image

13 Sept 2023 4:00 PM IST

Agriculture and Allied Industries

കാലാവസ്ഥ ചതിച്ചു; കയ്പ്പുനീരിറക്കുമോ പഞ്ചസാര ഉത്പാദനം?

Kochi Bureau

weather cheated sugar production decrease
X

Summary

  • ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി പഞ്ചസാര കയറ്റുമതിക്ക് നിരോധനം വന്നേക്കാം.


പഞ്ചസാര ഉത്പാദനത്തില്‍ പ്രതീക്ഷ ഇടിഞ്ഞ് മഹാരാഷ്ടയിലെ കര്‍ഷകര്‍. 2023-24 വിള വര്‍ഷത്തില്‍ 14 ശതമാനം ഉത്പാദനം കുറയുമെന്നാണ് വിലയിരുത്തല്‍. ഏറ്റവും കടുത്ത വരള്‍ച്ചക്കാണ് ഓഗ്‌സറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നാണ് വ്യവസായ മേഖല വ്യക്തമാക്കുന്നത്. കുറഞ്ഞ ഉത്പാദനം ഭക്ഷ്യ വിലക്കയറ്റം വര്‍ധിപ്പിക്കും. ഇത് പഞ്ചസാര കയറ്റുമതി ചെയ്യുന്നതില്‍ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ കാരണമാകും. ആഗോള പഞ്ചസാര വിപണിയെ പോലും സ്വാധീനിക്കുന്ന മഹാരാഷ്ടയിൽ ഓഗസ്റ്റില്‍ സാധാരണയേക്കാള്‍ 59 ശതമാനം കുറവാണ് മഴ ലഭിച്ചത്.

ഉയര്‍ന്ന ആഭ്യന്തര വില ബല്‍റാംപൂര്‍ ചിനി, ദ്വാരകേഷ് ഷുഗര്‍, ശ്രീ രേണുക ഷുഗര്‍, ഡാല്‍മിയ ഭാരത് ഷുഗര്‍ തുടങ്ങിയ ഉത്പാദകര്‍ക്ക് മാര്‍ജിന്‍ മെച്ചപ്പെടുത്തും. ഇതുമൂലം കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിക്കും.

ഇന്ത്യയിലെ പഞ്ചസാര ഉത്പാദനത്തിന്റെ മൂന്നിലൊന്നും വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. 2023-24 സീസണില്‍ ഒന്‍പത് ദശലക്ഷം മെട്രിക് ടണ്‍ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതലാണ് വിള വര്‍ഷം ആരംഭിക്കുന്നത്. മിക്കവാറും എല്ലാ ജില്ലകളിലും വിളകളുടെ വളര്‍ച്ച മുരടിക്കുകയാണെന്നും. കരിമ്പിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ ഒന്നും ഫലപ്രദമായ മഴ ലഭിക്കാത്തതാണ് കാരണെമന്നും വെസ്റ്റ് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിബി തോംബാരെ പറഞ്ഞു.

'നീണ്ടനില്‍ക്കുന്ന വരള്‍ച്ചയും ഉയര്‍ന്ന താപനിലയും കാരണം ഈ വര്‍ഷം കരിമ്പിന്റെ വിളവ് കുറയുമെന്ന് അവലോകന യോഗത്തില്‍ പഞ്ചസാര മില്ലുകളുടെ പ്രതിനിധികള്‍ തന്നെ അറിയിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താന്‍ വിളയ്ക്ക് സെപ്റ്റംബറില്‍ നല്ല മഴ ആവശ്യമാണ്,' മഹാരാഷ്ട്രയിലെ പഞ്ചസാര കമ്മീഷണര്‍ ചന്ദ്രകാന്ത് പുല്‍കുന്ദ്വാര്‍ പറഞ്ഞു.

2021-22 ല്‍ 13.7 ദശലക്ഷം ടണാണ് മഹാരാഷ്ട്രയില്‍ ഉത്പാദിപ്പിച്ചത്. ഇത് മൂലം 11.2 ദശലക്ഷം ടണ്‍ കയറ്റുമതിയാണ് രാജ്യത്തിന് സാധിച്ചത്. 2022-23 വിളവര്‍ഷത്തില്‍ മഹാരാഷ്ട്രയുടെ ഉല്‍പ്പാദനം 10.5 ദശലക്ഷം ടണ്ണായി കുറഞ്ഞതോടെ ഇന്ത്യയുടെ കയറ്റുമതി 6.1 ദശലക്ഷം ടണ്ണായി ചുരുക്കി.