image

16 Sept 2026 12:42 PM IST

Agriculture and Allied Industries

അടുക്കള ബജറ്റ് തകരുന്നു; അരിവില കത്തിക്കയറി, എന്നു വില കുറയും?

MyFin Desk

kitchen budget in disarray, rice prices skyrocket, when will they come down
X

Summary

ഗള്‍ഫ് രാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയില്‍ നിന്ന് അരി വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം


വീട്ടിലെ അരിപ്പാത്രം കാലിയാകുമ്പോള്‍ വില കേട്ട് ഞെട്ടേണ്ടി വരും. ബസുമതിക്കും സാധാരണ അരിക്കും ഒരുപോലെ വില കുതിച്ചുയരുകയാണ്. യുഎസ്-ഇറാന്‍ യുദ്ധ പിരിമുറുക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയില്‍ നിന്ന് അരി വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഇതിനൊപ്പം ദക്ഷിണേന്ത്യയില്‍ മഴ കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ ക്ഷാമം സൃഷ്ടിച്ചു.

കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ ബസുമതി വില 15-20% കൂടി. സാധാരണക്കാരന്റെ സോന മസൂരിക്ക് 20-25% വര്‍ധനവാണ്. 51 രൂപയുണ്ടായിരുന്ന അരിക്ക് ഇപ്പോള്‍ 64 രൂപ നല്‍കണം. 'വില ഉടന്‍ കുറയില്ല, പുതിയ വിള വരാന്‍ 2-3 മാസം കൂടിയെടുക്കും'എന്ന് റൈസ് വില്ല ഗ്രൂപ്പ് സിഇഒ സൂരജ് അഗര്‍വാള്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര വിപണിയിലും വില വർധന

കയറ്റുമതി കുതിച്ചുയരുകയാണ്. 2026ല്‍ ഇന്ത്യ 154 രാജ്യങ്ങളിലേക്ക് 6.52 ദശലക്ഷം ടണ്‍ ബസുമതി കയറ്റുമതി ചെയ്തു. സൗദി അറേബ്യയിലേക്കാണ് ഏറ്റവുമധികം കയറ്റുമതി. ഗള്‍ഫിലെ ഷിപ്പിംഗ് തടസ്സം പോലും ഡിമാന്‍ഡ് കുറച്ചില്ല, മറിച്ച് ആവശ്യം വൈകിപ്പിക്കുക മാത്രമാണ് ചെയ്തത്. '2025ലെ വിളവ് വേഗം തീര്‍ന്നു, ഒക്ടോബറിലെ വിളവ് വരെ മാര്‍ക്കറ്റ് ഇങ്ങനെ മുറുകി തന്നെ നില്‍ക്കും,' എന്ന് കെആര്‍ബിഎല്‍ ലിമിറ്റഡിന്റെ അക്ഷയ് ഗുപ്ത പറഞ്ഞു.

ആഭ്യന്തര വിപണിയിലും സര്‍ക്കാര്‍ വാങ്ങലും മഴക്കുറവും തിരിച്ചടിയായി. പൊതുവിതരണത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ അരി വാങ്ങുന്നതും വില കൂട്ടുന്നു. തെലങ്കാന പിഡിഎസ് വഴി ബസുമതി ഇതര അരി നല്‍കുന്നുണ്ട്, എന്നാല്‍ ആന്ധ്ര, കര്‍ണാടക, തെലങ്കാനയില്‍ മഴ കുറഞ്ഞത് വിപണിയെ കൂടുതല്‍ മുറുക്കി. അതുകൊണ്ട് അടുത്ത ഖാരിഫ് വിളവെടുപ്പായ ഒക്ടോബര്‍-നവംബര്‍ വരെ സാധാരണക്കാരന് ആശ്വാസമില്ല, അരിവില ഇനിയും കത്തിക്കയറും.