19 Nov 2025 3:07 PM IST
Summary
എണ്ണപ്പനങ്കുരുവിന് ആവശ്യക്കാരും വിലയും ഇല്ല
സംസ്ഥാനത്ത് എണ്ണപ്പന കൃഷി പരാജയത്തിലേക്ക്. കര്‍ഷകര്‍ വ്യാപകമായി എണ്ണപ്പന കൃഷി ഉപേക്ഷിക്കുന്നതായി കണ്ടെത്തല്‍. എണ്ണപ്പനങ്കുരുവിന് ആവശ്യക്കാരും വിലയും ഇല്ലാത്തതാണ് കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. കര്‍ഷകരില്‍ പലര്‍ക്കും വിളവെടുപ്പിനുള്ള സാങ്കേതിക വിദ്യകൾ വശമില്ലാത്തതും തിരിച്ചടിയായി. കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ നിലച്ച അവസ്ഥയിലാണെന്നാണ് കര്‍ഷകരുടെ പരാതി.
വലിയ ലാഭം പ്രതീക്ഷിച്ച് കൃഷിയിടത്തിലെ തെങ്ങും കമുകും വെട്ടിമാറ്റി പകരം എണ്ണപ്പന കൃഷിയിറക്കിയ കര്‍ഷകര്‍ നിരവധിയാണ്. എന്നാല്‍ കായ് പിടിച്ചു തുടങ്ങിയതോടെ എടുക്കാന്‍ ആളില്ലാത്തതും വില ലഭിക്കാത്തതും എണ്ണപ്പനയ്ക്ക് ഉണ്ടാകുന്ന രോഗബാധയും മൂലം കൃഷി നശിക്കുന്നതും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. കൂടാതെ എണ്ണപ്പനങ്കുരു എടുക്കാന്‍ ആളുകള്‍ എത്താത്തതിനാല്‍ മൂപ്പെത്തിയ പനങ്കുരു പനയില്‍ നിന്ന് തന്നെ മുളച്ച് നിലത്തു വീഴുന്ന അവസ്ഥയാണുള്ളത്. ഇവ തോട്ടങ്ങളില്‍ തന്നെ മുളച്ച് പൊന്തിയ അവസ്ഥയിലാണുള്ളത്.
വയനാട് ജില്ലയില്‍ വൈത്തിരി, ചേലോട്, പനമരം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി എണ്ണപ്പന കൃഷി നടത്തിയവരുണ്ട്. ഇതില്‍ പല തോട്ടത്തിനും 15 വര്‍ഷത്തിലേറെ പഴക്കമുണ്ട്. പെയ്ന്റ്, ഓയില്‍ എന്നിവയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന എണ്ണപ്പനങ്കുരു എടുക്കാന്‍ ആളും സംഭരണ കേന്ദ്രങ്ങളും ഉണ്ടായിരുന്നെങ്കിലും നലവില്‍ എതാണ്ട് നിശ്ചലമായ അവസ്ഥയിലാണ് കാര്യങ്ങള്‍.
എണ്ണപ്പന ഇല വിരിച്ചു നില്‍ക്കുന്നതിനാല്‍ ഇതിന് സമീപത്ത് മറ്റു കൃഷികളൊന്നും ചെയ്യാന്‍ സാധിക്കില്ല. വിദേശ രാജ്യങ്ങളില്‍ വന്‍ ലാഭം കൊയ്യുന്ന കൃഷികളില്‍ ഒന്നാണ് എണ്ണപ്പന. ഇന്ത്യയുടെ പല ഭാഗങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ദതി പ്രകരാം നിരവധി കര്‍ഷകരാണ് എണ്ണപ്പന കൃഷിയിലേക്ക് തിരിഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ മുന്‍കൈ എടുത്തു കൃഷിയിറക്കിയ കര്‍ഷകരില്‍ നിന്നു ന്യായവില ഉറപ്പ് വരുത്തി പഴുത്ത കായ് സംഭരിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
