18 Nov 2025 1:53 PM IST
മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ആദ്യ രണ്ട് സ്ഥാനവും കേരളത്തിന്
Swarnima Cherth Mangatt
Summary
കേന്ദ്രം ദേശീയ ഗോപാല്‍ രത്ന അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു
2025-ലെ ദേശീയ ഗോപാല്‍ രത്ന അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്. മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ആദ്യ രണ്ട് സ്ഥാന കേരളം സ്വന്തമാക്കി. ഒന്നാം സ്ഥാനം വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘം നേടി. രണ്ടാം സ്ഥാനം പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപ്പതി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ്.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് ഒന്നാം സമ്മാനം. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് രണ്ടാം സമ്മാനമായി ലഭിക്കുക. കന്നുകാലി, ക്ഷീര മേഖലകളിലെ ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതികളില്‍ ഒന്നാണ് ദേശീയ ഗോപാല്‍ രത്ന അവാര്‍ഡ് .
ദേശീയ ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി 2025 നവംബര്‍ 26-ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിയും പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയുമായ രാജീവ് രഞ്ജന്‍ സിങാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
കര്‍ഷകരില്‍നിന്ന് ദിവസേന പാല്‍ സംഭരിക്കുക എന്ന ദൗത്യത്തില്‍മാത്രം പ്രവര്‍ത്തനം പരിമിതപ്പെടുത്താതെയുള്ള ഇടപെടലുകളാണ് വയനാട് മീനങ്ങാടി ക്ഷീരസഹകരണസംഘത്തിന്റെ നേട്ടത്തിന് പിന്നില്‍. വര്‍ഷം മുഴുവനും പാലിന് പ്രോത്സാഹനവില നല്‍കുന്നതുമുതല്‍ സ്വന്തമായി മൃഗാശുപത്രിവരെയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘം നടത്തി വരുന്നത്.
പാല്‍ അളക്കുന്ന കര്‍ഷകരുടെ പശുക്കള്‍ക്ക് ഏതെങ്കിലുംതരത്തിലുള്ള അസുഖങ്ങള്‍ പിടിപെട്ടാല്‍ ഏറ്റവും വേഗത്തില്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സ്വന്തമായി ഒരു മൃഗാശുപത്രിയുണ്ട്. ഡോക്ടര്‍ വീട്ടിലെത്തിയും ചികിത്സ നല്‍കും. ക്ലിനിക്കിനോടനുബന്ധിച്ച് വെറ്ററിനറി ലാബും മരുന്നുകള്‍ക്ക് മേന്മ വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുമുണ്ട്. സബ്‌സിഡിനിരക്കില്‍ മരുന്നുകള്‍ ലഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
