6 April 2026 7:05 PM IST
പാല്‍ അളന്ന് മില്‍യുടെ കുതിപ്പ്; വിറ്റുവരവ് 4,624 കോടി കടന്നു
MyFin Desk
Summary
കേവലം പാലില്‍ മാത്രം ഒതുങ്ങാതെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ വിപണി കീഴടക്കാനും മില്‍മയ്ക്ക് സാധിച്ചു. തൈര്, നെയ്യ്, ഐസ്‌ക്രീം തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ 1,097.36 കോടി രൂപയാണ് സമാഹരിച്ചത്
ക്ഷീരകേരളത്തിന്റെ വിശ്വാസമുദ്രമായ മില്‍മ വിറ്റുവരവില്‍ പുതിയ ചരിത്രം കുറിക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.44 ശതമാനം വളര്‍ച്ചയോടെ 4,624.21 കോടി രൂപയുടെ വിറ്റുവരവാണ് കേരള സഹകരണ പാല്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സ്വന്തമാക്കിയത്. മുന്‍ വര്‍ഷത്തെ 4,344.60 കോടി രൂപയില്‍ നിന്നാണ് മില്‍മ ഈ നേട്ടം കൊയ്തത്. 2030-ഓടെ 10,000 കോടി രൂപ എന്ന വിറ്റുവരവ് ലക്ഷ്യത്തിലേക്കുള്ള മില്‍മയുടെ പ്രയാണം ശരിയായ ദിശയിലാണെന്ന് ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
സംഭരണത്തിലും വില്‍പ്പനയിലും ഉജ്ജ്വലമായ മുന്നേറ്റമാണ് ഈ കാലയളവില്‍ ദൃശ്യമായത്. പ്രതിദിന പാല്‍ സംഭരണത്തില്‍ 12.89 ശതമാനം എന്ന കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി. 2024-25-ല്‍ 11,13,413 ലിറ്ററായിരുന്ന സംഭരണം 2025-26 ആയപ്പോഴേക്കും 12,56,892 ലിറ്ററായി ഉയര്‍ന്നു. വില്‍പ്പനയുടെ കാര്യത്തിലും മില്‍മ പിന്നിലല്ല; പ്രതിദിനം 17,06,350 ലിറ്റര്‍ പാലാണ് മലയാളികള്‍ മില്‍മയിലൂടെ വാങ്ങുന്നത്. വില്‍പ്പനയില്‍ 4.30 ശതമാനത്തിന്റെ സ്ഥിരതയുള്ള വളര്‍ച്ചയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
കേവലം പാലില്‍ മാത്രം ഒതുങ്ങാതെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ വിപണി കീഴടക്കാനും മില്‍മയ്ക്ക് സാധിച്ചു. തൈര്, നെയ്യ്, ഐസ്‌ക്രീം തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ 1,097.36 കോടി രൂപയാണ് സമാഹരിച്ചത്. മുന്‍ വര്‍ഷത്തെ 946.47 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 15.94 ശതമാനം എന്ന മികച്ച വാര്‍ഷിക വളര്‍ച്ചയാണ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കൈവരിച്ചത്. വൈവിധ്യവല്‍ക്കരണത്തിലൂടെ ലാഭം കൊയ്യാനുള്ള മില്‍മയുടെ തന്ത്രം ഫലം കാണുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രാദേശികമായ വളര്‍ച്ചയിലും മില്‍മയുടെ യൂണിറ്റുകള്‍ മികവ് പുലര്‍ത്തി. മലബാര്‍ റീജിയണല്‍ യൂണിയന്‍ 8.88 ശതമാനം വിറ്റുവരവ് വളര്‍ച്ചയോടെ മുന്നില്‍ നില്‍ക്കുമ്പോള്‍, തിരുവനന്തപുരം യൂണിയന്‍ 6.87 ശതമാനവും എറണാകുളം യൂണിയന്‍ 5.91 ശതമാനവും വളര്‍ച്ചാ നിരക്ക് സ്വന്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
