image

27 Oct 2026 10:39 AM IST

Agriculture and Allied Industries

പഞ്ചസാര ക്ഷാമമില്ല; 107 മില്ലുകളില്‍ ഉല്‍പ്പാദനം തുടങ്ങി

MyFin Desk

പഞ്ചസാര ക്ഷാമമില്ല; 107 മില്ലുകളില്‍ ഉല്‍പ്പാദനം തുടങ്ങി
X

Summary

ആഭ്യന്തര ആവശ്യത്തിന് ആവശ്യമായ പഞ്ചസാര സ്റ്റോക്കുണ്ടെന്ന് ഐഎസ്എംഎ


2026-27 പഞ്ചസാര വിപണന വര്‍ഷത്തേക്കുള്ള പഞ്ചസാര ഉല്‍പ്പാദനത്തിന്റെ ഭാഗമായുള്ള കരിമ്പ് ചതയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വ്യവസായ സംഘടനയായ ഇന്ത്യന്‍ ഷുഗര്‍ ആന്‍ഡ് ബയോ-എനര്‍ജി മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ത്യയിലെ ഏകദേശം 110 പഞ്ചസാര മില്ലുകലാണ് പഞ്ചസാര ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്സവകാലത്തെ ആവശ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പഞ്ചസാര സ്റ്റോക്ക് നിലവിലുണ്ടെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ വാര്‍ഷിക ആഭ്യന്തര പഞ്ചസാര ഉപഭോഗം ഏകദേശം 280-285 ലക്ഷം ടണ്‍ ആണെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള പഞ്ചസാര വിപണന വര്‍ഷത്തിലെ ഉല്‍പ്പാദന കണക്കുകള്‍ ഐഎസ്എംഎ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ പ്രധാന പഞ്ചസാര ഉല്‍പ്പാദക സംസ്ഥാനങ്ങളിലായാണ് പഞ്ചസാര ഉല്‍പ്പാദനത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

മികച്ച പ്രകടനങ്ങളുമായി സംസ്ഥാനങ്ങള്‍

മഹാരാഷ്ട്രയില്‍ മാത്രം ഏകദേശം 87 മില്ലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കരിമ്പ് വിളവെടുപ്പ് പുരോഗമിക്കുന്നതോടെ കൂടുതല്‍ മില്ലുകള്‍ വരും ആഴ്ചകളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.

ഉത്തര്‍പ്രദേശില്‍ നിലവില്‍ രണ്ട് മില്ലുകള്‍ കരിമ്പ് ചതയ്ക്കല്‍ ആരംഭിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ അടുത്ത മൂന്ന് മുതല്‍ നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം വ്യാപിക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് മധ്യ ഉത്തര്‍പ്രദേശിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലും പ്രവര്‍ത്തനം ആരംഭിക്കും.

2025-26 പഞ്ചസാര വിപണന വര്‍ഷം അവസാനിക്കുമ്പോള്‍ ഏകദേശം 36 ലക്ഷം ടണ്‍ പഞ്ചസാര സ്റ്റോക്കുണ്ടായിരുന്നു.ഈ ഒക്ടോബര്‍ 25 വരെയുള്ള കണക്കനുസരിച്ച് പഞ്ചസാര ഉല്‍പ്പാദനം 4 ലക്ഷം ടണ്ണിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ ഇത് ഏകദേശം 60,000 ടണ്‍ മാത്രമായിരുന്നു.

പഞ്ചസാര ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍

അസംസ്‌കൃത പഞ്ചസാരയുടെ തീരുവയില്ലാത്ത ഇറക്കുമതിക്കുള്ള കാലാവധി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. കൂടാതെ, പഞ്ചസാര സ്റ്റോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക്, പുതിയ ഉല്‍പ്പാദനം, സര്‍ക്കാര്‍ നടപടികള്‍ എന്നിവ സംയോജിച്ച് ഉത്സവകാലത്ത് ആഭ്യന്തര വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് എസ്എസ്എംഎ വ്യക്തമാക്കി.

പഞ്ചസാര വില സ്ഥിരമായി തുടരുമെന്ന് പ്രതീക്ഷ

ഐഎസ്എംഎ ഡയറക്ടര്‍ ജനറല്‍ ദീപക് ബല്ലാനിയുടെ അഭിപ്രായത്തില്‍, ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായധിലധികം പഞ്ചസാരയുണ്ട. പഞ്ചസാരയുടെ ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ദീപക് ബല്ലാനി വ്യക്തമാക്കിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ പഞ്ചസാര വിതരണം ഉറപ്പാക്കുന്നതിനൊപ്പം കരിമ്പ് കര്‍ഷകര്‍ക്ക് സമയബന്ധിതമായി പണം നല്‍കുന്നതിനും വ്യവസായം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ മില്ലുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിപണിയിലെ പഞ്ചസാര ലഭ്യത മെച്ചപ്പെടുമെന്നും വിലകള്‍ സ്ഥിരമായി തുടരാന്‍ സാധ്യതയുണ്ടെന്നുമാണ് സംഘടനയുടെ പ്രതീക്ഷ.