image

27 Sept 2026 7:14 PM IST

Agriculture and Allied Industries

Rubber Board to Launch Digital Platform: റബ്ബർ ടാപ്പിങ് പ്രതിസന്ധിക്ക് ഡിജിറ്റൽ പരിഹാരം; ‘ഐ.എൻ.ആർ. കണക്ട്’ വരുന്നു

MyFin Desk

rubber prices give hope to farmers
X

Summary

ടാപ്പിങ് മുടങ്ങിയ തോട്ട ഉടമകളെയും രജിസ്റ്റർ ചെയ്ത ടാപ്പർമാരെയും ബന്ധിപ്പിക്കാൻ റബ്ബർ ബോർഡിന്റെ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം


റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ്ങിന് തൊഴിലാളികളെ ലഭിക്കാത്തതിനെത്തുടർന്ന് ടാപ്പിങ് മുടങ്ങുന്ന സാഹചര്യം പരിഹരിക്കാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി റബ്ബർ ബോർഡ്. ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളുടെ ഉടമകളെയും ടാപ്പിങ് ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ളവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ബോർഡ് ആരംഭിക്കുന്നത്.

‘ഐ.എൻ.ആർ. കണക്ട്’ എന്ന പേരിലാണ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നത്. പ്രാരംഭ നടപടികൾ പൂർത്തിയാക്കിയ പ്ലാറ്റ്‌ഫോം നിലവിൽ സുരക്ഷാ ഓഡിറ്റിനായി സമർപ്പിച്ചിരിക്കുകയാണ്. വെട്ടാതെ കിടക്കുന്ന തോട്ടങ്ങളുടെ ഉടമകൾക്കും ടാപ്പിങ് ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ളവർക്കും പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. ഇരുകൂട്ടരെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായാണ് ‘ഐ.എൻ.ആർ. കണക്ട്’ പ്രവർത്തിക്കുക.

റബ്ബർ ബോർഡ് ഉദ്യോഗസ്ഥർ തോട്ടങ്ങളിലെത്തി പരിശോധന നടത്തുകയും ടാപ്പിങ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടാപ്പർമാർക്ക് മാത്രമായിരിക്കും പ്ലാറ്റ്‌ഫോമിലും രജിസ്റ്റർ ചെയ്യാൻ കഴിയുക. ഇതുവഴി ടാപ്പിങ്ങിന്റെ ഗുണനിലവാരവും നടപടിക്രമങ്ങളുടെ കൃത്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിലവിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ നിരവധി തോട്ടങ്ങളിൽ ടാപ്പിങ് നടക്കുന്നുണ്ട്. എന്നാൽ, ടാപ്പിങ് കൃത്യമായ രീതിയിലാണ് നടത്തുന്നതോയെന്ന കാര്യത്തിൽ പല തോട്ടമുടമകൾക്കും ആശങ്കയുണ്ട്. ഈ പ്രശ്‌നത്തിനും പരിഹാരം കാണുകയാണ് റബ്ബർ ബോർഡിന്റെ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

റബ്ബർ ബോർഡിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം ഒരു ലക്ഷം ഹെക്ടർ റബ്ബർ തോട്ടങ്ങളിൽ നിലവിൽ ടാപ്പിങ് മുടങ്ങിയിട്ടുണ്ട്. ഇത്തരം തോട്ടങ്ങളിൽ ടാപ്പിങ് പുനരാരംഭിച്ച് റബ്ബർ ഉൽപാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വാണിജ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ ‘ഐ.എൻ.ആർ. കണക്ട്’ കർഷകർക്കായി ലഭ്യമാക്കുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു. വിദേശത്തുള്ള നിരവധി റബ്ബർ തോട്ടങ്ങളും ടാപ്പിങ് നടത്താതെ കിടക്കുന്നുണ്ട്. വിദേശത്തുള്ള ഉടമകൾക്കും തങ്ങളുടെ തോട്ടങ്ങളിൽ ടാപ്പിങ് പുനരാരംഭിക്കുന്നതിന് പ്ലാറ്റ്‌ഫോമിന്റെ സേവനം പ്രയോജനപ്പെടുത്താനാകും.