13 Feb 2026 5:48 PM IST
റബർ ക്ഷാമം രൂക്ഷം, അവധി കേന്ദ്രങ്ങളിൽ ലാഭമെടുപ്പിന് മുൻതൂക്കം
MyFin Desk
Summary
സംസ്ഥാനത്ത് പകൽ താപനില ഉയർന്നതോടെ റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത കുറഞ്ഞു. അവധി കേന്ദ്രങ്ങളിൽ ലാഭമെടുപ്പ്
സംസ്ഥാനത്ത് പകൽ താപനില ഉയർന്നതോടെ റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത കുറഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കർഷകരും മദ്ധ്യവർത്തികളും മുഖ്യവിപണികളിൽ നിന്ന് പിൻവലിഞ്ഞത് റബർ ക്ഷാമം രൂക്ഷമാക്കി. ടയർ നിർമ്മാതാക്കൾ കൊച്ചിയിൽ ആർ എസ് എസ് നാലാംഗ്രേഡ് ഷീറ്റ് വില 21,300 രൂപയായിഉയർത്തി, അഞ്ചാംഗ്രേഡ് 21,000 രൂപയിലുംവിപണനംനടന്നു, ലാറ്റക്സ് 13,200 രൂപയായികയറി, ബാങ്കോക്കിൽ ഷീറ്റ് വില 21,465 രൂപയാണ്. വാരാന്ത്യമായതിനാൽ റബർ അവധിവ്യാപാരകേന്ദ്രങ്ങളിൽ നിക്ഷേപകർ ലാഭമെടുപ്പിന് മുൻ തൂക്കംനൽകി.
കാർഡമം ഗ്രോവേഴ്സ് ഫോർ ഏവറിൽ നടന്ന ലേലത്തിൽ ഏലക്കവരവ് ചുരുങ്ങിയെങ്കിലും നിരക്ക് ഉയർന്നില്ല. ആകെ 18,277 കിലോ ഏലക്ക വിൽപ്പനയ്ക്ക് വന്നതിൽ 17,185 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2475 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 2943 രൂപയിലും കൈമാറി. ആഭ്യന്തരവാങ്ങലുകാരും കയറ്റുമതിക്കാരും ലേലത്തിൽ നിലയുറപ്പിച്ചിരുന്നു. ശിവരാത്രിവേളയിലെ ഡിമാൻറ് മുന്നിൽ കണ്ട് അന്തർ സംസ്ഥാനവ്യാപാരികൾ ഏലക്ക ശേഖരിക്കുന്നുണ്ട്.
ദക്ഷിണേന്ത്യൻ വിപണികളിൽ വെളിച്ചെണ്ണ, കൊപ്രവിലയിൽ മാറ്റമില്ല. പലഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ പച്ചതേങ്ങവരവ് ഉയരുമെന്ന നിലപാടിൽ വ്യവസായികൾ കൊപ്രസംഭരണം നിയന്ത്രിക്കുന്നത് കർഷകർക്ക് തിരിച്ചടിയാവും. കാങ്കയത്ത്കൊപ്ര 17,400 രൂപയിൽ മാറ്റമില്ലാതെ വിപണനം നടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
