image

29 Oct 2026 11:22 AM IST

Agriculture and Allied Industries

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; പിഎം കിസാന്‍ അടുത്ത ഗഡു നാളെ

MyFin Desk

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; പിഎം കിസാന്‍ അടുത്ത ഗഡു നാളെ
X

Summary

രാജ്യത്തുടനീളമുള്ള 9.34 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്കായി 18,680 കോടിയിലധികം രൂപയാണ് വിതരണം ചെയ്യുന്നത്.


പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ 24 മത് ഗഡു വിതരണം നാളെ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. രാജ്യത്തുടനീളമുള്ള 9.34 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്കായി 18,680 കോടിയിലധികം രൂപയാണ് വിതരണം ചെയ്യുന്നത്.

ഒക്ടോബര്‍ 30,31 തീയതികളിലായി പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബനാസ്‌കാന്ത ജില്ലയില്‍ നടക്കുന്ന ദേശീയതല പരിപാടിയിലാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 24-ാം ഗഡു വിതരണം ചെയ്യുക.

കര്‍ഷകര്‍ക്ക് വര്‍ഷം 6,000 രൂപ

പി.എം.-കിസാന്‍ പദ്ധതിപ്രകാരം അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് വര്‍ഷം 6,000 രൂപയാണ് സാമ്പത്തിക സഹായമായി ലഭിക്കുന്നത്. മൂന്ന് തുല്യ ഗഡുക്കളായി നല്‍കുന്ന ഈ തുകയില്‍ 2,000 രൂപയാണ് ഒരു ഗഡു.

കഴിഞ്ഞ 23 ഗഡുക്കളിലൂടെ രാജ്യത്താകെ 4.47 ലക്ഷം കോടി രൂപയിലധികം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഗുണഭോക്താക്കള്‍ക്ക് ഇതുവരെ 24,137 കോടി രൂപയിലധികം നല്‍കിയിട്ടുണ്ട്.

കാര്‍ഷിക ഗുജറാത്തിനായി

രണ്ട് ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് കൂടി ഗുജറാത്തില്‍ സജ്ജമാക്കും. ഇതിന്റെ തടക്കല്ലിടല്‍ ചടങ്ങലും മോദി നിര്‍വഹിക്കും. ബനാസ് ഡയറി തറാഡ്, രാധന്‍പൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന രണ്ട് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ ആരംഭിക്കുന്നത്. തറാഡ് പ്ലാന്റിന് പ്രതിദിനം 75 ടണ്‍ കന്നുകാലി ചാണകം സംസ്‌കരിക്കാന്‍ ശേഷിയുണ്ടാകും. രാധന്‍പൂര്‍ പ്ലാന്റിന് പ്രതിദിനം 100 ടണ്‍ കന്നുകാലി ചാണകം സംസ്‌കരിക്കാന്‍ ശേഷിയുണ്ടാകും.

ഈ രണ്ട് പ്ലാന്റുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ ബനാസ് മാതൃകയ്ക്ക് കീഴിലുള്ള ബയോ-സി.എന്‍.ജി പ്ലാന്റുകളുടെ എണ്ണം ആറാകും. ഈ ആറ് പ്ലാന്റുകള്‍ക്കും കൂടി പ്രതിദിനം 515 ടണ്‍ കന്നുകാലി ചാണകം സംസ്‌കരിക്കാന്‍ ശേഷിയുണ്ടാകും. കന്നുകാലി ചാണകത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ബയോ-സി.എന്‍.ജി സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നു. നിലവില്‍ ബനാസ്‌കാന്ത ഡയറി പ്രതിദിനം ഏകദേശം 6,100 കിലോഗ്രാം ബയോ-സി.എന്‍.ജി വിതരണം ചെയ്യുന്നുണ്ട്.

ഈ ആറ് പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നതിലൂടെ പ്രതിവര്‍ഷം 33,400 മുതല്‍ 34,600 ടണ്‍ വരെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. 328.77 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഭാരത് ബോവൈന്‍ ബ്രീഡിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇതിനുപുറമെ, ബനാസ് ഡയറിയുടെ പുതിയ ഉരുളക്കിഴങ്ങ് സംസ്‌കരണ വികസന പദ്ധതിയും അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ (UHT) സൗകര്യത്തിലെ ഓട്ടോമേറ്റഡ് സ്റ്റോറേജ് ആന്‍ഡ് റിട്രീവല്‍ സിസ്റ്റവും (ASRS) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.