image

4 Oct 2026 7:12 PM IST

Agriculture and Allied Industries

Saffron Cultivation in Ladakh: മഞ്ഞും മലകളും കടന്ന് കുങ്കുമപ്പൂ; ലഡാക്കിൽ പുതിയ കാർഷിക പരീക്ഷണം

MyFin Desk

Saffron Cultivation in Ladakh: മഞ്ഞും മലകളും കടന്ന് കുങ്കുമപ്പൂ; ലഡാക്കിൽ പുതിയ കാർഷിക പരീക്ഷണം
X

Summary

തരിശുഭൂമിയിൽ 90,000 കുങ്കുമപ്പൂ കിഴങ്ങുകൾ; പരീക്ഷണം വിജയിച്ചാൽ കർഷകർക്ക് പുതിയ വരുമാനവഴി


ലഡാക്കിലും ഇനി കുങ്കുമപ്പൂ കൃഷി!

ഉയർന്ന പർവതനിരകളും വരണ്ട കാലാവസ്ഥയും നിറഞ്ഞ ലഡാക്കിൽ പുതിയൊരു കാർഷിക പരീക്ഷണം. ഇന്ത്യയിൽ ‘റെഡ് ഗോൾഡ്’ എന്നറിയപ്പെടുന്ന കുങ്കുമപ്പൂ കൃഷി ഇനി ലഡാക്കിലെ തണുത്ത മരുഭൂമിയിലും പരീക്ഷിക്കുന്നു. ലേയിലെ സ്പിതുക് ഫാർക്കയിലാണ് പൈലറ്റ് പദ്ധതിയുടെ ഭാഗമായി കുങ്കുമപ്പൂ കൃഷി ആരംഭിച്ചത്. അടുത്തിടെ വരെ തരിശായി കിടന്നിരുന്ന ഭൂമിയിലാണ് പരീക്ഷണം.

ഏകദേശം 800 കിലോഗ്രാം ഇറാനിയൻ കുങ്കുമപ്പൂ കിഴങ്ങുകളാണ് ഇവിടെ നട്ടത്. ഏകദേശം 90,000 കിഴങ്ങുകൾ 4,000 ചതുരശ്ര മീറ്റർ പ്രദേശത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. മികച്ച വിളവ് ലക്ഷ്യമിട്ട് 10 ഗ്രാമോ അതിൽ കൂടുതലോ ഭാരമുള്ള കിഴങ്ങുകളാണ് തെരഞ്ഞെടുത്തത്.

തരിശുഭൂമിയിൽ നിന്ന് കൃഷിയിടത്തിലേക്ക്

ലഡാക്കിലെ തരിശുഭൂമിയെ ഉൽപ്പാദനക്ഷമമായ കൃഷിയിടമാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജലലഭ്യത വർധിപ്പിക്കുന്നതിനായി പുനരുദ്ധരിച്ച ഇഗൂ–ഫേ ജലസേചന കനാലിൽ നിന്നുള്ള അധികജലം പ്രദേശത്തേക്ക് എത്തിക്കുന്നുണ്ട്.

ലേയിൽ ഏകദേശം 800 ഏക്കർ ഭൂമി പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാണ് കുങ്കുമപ്പൂ കൃഷിയും. ജലസേചന സൗകര്യം മെച്ചപ്പെടുത്തി വരണ്ട മണ്ണിൽ ഈർപ്പം വർധിപ്പിക്കുകയാണ് ലക്ഷ്യം

കർഷകർക്ക് പുതിയ വരുമാന മാർഗം

ഉയർന്ന വിപണി മൂല്യമുള്ള വിളയാണ് കുങ്കുമപ്പൂ. പരീക്ഷണം വിജയിച്ചാൽ ലഡാക്കിലെ കർഷകർ, യുവാക്കൾ, സ്വയംസഹായ സംഘങ്ങൾ എന്നിവർക്കു പുതിയ വരുമാന അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കശ്മീരിന് പിന്നാലെ ലഡാക്കും?

നിലവിൽ ഇന്ത്യയിലെ കുങ്കുമപ്പൂ ഉൽപ്പാദനത്തിന്റെ ഏകദേശം 90 ശതമാനവും ജമ്മു കശ്മീരിലാണ്. ലഡാക്കിലെ പരീക്ഷണം വിജയിച്ചാൽ രാജ്യത്തെ കുങ്കുമപ്പൂ കൃഷിയുടെ ഭൂപടത്തിൽ പുതിയൊരു പ്രദേശം കൂടി ചേർന്നേക്കാം. ലഡാക്കിന്റെ ഉയർന്ന പ്രദേശങ്ങളിലെ തണുത്തതും വരണ്ടതുമായ കാലാവസ്ഥയിൽ കുങ്കുമപ്പൂ കൃഷി എത്രത്തോളം വിജയിക്കുമെന്നാണ് ഈ പൈലറ്റ് പദ്ധതിയിലൂടെ പരിശോധിക്കുന്നത്. മുമ്പ് ലഡാക്കിൽ കുങ്കുമപ്പൂ കൃഷിയുടെ പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.

വിജയിച്ചാൽ വലിയ മാറ്റം!

കുങ്കുമപ്പൂ കൃഷി വിജയിച്ചാൽ തരിശുഭൂമിയെ കൃഷിയിടമാക്കി മാറ്റുന്നതിനൊപ്പം ലഡാക്കിലെ കാർഷിക വൈവിധ്യവൽക്കരണത്തിനും കർഷകരുടെ വരുമാന വർധനയ്ക്കും പുതിയ വഴി തുറക്കും.