4 March 2026 1:12 PM IST
Tea Export: പശ്ചിമേഷ്യയില്‍ യുദ്ധം:കേരളത്തിലെ തോട്ടം മേഖലയില്‍ ആശങ്ക
MyFin Desk
Summary
തേയില,കാപ്പി,ഏലം കയറ്റുമതിയെ ബാധിക്കുമെന്ന് വിപണി വിദഗ്ധര്‍
സംസ്ഥാനത്തെ തോട്ടം മേഖലയെ പശ്ചിമേഷ്യന്‍ യുദ്ധം താറുമാറാക്കുമെന്ന് വിലയിരുത്തല്‍. കയറ്റുമതിയെ ബാധിക്കുന്നതിനാല്‍ കര്‍ഷകരും വലിയ നിരാശയിലാണ്. റബറിന്റെ അന്താരാഷ്ട്ര വിലയിലെ വ്യതിയാനം ആഭ്യന്തര വിപണിയേയും ബാധിക്കും.
ഹോര്‍മുസ് കടലിടുക്കുവഴിയുള്ള തേയില വ്യാപാരത്തെ വലിയ രീതിയില്‍ സംഘർഷം ബാധിക്കും. രാജ്യത്തുനിന്നുള്ള തേയില കയറ്റുമതിയുടെ 45 മുതല്‍ 50 ശതമാനം വരെ മധ്യ-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. ഇറാഖിലേക്ക് കഴിഞ്ഞ വര്‍ഷം 52.59 ദശലക്ഷം കിലോഗ്രാം തേയില കയറ്റുമതി ചെയ്തിരുന്നു. യുഎഇയിലേക്ക് 52.71 ദശലക്ഷം കിലോയും ഇറാനിലേക്ക് 11.25 ദശലക്ഷം കിലോയും സൗദിയിലേക്ക് 7.94 ദശലക്ഷം കിലോയും തേയില കയറ്റിഅയച്ചിരുന്നു.
ആശങ്ക ഒഴിയാതെ മറ്റ് മേഖലകളും
അമേരിക്ക,റഷ്യ എന്നിവിടങ്ങളിലും ഇന്ത്യന്‍ തേയിലയ്ക്ക് വന്‍ ഡിമാന്റാണുള്ളത്. 2015 നു ശേഷം ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞെങ്കിലും യുദ്ധം ഇതിന് ആക്കം കൂട്ടുമെന്നാണ് ആശങ്ക. ഉയര്‍ന്ന ഉല്‍പാദനച്ചെലവും യൂറോപ്പ്,മധ്യ കിഴക്കന്‍ വിപണികളിലെ സാമ്പത്തികമാന്ദ്യവും തോട്ടം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
തേയില കർഷകർ മാത്രമല്ല കയറ്റുമതി മേഖല ഒന്നടങ്കം പ്രതിസന്ധിയിലാണ്. കേരളത്തിൽ നിന്ന് സമുദ്രമാർഗമുള്ള കയറ്റുമതിയുടെ 30 ശതമാനവും ഗൾഫ് മേഖലയിലേക്കാണ്. കാർഷികോൽപ്പന്നങ്ങളും ഭക്ഷ്യ വിഭവങ്ങളും സമുദ്രോൽപ്പന്നങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. ഗൾഫ് മേഖലയിലേക്ക് അയക്കേണ്ടിയിരുന്ന ചരക്കുകൾ ഒന്നും അയക്കാനാകാത്തത് ഈ മേഖലയെ താറുമാറാക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
