image

28 May 2025 4:26 PM IST

Agriculture and Allied Industries

ഖാരിഫ് സീസണ്‍: നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു

MyFin Desk

rice procurement in kerala
X

Summary

  • നെല്ലിന്റെ എംഎസ്പി ക്വിന്റലിന് 69 രൂപ വര്‍ദ്ധിപ്പിച്ചു
  • പയര്‍വര്‍ഗ്ഗങ്ങളുടെ താങ്ങുവിലയും ഉയര്‍ത്തി


2025-26 ഖാരിഫ് സീസണില്‍ നെല്ലിന്റെ മിനിമം താങ്ങുവില (എംഎസ്പി) ക്വിന്റലിന് 69 രൂപ വര്‍ദ്ധിപ്പിച്ച് 2,369 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് പരിഷ്‌കരിച്ച പലിശ സബ്വെന്‍ഷന്‍ പദ്ധതി (എംഐഎസ്) തുടരുന്നതിനും ആവശ്യമായ ഫണ്ട് ക്രമീകരണങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ)യാണ് തീരുമാനം എടുത്തത്.

ഖാരിഫ് വിളകളുടെ എംഎസ്പിയില്‍ വന്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 2025-26 ഖാരിഫ് മാര്‍ക്കറ്റിംഗ് സീസണിലേക്കുള്ള എംഎസ്പി മന്ത്രിസഭ അംഗീകരിച്ചു. ഇതിനുള്ള ആകെ തുക ഏകദേശം 2,07,000 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഖാരിഫ് മാര്‍ക്കറ്റിംഗ് സീസണില്‍ പയര്‍വര്‍ഗ്ഗങ്ങളുടെ താങ്ങുവില ക്വിന്റലിന് 450 രൂപ വര്‍ദ്ധിപ്പിച്ച് 8,000 രൂപയാക്കി. ഉഴുന്ന് താങ്ങുവില ക്വിന്റലിന് 400 രൂപ വര്‍ധിപ്പിച്ച് 7,800 രൂപയാക്കി. ചെറുപയറിന്റെ താങ്ങുവില ക്വിന്റലിന് 86 രൂപ വര്‍ദ്ധിപ്പിച്ച് 8768 രൂപയായും ഉയര്‍ത്തി.

ഔദ്യോഗിക പ്രസ്താവന പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന എംഎസ്പി വര്‍ദ്ധനവ് ശുപാര്‍ശ ചെയ്തിരിക്കുന്നത് നൈജര്‍ സീഡിനാണ് (ക്വിന്റലിന് 820 രൂപ). തുടര്‍ന്ന് റാഗി (ക്വിന്റലിന് 596 രൂപ), പരുത്തി (ക്വിന്റലിന് 589 രൂപ), എള്ള് (ക്വിന്റലിന് 579 രൂപ) എന്നിവയ്ക്കാണ്.

എംഎസ് പി പ്രഖ്യാപിച്ചതുവഴി കര്‍ഷകര്‍ക്ക് അവരുടെ ന്യായമായ ലാഭം ഉറപ്പാക്കുക, കാര്‍ഷിക ഉല്‍പ്പാദനവും കര്‍ഷക വരുമാനവും വര്‍ദ്ധിപ്പിക്കുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.