30 Oct 2026 11:14 AM IST
മില്‍ക്കി മിസ്റ്റിന് നേട്ടം; രണ്ടാംപാദ വരുമാനത്തില്‍ 42% വര്‍ധന
MyFin Desk
Summary
മില്‍ക്കി മിസ്റ്റിന്റെ രണ്ടാം പാദ വരുമാനത്തില്‍ 42% വളര്‍ച്ച; അറ്റാദായം ഏകദേശം മൂന്നിരട്ടിയായി.
ക്ഷീരോല്‍പ്പന്ന നിര്‍മാണ മേഖലയിലെ പ്രമുഖ ഇന്ത്യന്‍ കമ്പനിയായ മില്‍ക്കി മിസ്റ്റ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മുന്നേറ്റം. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 1,089.40 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 41.58 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 769.47 കോടി രൂപയായിരുന്നു.
കമ്പനിയുടെ അറ്റാദായത്തില്‍ രണ്ടാം പാദത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അറ്റാദായം 174.5 ശതമാനം ഉയര്‍ന്ന് 77.94 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 28.39 കോടി രൂപയായിരുന്നു.
പ്രവര്‍ത്തന ലാഭത്തിലും വര്‍ധന
കമ്പനിയുടെ എബിറ്റ്ഡ 53.9 ശതമാനം വര്‍ധിച്ച് 165.21 കോടി രൂപയായി. എബിറ്റ്ഡ മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 13.95 ശതമാനത്തില്‍ നിന്ന് 15.17 ശതമാനമായി ഉയര്‍ന്നു. പ്രവര്‍ത്തന കാര്യക്ഷമത, വില്‍പ്പനയിലെ വര്‍ധന, എന്നിവയാണ് നേട്ടത്തിന് പ്രധാന കാരണങ്ങള്‍.
വിപണിയില്‍ ഡിമാന്റ് ഉയരുന്ന പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങള്‍
പ്രോട്ടീന്‍ സമ്പുഷ്ടമായ ഉല്‍പ്പന്നങ്ങളാണ് കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളത്. ഹൈ പ്രോട്ടീന്‍ പനീര്‍, ഗ്രീക്ക് യോഗര്‍ട്ട്, സ്‌കൈര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചു. യോഗര്‍ട്ട് വിഭാഗവും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി.
പുതിയ വിപണികളിലേക്ക് വിതരണം വ്യാപിപ്പിക്കുന്നതിനും മൂല്യവര്‍ധിത ക്ഷീരോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമാണ് കമ്പനി നിലവില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
കമ്പനിയുടെ തുടര്‍ലക്ഷ്യം
വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുക, ഉല്‍പ്പാദനശേഷി മെച്ചപ്പെടുത്തുക, പാല്‍ സംഭരണ-സംസ്‌കരണ സംവിധാനങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കുക എന്നിവയാണ് കമ്പനിയുടെ പ്രധാന മുന്‍ഗണനകളെന്ന് മില്‍ക്കി മിസ്റ്റ് സിഇഒയും മുഴുവന്‍ സമയ ഡയറക്ടറുമായ കെ. രത്‌നം വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
