6 Jan 2026 8:56 AM IST
Rubber Price Website Issue : റബ്ബർ കർഷകരുടെ കാത്തിരിപ്പ് നീളുന്നു ; വെബ്സൈറ്റ് തുറക്കാത്തതിൽ ആശങ്ക
MyFin Desk
Summary
റബ്ബറിന്റെ താങ്ങുവില ഉയർത്തിയെങ്കിലും കർഷകരുടെ കാത്തിരിപ്പ് നീളുന്നു. റബ്ബർബോർഡിന്റെ വെബ്സൈറ്റ് മുഖാന്തരം ആദ്യം രജിസ്‌ട്രേഷൻ പുതുക്കണം.
സംസ്ഥാനസർക്കാർ റബ്ബറിന്റെ താങ്ങുവില ഉയർത്തിയെങ്കിലും കർഷകരുടെ കാത്തിരിപ്പ് നീളുന്നു. നവംബർ ഒന്നിന് റബ്ബർ ഉത്പാദന പ്രോത്സാഹനപദ്ധതിയിൽ താങ്ങുവില 180 രൂപയിൽ നിന്ന് 200 ആക്കി ഉയർത്തിയിരുന്നു. എന്നാൽ താങ്ങുവില കർഷകർക്ക് ലഭിക്കണമെങ്കിൽ റബ്ബർബോർഡിന്റെ വെബ്സൈറ്റ് മുഖാന്തരം ആദ്യം രജിസ്‌ട്രേഷൻ പുതുക്കണം. തുടർന്ന്, റബ്ബർ വിറ്റതിന്റെ ബില്ല് റബ്ബർ ഉത്പാദക സംഘങ്ങൾ (ആർപിഎസ്) മുഖാന്തരം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി ഡിസംബർ പകുതിയോടെ വെബ്സൈറ്റ് തുറക്കണമെന്ന് റബ്ബർ ബോർഡ് അധികൃതർ അറിയിച്ചിരുന്നെങ്കിലും തുറന്നില്ല. ജനുവരിയായിട്ടും രജിസ്‌ട്രേഷൻ പുതുക്കാനാവാത്തതിനാൽ ഈ സീസണിൽ ആനുകൂല്യം ലഭിക്കാതാകുമോ എന്ന ആശങ്കയിലാണ് കർഷകർ.
രജിസ്റ്റർ ചെയ്തവർക്ക് ആനുകൂല്യം
വിപണി വിലയും 200 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സർക്കാർ അനുവദിക്കുക. 185 രൂപയാണ് നിലവിലെ റബ്ബർവില. വെബ്സൈറ്റിൽ ലോഗിൻ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിസ്സാരപ്രശ്നമേ ഉള്ളൂവെന്നും ഇത് പരിഹരിച്ചുവരികയാണെന്നും രജിസ്‌ട്രേഷൻ പുതുക്കുന്നതിന് തടസ്സങ്ങളില്ലെന്നും റബ്ബർബോർഡ് അധികൃതർ വ്യക്തമാക്കി.
ഏതെങ്കിലും ആർപിഎസുകൾക്ക് തടസ്സമുണ്ടായാൽ അതത് റീജണൽ ഓഫീസിൽ ബന്ധപ്പെട്ടാൽ ഉടൻ പരിഹരിച്ച് നൽകും. രജിസ്‌ട്രേഷൻ പുതുക്കൽ പൂർത്തിയായാൽ ഡിസംബർ 15വരെയുള്ള ബില്ലുകളും കർഷകർക്ക് അപ്‌ലോഡ് ചെയ്യാം. പദ്ധതിയിൽ മുമ്പ് രജിസ്റ്റർചെയ്തവർക്ക് മാത്രമേ ഇപ്പോൾ ആനുകൂല്യത്തിന് അപേക്ഷിക്കാൻ സാധിക്കൂ. പുതിയ രജിസ്‌ട്രേഷൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന രീതിയിലാകും ആരംഭിക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
