image

2 Feb 2024 8:17 AM GMT

Agriculture and Allied Industries

അന്ത്യോദയ പഞ്ചസാര സബ്‌സിഡി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി മന്ത്രിസഭ

MyFin Desk

Antyodaya Anna Yojana extended sugar subsidy for families
X

Summary


    പൊതുവിതരണ പദ്ധതി (പിഡിഎസ്) വഴി വിതരണം ചെയ്യുന്ന അന്ത്യോദയ അന്ന യോജന (എഎവൈ) കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് അംഗീകാരം നല്‍കിയത്. 2026 മാര്‍ച്ച് 31 വരെയാണ് നീട്ടിയിരിക്കുന്നത്. പദ്ധതി പ്രകാരം സംസ്ഥാനങ്ങളിലെ എഎവൈ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു കിലോ പഞ്ചസാരയ്ക്ക് പ്രതിമാസം 18.50 രൂപയാണ് സബ്സിഡി നല്‍കുന്നത്.

    2020-21 മുതല്‍ 2025-26 വരെയുള്ള 15ാം ധനകാര്യ കമ്മിഷനില്‍ 1850 കോടി രൂപയിലധികം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 1.89 കോടി എഎവൈ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.

    പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎം-ജികെഎവൈ) പ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് ഇതിനകം സൗജന്യ റേഷന്‍ നല്‍കുന്നു. ഭാരത് ആട്ട, ഭാരത് ദാല്‍, തക്കാളി, ഉള്ളി എന്നിവ മിതമായി വില്‍ക്കുന്നത് കൂടാതെ പൗരന്മാര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കളും ഉറപ്പാക്കുന്നു.

    ഇതുവരെ ഏകദേശം 3 ലക്ഷം ടണ്‍ ഭാരത് ദാലും (ചന ദാല്‍) ഏകദേശം 2.4 ലക്ഷം ടണ്‍ ഭാരത് ആട്ടയും വിറ്റിട്ടുണ്ട്. സബ്സിഡിയുള്ള പരിപ്പ്, ആട്ട, പഞ്ചസാര എന്നിവയുടെ ലഭ്യത 'എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും പോഷകാഹാരം' എന്ന ആശയത്തിലൂന്നിയാണ് നടപ്പിലാക്കുന്നത്.

    ഇതോടെ എഎവൈ കുടുംബങ്ങള്‍ക്ക് പിഡിഎസ് വഴി ഒരു കുടുംബത്തിന് പ്രതിമാസം ഒരു കിലോ എന്ന നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യുന്നതിന് പങ്കാളിത്ത സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് തുടരും. കൂടാതെ പഞ്ചസാര സംഭരിക്കാനും വിതരണം ചെയ്യാനും സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്.