image

14 Jan 2026 4:01 PM IST

Agriculture and Allied Industries

ഈ വര്‍ഷം ഗോതമ്പ് ഉല്‍പ്പാദനം പൊടിപൊടിക്കുമെന്ന് കൃഷിമന്ത്രാലയം

MyFin Desk

ഈ വര്‍ഷം ഗോതമ്പ് ഉല്‍പ്പാദനം  പൊടിപൊടിക്കുമെന്ന് കൃഷിമന്ത്രാലയം
X

Summary

ഗോതമ്പ് കൃഷിയുടെ വിസ്തീര്‍ണ്ണം 32 ദശലക്ഷം ഹെക്ടര്‍ കവിഞ്ഞു. അനുകൂലമായ വിള സാഹചര്യങ്ങളും ഗോതമ്പിന്റെ ഉല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമാകും


ഈ വര്‍ഷത്തെ ഗോതമ്പുല്‍പ്പാദനം പൊടിപൊടിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. വര്‍ധിച്ച കൃഷി വിസ്തൃതിയും അനുകൂലമായ വിള സാഹചര്യങ്ങളുമാണ് ഇതിനു കാരണമാകുക. കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനം 117.94 ദശലക്ഷം ടണ്ണായിരുന്നു.

'നിലവില്‍ ഗോതമ്പ് വിള നല്ല നിലയിലാണ്. നാശനഷ്ടങ്ങളൊന്നുമില്ല. പൊതുവെ, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉല്‍പ്പാദനം മികച്ചതായിരിക്കും,' ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍) പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കൃഷിമന്ത്രി ശിവരാജ് ചൗഹാന്‍ പറഞ്ഞു.

ഗോതമ്പ് കൃഷിയുടെ വിസ്തീര്‍ണ്ണം 32 ദശലക്ഷം ഹെക്ടര്‍ കവിഞ്ഞതായും വിള സാഹചര്യങ്ങള്‍ മികച്ച രീതിയിലാണെന്നും ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ എംഎല്‍ ജാട്ട് പറഞ്ഞു. കൃത്യസമയത്തും നേരത്തെയും വിതച്ചതാണ് പോസിറ്റീവ് പ്രതീക്ഷയ്ക്ക് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025-26 റാബി സീസണില്‍ ജനുവരി 2 വരെ 33.41 ദശലക്ഷം ഹെക്ടറില്‍ റെക്കോര്‍ഡ് സ്ഥലത്ത് ഗോതമ്പ് വിതച്ചതായി കൃഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 32.80 ദശലക്ഷം ഹെക്ടറായിരുന്നു.

വിതച്ച സ്ഥലത്തിന്റെ 73 ശതമാനത്തിലധികവും കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്തതും ജൈവ-ഫോര്‍ട്ടിഫൈ ചെയ്തതുമായ വിത്ത് ഇനങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്ന് ഡാറ്റ കാണിക്കുന്നു.

ഗോതമ്പാണ് പ്രധാന റാബി അല്ലെങ്കില്‍ ശൈത്യകാല വിള. മാര്‍ച്ചില്‍ വിളവെടുപ്പ് ആരംഭിക്കും. ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.