image

17 Jun 2025 2:08 PM IST

Agriculture and Allied Industries

എണ്ണപ്പന കൃഷിയുമായി പതഞ്ജലി ഗ്രൂപ്പ്

MyFin Desk

patanjali group to cultivate oil palm
X

Summary

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഒരു പാം ഓയില്‍ മില്‍ സ്ഥാപിക്കാന്‍ പതഞ്ജലി ഗ്രൂപ്പ്


ഇന്ത്യന്‍ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ പതഞ്ജലി ഗ്രൂപ്പിന് 1.5 ദശലക്ഷം എണ്ണപ്പനയുടെ വിത്തുകള്‍ വിതരണം ചെയ്തതായി മലേഷ്യന്‍ സ്റ്റേറ്റ് ഏജന്‍സിയായ സാവിത് കിനബാലു ഗ്രൂപ്പ്. ഇന്ത്യയിലേക്ക് പാം ഓയില്‍ വിതരണം ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് മലേഷ്യ. എന്നാല്‍ ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ഏജന്‍സി എണ്ണപ്പനയുടെ വിത്ത് വിതരണം ചെയ്യുന്നതിനുള്ള കരാറില്‍ ഏര്‍പ്പെടുന്നത്.

ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യ ആഭ്യന്തരമായി എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനിടയിലാണ് ഈ നീക്കം. സാവിത് കിനബാലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് കരാറില്‍ ഒപ്പുവച്ചത്.

'4 ദശലക്ഷം എണ്ണപ്പന വിത്തുകള്‍ വിതരണം ചെയ്യുന്നതിനായി പതഞ്ജലി ഗ്രൂപ്പുമായി അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതുവരെ 1.5 ദശലക്ഷം വിത്തുകള്‍ ഞങ്ങള്‍ വിതരണം ചെയ്തു,' ഗ്രൂപ്പിന്റെ വിത്ത് യൂണിറ്റിന്റെ ജനറല്‍ മാനേജര്‍ സുറൈനി പറഞ്ഞു. വിത്തുകള്‍ വിതരണം ചെയ്യുന്നതിനു പുറമേ, മറ്റു സേവനങ്ങളും കമ്പനി നല്‍കുന്നു. കാര്‍ഷിക ശാസ്ത്രജ്ഞരുടെ സ്ഥലം സന്ദര്‍ശനങ്ങളും, നട്ട വിത്തുകളെ നിരീക്ഷിക്കലും ഇതില്‍ ഉള്‍പ്പെടും.

'ഇന്ത്യയില്‍ വളര്‍ത്തുന്ന ഞങ്ങളുടെ വിത്തുകള്‍ മികച്ച വിളവ് നല്‍കുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ വളര്‍ത്തുന്ന സസ്യങ്ങള്‍ നല്ല നിലയിലാണ്,' ഗ്രൂപ്പിന്റെ ചീഫ് സസ്‌റ്റൈനബിള്‍ ഓഫീസര്‍ നസ്ലാന്‍ മുഹമ്മദ് പിടിഐയോട് പറഞ്ഞു.

ചില പ്രദേശങ്ങളില്‍ പാം ഓയില്‍ പുനര്‍നിര്‍മ്മാണത്തിന് മലേഷ്യന്‍ സര്‍ക്കാര്‍ സബ്സിഡികള്‍ നല്‍കുന്നതിനാല്‍, പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയിലേക്കുള്ള വിത്ത് വിതരണം പരിമിതപ്പെടുത്തേണ്ടിവരുമെന്ന് മുഹമ്മദ് പറഞ്ഞു. എങ്കിലും വിത്ത് വിതരണത്തിനായി കൂടുതല്‍ ഇന്ത്യന്‍ കമ്പനികളുമായി സഹകരിക്കാന്‍ ഏജന്‍സി താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഒരു പാം ഓയില്‍ മില്‍ സ്ഥാപിക്കാന്‍ പതഞ്ജലി ഗ്രൂപ്പ് പദ്ധതിയിടുന്നു. 2026 ഓടെ ഇത് കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ നിലവില്‍ ഏകദേശം 3,69,000 ഹെക്ടറില്‍ എണ്ണപ്പന കൃഷിയുണ്ട്, ഏകദേശം 1,80,000 ഹെക്ടര്‍ ഫലം കായ്ക്കുന്ന ഘട്ടത്തിലാണ്. കൃഷിഭൂമിയുടെ വിസ്തൃതി ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, 2024 ആകുമ്പോഴേക്കും ഇത് ഏകദേശം 375,000 ഹെക്ടറിലെത്തും. കൂടാതെ അടുത്ത കാലയളവില്‍ 80,000 മുതല്‍ 1,00,000 ഹെക്ടര്‍ വരെ അധികമായി കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

2025-26 ആകുമ്പോഴേക്കും എണ്ണപ്പന കൃഷി 1 ദശലക്ഷം ഹെക്ടറായും 2030 ആകുമ്പോഴേക്കും 6.6 ദശലക്ഷം ഹെക്ടറായും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, 2.8 ദശലക്ഷം ടണ്‍ പാം ഓയില്‍ ഉത്പാദനവും ലക്ഷ്യമിടുന്നു.

2021-22 ല്‍ ആരംഭിച്ച നാഷണല്‍ മിഷന്‍ ഓണ്‍ എഡിബിള്‍ ഓയില്‍സ്, ഓയില്‍ പാം വടക്കുകിഴക്കന്‍ ഇന്ത്യയിലും ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണ്.