25 Feb 2026 9:51 PM IST
പഞ്ചസാര ഉല്‍പ്പാദനം ഇടിയും, വില ഉയരും; കയറ്റുമതിക്ക് പൂട്ടുവീഴുമോ?
MyFin Desk
Summary
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ മുന്‍നിര സംസ്ഥാനങ്ങളിലെ കരിമ്പ് പാടങ്ങളില്‍ കാലാവസ്ഥ വില്ലനായതാണ് പഞ്ചസാരം ഉല്‍പ്പാദനം കുറയുന്നതിന് കാരണമാകുക. എങ്കിലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനത്തില്‍ മൊത്തത്തില്‍ വര്‍ധനവ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു
മധുരമേറിയ തുടക്കം പ്രതീക്ഷിച്ച ഇന്ത്യന്‍ പഞ്ചസാര വിപണിക്ക് തിരിച്ചടിയായി ഉല്‍പ്പാദന കണക്കുകള്‍. 2025-26 സീസണില്‍ 34.3 മില്യണ്‍ ടണ്‍ പഞ്ചസാര ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്ത്, ഉല്‍പ്പാദനം 32.4 മില്യണ്‍ ടണ്ണായി ഇടിയുമെന്ന് ഇന്ത്യന്‍ ഷുഗര്‍ ആന്‍ഡ് ബയോ-എനര്‍ജി മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വിളവിലുണ്ടായ 5.57 ശതമാനത്തിന്റെ ഈ ഇടിവ് വിപണിയില്‍ നേരിയ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ മുന്‍നിര സംസ്ഥാനങ്ങളിലെ കരിമ്പ് പാടങ്ങളില്‍ കാലാവസ്ഥ വില്ലനായതാണ് ഈ 'കയ്‌പ്പേറിയ' കണക്കുകള്‍ക്ക് പിന്നിലെ പ്രധാന കാരണം.
ഉത്തര്‍പ്രദേശില്‍ പുത്തന്‍ കരിമ്പ് ഇനങ്ങള്‍ പരീക്ഷിക്കുന്നത് വിളവിനെ താല്‍ക്കാലികമായി ബാധിച്ചപ്പോള്‍, ദക്ഷിണേന്ത്യയില്‍ പ്രശ്‌നം കാലാവസ്ഥയാണ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ജനുവരിയില്‍ തന്നെ കരിമ്പുകള്‍ അകാലത്തില്‍ പൂത്തു തുടങ്ങിയത് കര്‍ഷകരെ വലച്ചു. ഇതോടെ കരിമ്പിന്റെ ഭാരം കുറയുകയും അതില്‍ നിന്നുള്ള പഞ്ചസാരയുടെ അളവ് ഇടിയുകയും ചെയ്തു. അപ്രതീക്ഷിതമായ മഴയും ബയോമാസിലുണ്ടായ കുറവും ഉല്‍പ്പാദന ലക്ഷ്യങ്ങളെ തെറ്റിച്ചു. എങ്കിലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനത്തില്‍ മൊത്തത്തില്‍ 12 ശതമാനം വര്‍ദ്ധനവ് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
ഉല്‍പ്പാദനം കുറഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നയങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത. രാജ്യത്തെ ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില കുതിച്ചുയരാതിരിക്കാന്‍ കയറ്റുമതിക്ക് പൂട്ടുവീണേക്കാം. ഇതിനിടെ, ഹരിത ഇന്ധന ലക്ഷ്യങ്ങള്‍ക്കായി ഏകദേശം 31 ലക്ഷം ടണ്‍ പഞ്ചസാര എഥനോള്‍ നിര്‍മ്മാണത്തിലേക്ക് വകമാറ്റാനും തീരുമാനമുണ്ട്. ഉല്‍പ്പാദനത്തിലെ ഈ കുറവ് വരും മാസങ്ങളില്‍ പഞ്ചസാരയുടെയും എഥനോളിന്റെയും വിപണി വിലയെ എങ്ങനെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
