image

20 Jun 2024 9:52 AM IST

Agriculture and Allied Industries

താങ്ങുവില വര്‍ധന: തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായ നീക്കമെന്ന് ആരോപണം

MyFin Desk

rice procurement in kerala
X

Summary

  • വേനല്‍ക്കാല വിളകളിലെ എംഎസ്പി വര്‍ധനവ് കേന്ദ്രത്തിന്റെ പ്രധാന തീരുമാനമാണ്
  • അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസ് കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി


2024-25 ഖാരിഫ് വിപണന സീസണില്‍ നെല്ലിന്റെ മിനിമം താങ്ങുവില (എംഎസ്പി) 5.35 ശതമാനം വര്‍ധിപ്പിച്ച് ക്വിന്റലിന് 2,300 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തി. പ്രധാന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കമാണിത്.

നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 117 രൂപ വര്‍ധിപ്പിച്ചത്, ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് ആരോപണമുണ്ട്.

14 വേനല്‍ക്കാല വിളകളിലെ എംഎസ്പി വര്‍ധനവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം തവണ അധികാരമേറ്റതിന്റെ ആദ്യ പ്രധാന തീരുമാനമാണ്. കൂടാതെ താങ്ങുവില ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ നയവും വ്യക്തമാക്കുന്നു.

നെല്ലാണ് പ്രധാന വേനക്കാല (ഖാരിഫ്) വിള. ഖാരിഫ് വിളകളുടെ വിതയ്ക്കല്‍ സാധാരണയായി ജൂണില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുന്ന അവസരത്തിലാണ്. അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസ് കമ്മീഷന്‍ (സിഎസിപി) യുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് എംഎസ്പിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

എംഎസ്പി വര്‍ധനയില്‍ നിന്നുള്ള മൊത്തം സാമ്പത്തിക ചെലവ് രണ്ട് ലക്ഷം കോടിരൂപയായി കണക്കാക്കുന്നു. ഇത് മുന്‍ സീസണിനേക്കാള്‍ 35,000 കോടി രൂപ കൂടുതലാണ്.

'കോമണ്‍' ഗ്രേഡ് നെല്ലിന്റെ എംഎസ്പി ക്വിന്റലിന് 117 രൂപ വര്‍ധിപ്പിച്ച് 2,300 രൂപയായും 'എ' ഗ്രേഡ് ഇനത്തിന് 2,320 രൂപയായും ഖാരിഫ് സീസണില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ധാന്യങ്ങളില്‍, 'ഹൈബ്രിഡ്' ഗ്രേഡ് ജോവറിന്റെ എംഎസ്പി ക്വിന്റലിന് 191 രൂപ വര്‍ധിപ്പിച്ച് 3,371 രൂപയായും 'മല്‍ദാനി' ഇനത്തിന് 196 രൂപ വര്‍ധിച്ച് 2024-25 വിപണന സീസണില്‍ 3,421 രൂപയായും ഉയര്‍ന്നു. ബജ്റയുടെ താങ്ങുവില ക്വിന്റലിന് 125 രൂപ വര്‍ധിപ്പിച്ചു.

റാഗി, ചോളം എന്നിവയുടെയും താങ്ങുവില ഉയര്‍ത്തി.

രാജ്യം പയറുവര്‍ഗങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് തുവരപരിപ്പ്, ഉഴുന്ന് തുടങ്ങിയവയുടെയും താങ്ങുവില ഉയര്‍ത്തി. ഇത് കര്‍ഷകരെ കൂടുതല്‍ കൃഷിചെയ്യാന്‍ പ്രേരിപ്പിക്കും.

കര്‍ഷകരുടെ ആശങ്കകള്‍ കണക്കിലെടുത്ത് ബീജ് സേ ബസാര്‍ തക്ക് (വിത്ത് മുതല്‍ വിപണി വരെ) സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങളെ വിവരം ധരിപ്പിച്ച് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.