image

6 Feb 2026 3:19 PM IST

Agriculture and Allied Industries

Thenga Coco Success Story : ചിരട്ടയിൽ നിന്ന് ഒരു കോടി രൂപ, മാസല്ലേ തേങ്ങ കൊക്കോ

MyFin Desk

Thenga Coco Success Story : ചിരട്ടയിൽ നിന്ന് ഒരു കോടി രൂപ, മാസല്ലേ തേങ്ങ കൊക്കോ
X

Summary

മുടക്കുമുതൽ വെറും 4000 രൂപ. ചിരട്ടയിൽ നിന്ന് യുവ സംരംഭകയായ മരിയ കുര്യാക്കോസ് നേടിയത് ഒരു കോടി രൂപ. പരിസ്ഥിതി സൗഹാ‍ർദ്ദപരമായ ചെറു ബിസിനസുകളിൽ നിന്ന് ലാഭം നേടണമെന്ന് ആ​ഗ്രഹിക്കുന്നവ‍ർക്ക് മാതൃകയാക്കാവുന്ന കിടിലൻ ഒരു പാലക്കാടൻ മോഡൽ.


തേങ്ങ ഉപയോഗിച്ച ശേഷം പാഴാക്കി കളയുന്ന ചിരട്ടയിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ചിരട്ടയിൽ നിന്ന് ഒരു കോടി രൂപ വരെ വരുമാനമുണ്ടാക്കിയ ഒരു യുവ സംരംഭകയുണ്ട് കേരളത്തിൽ. പാലക്കാട് സ്വദേശിയായ മരിയ കുര്യാക്കോസ്.

ചിരട്ട ഉൽപ്പന്നങ്ങൾ ഉപയോ​ഗിച്ച് പാത്രങ്ങൾ, ​ഗ്ലാസുകൾ, തവികൾ, കരകൗശല വസ്തുക്കൾ എന്നിവയെല്ലാം തീ‍ർക്കുന്നതാണ് മരിയയുടെ സംരംഭം. മുംബൈയിലെ ജോലി ഉപേക്ഷിച്ച് വെറും 4000 രൂപ മുടക്കുമുതലിൽ ആരംഭിച്ച ഇക്കോ-സ്റ്റാർട്ടപ്പ് ഒരു കോടി രൂപയിലധികം വാ‍ർഷിക വരുമാനം നേടിയത് വാ‍ർത്തയായിരുന്നു.

നിരവധി സ്ത്രീകൾക്കും തൊഴിൽ നൽകുന്നുണ്ട്. മാലിന്യമായി കണക്കാക്കുന്ന ചിരട്ടകളിൽ നിന്ന് വരുമാനമുണ്ടാക്കുന്ന തേങ്ങ കൊക്കൊ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ ഒരു ബ്രാൻഡായി മാറി.പരമ്പരാ​ഗത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരം ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങൾ എങ്ങനെ ഉപയോ​ഗിക്കാനാകും എന്ന ചിന്തയിൽ നിന്നാണ് ഈ സംരംഭത്തിൻ്റെ പിറവി.

നാൽപ്പതിലധികം ഉൽപ്പന്നങ്ങൾ

പൂർണമായും ഹാൻഡ് ക്രാഫ്റ്റ് ചെയ്ത ഉൽപ്പന്നങ്ങളാണ്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമുണ്ട് വിൽപ്പന. കിച്ചൺ വെയർ, ടേബിൾ വെയർ, ഡെക്കോർ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ 40 ഓളം ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. വളരെ ചെറിയ തുടക്കമായിരുന്നെങ്കിലും മികച്ച ഓ‍ർഡറുകളും ജനപ്രീതിയുമൊക്കെ മൂലം സംരംഭം വള‍ർന്നു.

ആമസോൺ, ജിയോ മാർട്ട്, ഫസ്റ്റ് ക്രൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഒക്കെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. വിദേശ രാജ്യങ്ങളിൽ നിന്നുപോലും പിന്നീട് ഓ‍ർഡറുകൾ ലഭിച്ചു. പ്രതിമാസം 4,000–5,000 ഉൽ‌പ്പന്നങ്ങൾ വരെ വിറ്റിട്ടുള്ള മരിയ 2023 ൽ പ്രതിമാസം 7-8 ലക്ഷം രൂപ ചിരട്ട ഉൽപ്പന്നങ്ങളിൽ നിന്ന് വരുമാനം നേടിയിരുന്നു. പരമ്പരാഗതമായ ഒരു മാലിന്യത്തെ പരിസ്ഥിതി സൗഹൃദ വസ്തുക്കളാക്കി മാറ്റുന്നു എന്ന രീതിയിൽ മികച്ച ഒരു എക്കോ ഫ്രണ്ട്ലി സ്റ്റാർട്ടപ്പ് കൂടെയാണ് മരിയയുടേത്. തുടക്കത്തിൽ ചിരട്ടയിൽ നിന്ന് ഉൽപ്പന്നങ്ങൾ നി‍ർമിക്കുന്നത് വെല്ലുവിളിയായിരുന്നെങ്കിലും മികച്ച ബ്രാൻഡിങ് നിരവധി സ്ഥിരം ഉപഭോക്താക്കളെ നൽകുകയായിരുന്നു.