image

31 March 2026 2:49 PM IST

Agriculture and Allied Industries

കപ്പിലെ ചൂടാറി; ഇന്ത്യയില്‍ തേയില ഉത്പാദനം കൂപ്പുകുത്തി, വില കൂടുമോ?

MyFin Desk

huge decline in indian tea production, cold and drought hit
X

Summary

അസമില്‍ ഉത്പാദനം 65 ശതമാനം കുറഞ്ഞ് വെറും 0.41 ദശലക്ഷം കിലോഗ്രാമായി ഒതുങ്ങി. പശ്ചിമ ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല; അവിടെ ഉത്പാദനത്തില്‍ 61.30 ശതമാനത്തിന്റെ ഇടിവാണുണ്ടായത്


കഠിനമായ കാലാവസ്ഥയും വടക്കേ ഇന്ത്യയിലെ തോട്ടങ്ങളുടെ ശൈത്യകാല അവധിയും ഇത്തവണ ഇന്ത്യന്‍ തേയില വിപണിയെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തേയില ഉത്പാദനം മൂന്നിലൊന്നിലധികം ഇടിഞ്ഞ് 16.65 ദശലക്ഷം കിലോഗ്രാമിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 25.4 ദശലക്ഷം കിലോഗ്രാം ആയിരുന്നു. തേയില ബോര്‍ഡ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഏകദേശം 34.45 ശതമാനത്തിന്റെ ഗണ്യമായ കുറവാണ് ഉത്പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വടക്കേ ഇന്ത്യയിലെ തോട്ടങ്ങള്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ശൈത്യകാല അവധിയിലായതാണ് ഉത്പാദനത്തെ പ്രധാനമായും ബാധിച്ചത്. അസമില്‍ ഉത്പാദനം 65 ശതമാനം കുറഞ്ഞ് വെറും 0.41 ദശലക്ഷം കിലോഗ്രാമായി ഒതുങ്ങി. പശ്ചിമ ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല; അവിടെ ഉത്പാദനത്തില്‍ 61.30 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. വടക്കേ ഇന്ത്യയിലാകെ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ 10.78 ദശലക്ഷം കിലോഗ്രാമില്‍ നിന്നും ഇത്തവണ 4.11 ദശലക്ഷം കിലോഗ്രാമിലേക്ക് കൂപ്പുകുത്തി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്പാദന മാന്ദ്യം പ്രകടമാണ്. തമിഴ്നാട്ടില്‍ 18.14 ശതമാനവും കര്‍ണാടകയില്‍ 13.79 ശതമാനവും കുറവ് രേഖപ്പെടുത്തി. താരതമ്യേന കേരളത്തിലാണ് ഏറ്റവും കുറഞ്ഞ ഇടിവ് (4.23 ശതമാനം) ഉണ്ടായത്. കേരളത്തില്‍ ഇത്തവണ 3.85 ദശലക്ഷം കിലോഗ്രാം തേയിലയാണ് ഉത്പാദിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ മൊത്തം ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ 14.62 ദശലക്ഷത്തില്‍ നിന്നും 12.54 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു.

വിപണിയിലെ തേയിലയുടെ ഇനം തിരിച്ചുള്ള കണക്കുകള്‍ നോക്കിയാല്‍, സി.ടി.സി. വിഭാഗത്തില്‍പ്പെട്ട ചായപ്പൊടിയാണ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിച്ചത് ,13.65 ദശലക്ഷം കിലോഗ്രാം. അതേസമയം, ഉയര്‍ന്ന നിലവാരമുള്ള ഓര്‍ത്തഡോക്‌സ് തേയില 2.50 ദശലക്ഷം കിലോഗ്രാമും, ആരോഗ്യപ്രേമികളുടെ പ്രിയപ്പെട്ട ഗ്രീന്‍ ടീ 0.50 ദശലക്ഷം കിലോഗ്രാമും മാത്രമാണ് ഈ മാസം ഉത്പാദിപ്പിക്കാന്‍ സാധിച്ചത്. കാലാവസ്ഥാ വ്യതിയാനം വരും മാസങ്ങളില്‍ വിപണിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ പ്ലാന്റേഷന്‍ മേഖല.