചിമ ആഫ്രിക്കയിൽ വരണ്ട കാലാവസ്ഥ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് ഒക്ടോബറിലെ കൊക്കോ വിളവിനെ ഗണ്യമായി ബാധിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എൽ നിനോയുടെ ആഘാതം ശക്തമായാൽ വരും മാസങ്ങളിൽ കൊക്കോ വില വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. കേരളത്തിൽ ഇപ്പോൾ കൊക്കോ വില സ്ഥിരത പുലർത്തുകയാണ്. സംസ്ഥാനത്ത് കൊക്കോ പരിപ്പിന്റെ വില കിലോയ്ക്ക് 310 രൂപ നിരക്കിലാണ് തുടരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
