image

9 Nov 2026 1:42 PM IST

Agriculture and Allied Industries

ഗോതമ്പിനും പാലിനും വില കുറഞ്ഞു; ആഗോള ഭക്ഷ്യവില താഴേക്ക്; പഞ്ചസാരയ്ക്ക് കുതിപ്പ്

MyFin Desk

ഗോതമ്പിനും പാലിനും വില കുറഞ്ഞു; ആഗോള ഭക്ഷ്യവില താഴേക്ക്; പഞ്ചസാരയ്ക്ക് കുതിപ്പ്
X

Summary

ആഗോള ധാന്യ ഉല്‍പ്പാദനം 2,999 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് എഫ്.എ.ഒയുടെ പ്രവചനം.


ആഗോള വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ കുറവ്. ഗോതമ്പ്, പാലുല്‍പ്പന്നങ്ങള്‍, മാംസം എന്നിവയുടെ വില താഴ്ന്നതോടെ ഒക്ടോബറില്‍ ആഗോള ഭക്ഷ്യവില സൂചിക 1.2 ശതമാനം കുറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയായ എഫ്.എ.ഒയുടെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, പഞ്ചസാരയുടെയും ചില സസ്യ എണ്ണകളുടെയും വിലയില്‍ വര്‍ധനയുണ്ടായി.

ഭക്ഷ്യവില സൂചിക 133.9 ല്‍

ആഗോളതലത്തില്‍ വ്യാപാരം നടക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കളുടെ വിലയിലെ മാറ്റങ്ങള്‍ കണക്കാക്കുന്ന എഫ്.എ.ഒ ഫുഡ് പ്രൈസ് ഇന്‍ഡക്‌സ് ഒക്ടോബറില്‍ 133.9 പോയിന്റിലെത്തി. സെപ്റ്റംബറിലെ 135.6 പോയിന്റില്‍ നിന്ന് 1.6 പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്, അതായത് 1.2 ശതമാനം ഇടിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സൂചിക ഇപ്പോഴും 5.9 ശതമാനം ഉയര്‍ന്ന നിലയിലാണ്. 2022 മാര്‍ച്ചിലെ റെക്കോര്‍ഡ് ഉയരത്തേക്കാള്‍ 16.4 ശതമാനം താഴെയുമാണ് നിലവിലെ സൂചിക.

ഗോതമ്പ് വിലയില്‍ ഇടിവ്

ധാന്യവില സൂചികയില്‍ ഒക്ടോബറില്‍ 4.5 ശതമാനം കുറവുണ്ടായി. തുടര്‍ച്ചയായി നാല് മാസം വര്‍ധന രേഖപ്പെടുത്തിയതിന് ശേഷമാണ് ആഗോള ഗോതമ്പ് വില താഴുന്നത്. രാജ്യാന്തര വിപണിയിലെ ആവശ്യകത കുറഞ്ഞതും അര്‍ജന്റീന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉല്‍പ്പാദന സാധ്യത മെച്ചപ്പെട്ടതുമാണ് പ്രധാന കാരണങ്ങള്‍. കരിങ്കടല്‍ മേഖലയിലെ കയറ്റുമതി തടസ്സങ്ങള്‍ കുറയുമെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമായി.

സെപ്റ്റംബറില്‍ മൂന്ന് വര്‍ഷത്തെ ഉയരത്തിലെത്തിയ ചോളം വിലയിലും കുറവുണ്ടായി. അമേരിക്കയിലെ വിളവെടുപ്പും തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ലഭ്യത വര്‍ധിക്കുമെന്ന പ്രതീക്ഷയുമാണ് ഇതിന് പിന്നില്‍. എന്നാല്‍ അരിയുടെ വിലയില്‍ 1.6 ശതമാനം വര്‍ധനയുണ്ടായി. ചില കയറ്റുമതി രാജ്യങ്ങളിലെ വിളവെടുപ്പ് വൈകിയതും പ്രതികൂല കാലാവസ്ഥയും ഉയര്‍ന്ന ചെലവുകളും ഇതിന് കാരണമായി.

പാലുല്‍പന്നങ്ങള്‍ക്കും വില കുറഞ്ഞു

എഫ്.എ.ഒയുടെ പാലുല്‍പ്പന്ന വില സൂചിക ഒക്ടോബറില്‍ 1.1 ശതമാനം കുറഞ്ഞു. വെണ്ണയുടെയും ചീസിന്റെയും രാജ്യാന്തര വിലയിലുണ്ടായ ഇടിവാണ് പ്രധാന കാരണം. വിപണിയില്‍ ലഭ്യത കൂടുതലായതും വാങ്ങല്‍ താല്‍പര്യം കുറഞ്ഞതും വിലയെ സ്വാധീനിച്ചു. അതേസമയം, പാല്‍പ്പൊടിയുടെ വിലയില്‍ വര്‍ധനയുണ്ടായി.

മാംസവില സൂചികയിലും 1.2 ശതമാനം കുറവുണ്ടായി. പന്നിയിറച്ചി, ആട്ടിറച്ചി, ബീഫ് എന്നിവയുടെ വില താഴ്ന്നതാണ് ഇതിന് കാരണം. കോഴിയിറച്ചിയുടെ വിലയില്‍ വലിയ മാറ്റമുണ്ടായില്ല.

പഞ്ചസാരയ്ക്ക് വിലക്കുതിപ്പ്

മറ്റ് പ്രധാന ഭക്ഷ്യവിഭാഗങ്ങളില്‍ വില കുറഞ്ഞപ്പോഴും പഞ്ചസാരയുടെ വില തുടര്‍ച്ചയായി നാലാം മാസവും ഉയര്‍ന്നു. ഒക്ടോബറില്‍ 6.6 ശതമാനം വര്‍ധിച്ച പഞ്ചസാര വില സൂചിക 2024 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ബ്രസീലിലെ പ്രധാന കരിമ്പ് ഉല്‍പ്പാദന മേഖലയിലുണ്ടായ മഴയും വിളവെടുപ്പിലെയും സംസ്‌കരണത്തിലെയും തടസ്സങ്ങളുമാണ് വില ഉയരാന്‍ പ്രധാന കാരണം. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ ഉല്‍പ്പാദന സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും വിലയെ സ്വാധീനിച്ചു. സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ വില ഉയര്‍ന്നതോടെ സസ്യ എണ്ണ വില സൂചികയിലും 0.3 ശതമാനം നേരിയ വര്‍ധന രേഖപ്പെടുത്തി.

അതേസമയം 2026ലെ ആഗോള ധാന്യ ഉല്‍പ്പാദനം 2,999 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് എഫ്.എ.ഒയുടെ പ്രവചനം. 2025ലെ റെക്കോര്‍ഡ് ഉല്‍പ്പാദനത്തേക്കാള്‍ കുറവാണെങ്കിലും ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നിലയാണിത്. 2026-27 സീസണില്‍ ആഗോള ധാന്യ വ്യാപാരം 3.3 ശതമാനം കുറഞ്ഞ് 507.7 ദശലക്ഷം ടണ്ണാകുമെന്നും സംഘടന വിലയിരുത്തുന്നു.

ആഗോള ഭക്ഷ്യവിലയില്‍ പ്രതിമാസ കുറവുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില ഉയര്‍ന്നുതന്നെയാണ്. അതിനാല്‍ ഈ ഇടിവ് ഭക്ഷ്യവിപണിയിലെ വിലക്കയറ്റ സമ്മര്‍ദം പൂര്‍ണമായി മാറിയെന്ന സൂചനയായി കാണാനാകില്ല.