image

28 Dec 2025 1:44 PM IST

Agriculture and Allied Industries

Kuttanad Duck ; ഇന്ത്യയില്‍ ഏറ്റവും വികച്ച താറാവിനം ; കുട്ടനാടന്‍ താറാവുകള്‍; വര്‍ഷത്തില്‍ 200 മുട്ടകള്‍, മികച്ച വരുമാനം

MyFin Desk

Kuttanad  Duck ; ഇന്ത്യയില്‍ ഏറ്റവും വികച്ച താറാവിനം ; കുട്ടനാടന്‍ താറാവുകള്‍; വര്‍ഷത്തില്‍ 200 മുട്ടകള്‍, മികച്ച വരുമാനം
X

Summary

കേരളത്തിന്റെ സ്വന്തം കുട്ടനാടന്‍ താറാവുകള്‍ക്ക് ഇന്ത്യയിലെ ഔദ്യോഗിക നാടന്‍ താറാവിനമായി അംഗീകാരം ലഭിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലെ നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സസ് ആണ് രാജ്യത്തിന്റെ ഏഴാമത്തെ താറാവിനമായി കുട്ടനാടന്‍ താറാവുകളെ അംഗീകരിച്ച് വിജ്ഞാപനം ഇറക്കിയത്.


വെറ്ററിനറി സര്‍വകലാശാല, മൃഗ സംരക്ഷണ വകുപ്പ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി നടന്ന ഗവേഷണങ്ങളുടെയും ഏകോപന പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിട്ടാണ് കുട്ടനാടന്‍ താറാവുകള്‍ക്ക് ഈ നേട്ടം ലഭിച്ചത്. നിലവില്‍ രാജ്യത്ത് പാറ്റി, മൈഥിലി, ആന്റമാനി, ത്രിപുരേശ്വരി എന്നിങ്ങനെ നാല് അംഗീകൃത താറാവിനങ്ങളാണ് ഉണ്ടായിരുന്നത്. പുതുതായി കോഡോ, കുടു, കുട്ടനാട്, മണിപ്പുരി, നാഗി എന്നിങ്ങനെ അഞ്ച് താറാവിനങ്ങള്‍ക്ക് കൂടിയാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഇന്ത്യയുടെ അംഗീകൃത തദ്ദേശീയ ജനുസ്സാകുന്നത്തോടെ സര്‍ക്കാര്‍ പദ്ധതികളിലെ അര്‍ഹത, ഗവേഷണത്തിനുള്ള ധന സഹായം, ഭൗമിക അവകാശം, ശാസ്ത്രീയമായ എണ്ണം രേഖപ്പെടുത്തല്‍ എന്നിവ സാധ്യമാകും. കൂടാതെ ഇവയുടെ വിപണി മൂല്യം ഉയരുകയും, ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ സാധ്യത സ്വീകാര്യത ലഭിക്കുകയും ചെയ്യും.

കേരളത്തിന്റെ സ്വന്തം താറാവ്

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാനമായും കുട്ടനാടന്‍ താറാവുകളെ പരിപാലിച്ചു പോരുന്നത്. ഏതാണ്ട് പതിനെട്ടു ലക്ഷത്തോളം കുട്ടനാടന്‍ താറാവുകള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. തവിട്ടു നിറത്തില്‍ കറുപ്പ് നിറങ്ങള്‍ കൂടുതലുള്ള 'ചാര', ഇളം തവിട്ടു നിറത്തിലുള്ള 'ചെമ്പല്ലി' എന്നിങ്ങനെ രണ്ട് ഉപ ഇനങ്ങളായാണ് കുട്ടനാടന്‍ താറാവുകള്‍ കാണപ്പെടുന്നത്. ശരാശരി 1.6 കിലോ മുതല്‍ 2 കിലോ തൂക്കം വരെ വരുന്ന കുട്ടനാടന്‍ താറാവുകള്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉല്‍പാദന ക്ഷമതയുള്ള നാടന്‍ താറാവിനമാണ്.

വര്‍ഷത്തില്‍ ഇരുനൂറില്‍ പരം മുട്ടകളിടുന്ന ഇവ ഇറച്ചിക്കും മുട്ടയ്ക്കും ഒരു പോലെ പ്രസിദ്ധമാണ്. ഇവയുടെ മുട്ടകള്‍ വലുപ്പമേറിയതും ശരാശരി 70 ഗ്രാം ഭാരമുള്ളവയുമാണ്. നെല്ലറകളും തണ്ണീര്‍ തടങ്ങളും നിറയെയുള്ള കേരളത്തിന്റെ കാലാവസ്ഥയില്‍ നെല്‍പാടങ്ങളും-താറാവു വളര്‍ത്തലും ചേര്‍ന്നുള്ള സമ്മിശ്ര കൃഷി രീതിയായാണ് കുട്ടനാടന്‍ താറാവു കൃഷി നിലനിന്നു പോരുന്നത്. ദിവസവും വരുമാനം ലഭിക്കുന്ന സംരംഭമാണ് താറാവുവളര്‍ത്തല്‍.


കുട്ടനാട് താറാവുകളോടൊപ്പം അംഗീകാരം ലഭിച്ച മറ്റിനങ്ങളാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള കോഡോ, ഒഡീഷയില്‍ നിന്നുള്ള കുടു, മണിപ്പുരിന്റെ മണിപ്പുരി, അസമില്‍ നിന്നുള്ള നാഗി എന്നിവ. വര്‍ഷം 90 മുട്ടകള്‍ മാത്രമാണ് കോഡോയുടെ ഉല്‍പാദന ക്ഷമത. എന്നാല്‍ മണിപ്പുരിക്ക് 130, കുടുവിനു 149, നാഗിക്ക് 180 മുട്ടകള്‍ എന്നിങ്ങനെ ഉല്‍പാദന ക്ഷമതയുണ്ട്.