image

20 Jun 2025 3:12 PM IST

Agriculture and Allied Industries

ചായക്ക് ചെലവേറും; പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മ

MyFin Desk

ചായക്ക് ചെലവേറും;  പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മ
X

Summary

  • ഇക്കാര്യത്തില്‍ അടുത്തമാസം ആദ്യം തീരുമാനമുണ്ടാകും
  • വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്


പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മ തയ്യാറെടുക്കുന്നു. സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. ഇത് സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഒരു ലിറ്റര്‍ പാലിന് അറുപത് രൂപയാക്കണമെന്ന ആവശ്യം എറണാകുളം യൂണിയന്‍ നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് യൂണിയനുകളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്കുമെന്നും വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നുമാണ് മില്‍മ ചെയര്‍മാന്‍ അറിയിച്ചത്.

വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും സര്‍ക്കാറിന്റെ അനുമതി വേണ്ടിവരും. ഇതര സംസ്ഥാനങ്ങളില്‍ പാല്‍വില കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ് നില്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ മില്‍മയില്‍നിന്ന് അകന്നുപോകുമോ എന്ന ആശങ്കയും നിലവിലുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.

യൂണിയനുകളുടെ ശുപാര്‍ശ വിശദമായി ചര്‍ച്ച ചെയ്ത ശേഷം പാല്‍വില കൂട്ടുന്ന കാര്യത്തില്‍ അടുത്തമാസം ആദ്യവാരത്തോടെ മില്‍മയുടെ തീരുമാനമുണ്ടാവും. നിലവില്‍ 52 രൂപയാണ് ഒരു ലിറ്റര്‍ പാലിന്റെ വില. 2022 ഡിസംബറില്‍ ലിറ്ററിന് ആറുരൂപ കൂട്ടിയതാണ് ഒടുവില്‍ വരുത്തിയ വര്‍ദ്ധന.

ക്ഷീര സംഘങ്ങളില്‍ നല്‍കുന്ന പാലിന് കര്‍ഷകന് 46 മുതല്‍ 48 രൂപവരെയാണ് നിലവില്‍ ലഭിക്കുന്നത്. പശുവളര്‍ത്തലുമായി ബന്ധപ്പെട്ട ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് പര്യാപ്തമല്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതടക്കം പരിഗണിച്ചാകും വില വര്‍ദ്ധനയില്‍ തീരുമാനമുണ്ടാകുക. പാല്‍വില ഉയരുന്നത് കുടുംബങ്ങള്‍ക്കൊപ്പം ഹോട്ടലുകള്‍ക്കും തിരിച്ചടിയാകും.