image

10 Nov 2026 4:23 PM IST

Agriculture and Allied Industries

എഥനോള്‍ ഉല്‍പ്പാദനത്തിന് ചോളത്തിന്റെ ഉപയോഗം വര്‍ധിക്കുന്നു; ആശങ്കയില്‍ ഭക്ഷ്യ വിപണി

MyFin Desk

indias ethanol policy, was the move made without adequate preparations
X

Summary

മൃഗങ്ങള്‍ക്കുള്ള തീറ്റയിലെ പ്രധാന ഘടകമാണ് ചോളം. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെയും പേപ്പര്‍ വ്യവസായത്തിന്റെയും ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉല്‍പ്പാദനത്തിലും ചോളം ഉപയോഗിക്കുന്നുണ്ട്.


എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോളിനായി എണ്ണ വിപണന കമ്പനികള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ടെന്‍ഡറില്‍ ചോളമാണ് പ്രധാന അസംസ്‌കൃത വസ്തു. എണ്ണ വിപണന കമ്പനികള്‍ക്ക് ലഭിച്ച ഇ20 പെട്രോളിനായുള്ള പുതിയ എഥനോള്‍ ടെന്‍ഡറില്‍ 59 ശതമാനവും ചോളം അടിസ്ഥാനമാക്കിയുള്ള എഥനോളിനാണ്. കഴിഞ്ഞ വര്‍ഷത്തെ 37 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ധന.

എഥനോള്‍ ഉല്‍പ്പാദനത്തിനായി വന്‍തോതില്‍ ചോളം ഉപയോഗിക്കുന്നത് മൃഗങ്ങള്‍ക്കും കോഴിക്കുമുള്ള തീറ്റയുടെ വില വര്‍ധിപ്പിക്കുമെന്നും അതുവഴി മുട്ടയുടെയും കോഴിയിറച്ചിയുടെയും വില ഉയരാന്‍ കാരണമാകുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ചോളം അടിസ്ഥാനമാക്കിയുള്ള എഥനോളിന്റെ വില ലിറ്ററിന് മൂന്ന് രൂപ സര്‍ക്കാര്‍ കുറച്ചിരുന്നു. എന്നിട്ടും ചോളത്തിന്റെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതിനകം ഇരട്ടിയായിട്ടുണ്ട്. ഈ വര്‍ഷത്തെ ഖാരിഫ് (മഴക്കാല) സീസണില്‍ ചോളം ഉല്‍പ്പാദനം 15 ശതമാനത്തോളം കുറയുമെന്നാണ് വിലയിരുത്തല്‍. ഇത് വിതരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുണ്ട്.

മൃഗത്തീറ്റയ്ക്ക് പ്രധാന ഘടകം ചോളം

മൃഗങ്ങള്‍ക്കുള്ള തീറ്റയിലെ പ്രധാന ഘടകമാണ് ചോളം. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെയും പേപ്പര്‍ വ്യവസായത്തിന്റെയും ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉല്‍പ്പാദനത്തിലും ചോളം ഉപയോഗിക്കുന്നുണ്ട്.

കോഴിത്തീറ്റയുടെ ഏകദേശം 60 ശതമാനവും ചോളമാണ്. സ്റ്റാര്‍ച്ച് വ്യവസായത്തിലും പ്രധാന അസംസ്‌കൃത വസ്തു ചോളം തന്നെയാണ്.

ഖാരിഫ് സീസണില്‍ ചോളം ഉല്‍പ്പാദനം ഏകദേശം 15 ശതമാനം കുറയുമെന്ന കണക്കുകൂട്ടലിനൊപ്പം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചോളത്തിന്റെ വില ഇരട്ടിയായതും വിപണിയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

കരിമ്പ് നീര്, ബി-ഹെവി മൊളാസസ്, പഞ്ചസാര സിറപ്പ് എന്നിവയെ എഥനോള്‍ മിശ്രണ പദ്ധതിയുടെ അസംസ്‌കൃത വസ്തുക്കളുടെ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയതോടെയാണ് ധാന്യങ്ങളില്‍ നിന്നുള്ള എഥനോള്‍ വാഗ്ദാനങ്ങള്‍ വര്‍ധിച്ചത്. വരള്‍ച്ച കാരണം കരിമ്പ് ഉല്‍പ്പാദനം കുറഞ്ഞതും ഇതിന് കാരണമായി.

2025-26 എത്തനോള്‍ വിതരണ വര്‍ഷത്തില്‍ ആകെ വിതരണത്തിന്റെ 72 ശതമാനവും ധാന്യങ്ങളില്‍ നിന്നുള്ള എഥനോളായിരുന്നു. പഞ്ചസാര അടിസ്ഥാനമാക്കിയുള്ള എഥനോളിന്റെ വിഹിതം 28 ശതമാനമായിരുന്നു.

എഫ്‌സിഐയുടെ അധിക അരി എഥനോള്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ 72 ലക്ഷം ടണ്ണിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് ഏകദേശം 324 കോടി ലിറ്റര്‍ എഥനോളിന് തുല്യമാണ്. അതിനാല്‍ ചോളത്തില്‍ നിന്നും കേടായ ഭക്ഷ്യധാന്യങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന്റെ വിതരണം വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടാകും.