29 July 2026 11:56 AM IST
126 വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ വരണ്ട കാലവര്‍ഷം; കേരളം പ്രതിസന്ധിയില്‍
MyFin Desk
Summary
രാജ്യത്തെ 741 ജില്ലകളില്‍ 60 ശതമാനത്തോളവും മഴക്കുറവ് നേരിട്ടു. ബീഹാര്‍ (95%), കേരളം (86%), തെലങ്കാന (85%) തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത്
രാജ്യത്ത് ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വരണ്ട കാലഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. 126 വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ ഏറ്റവും കുറഞ്ഞ മഴയാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ 24% കുറവ് മഴ ലഭിച്ചപ്പോള്‍, രാജ്യത്തെ 741 ജില്ലകളില്‍ 60 ശതമാനത്തോളവും മഴക്കുറവ് നേരിട്ടു. ബീഹാര്‍ , കേരളം , തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത്. കേരളത്തില്‍ ഏകദേശം 33%-34% വരെയും, ബീഹാറില്‍ 46% വും മഴയുടെ കുറവുണ്ടായി.ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 17വരെയുള്ള കണക്കാണിത്. അതിനുശേഷം സംസ്ഥാനത്ത് മഴയുടെ അളവ് വര്‍ദ്ധിച്ചിരുന്നു.
തുടക്കം മോശമായിരുന്നെങ്കിലും, ഈ മഴക്കുറവ് ഭക്ഷ്യവിലക്കയറ്റത്തില്‍ വലിയ ആഘാതമുണ്ടാക്കില്ലെന്നാണ് എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മൊത്തത്തിലുള്ള മഴയുടെ അളവിനേക്കാള്‍, അതിന്റെ കൃത്യമായ വിതരണമാണ് പ്രധാനം. 2018-ല്‍ ഇതിന് സമാനമായ സാഹചര്യം ഉണ്ടായെങ്കിലും, മെച്ചപ്പെട്ട വിതരണം മൂലം ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.
2009-ലെ എല്‍ നിനോ കാലത്ത് കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഭക്ഷ്യവിലക്കയറ്റം 13.1% ആയി ഉയര്‍ന്നിരുന്നുവെങ്കിലും, അന്നത്തെ ഉയര്‍ന്ന താങ്ങുവില വര്‍ദ്ധനവ്, ശമ്പള കമ്മീഷന്‍ പരിഷ്‌കരണം, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ മറ്റ് സാമ്പത്തിക ഘടകങ്ങളാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. എന്നാല്‍ 2026-ല്‍ ജൂണ്‍-സെപ്റ്റംബര്‍ കാലയളവിലെ ശരാശരി ഭക്ഷ്യ പണപ്പെരുപ്പം 6% ആയി ഒതുങ്ങുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. ഇത് മുന്‍ വര്‍ഷങ്ങളിലെ (2023ല്‍ 7.7%, 2024-ല്‍ 8.2%) നിരക്കുകളേക്കാള്‍ വളരെ കുറവാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രത്യേക പ്രതിഭാസം (ഐഒഡി) ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പോസിറ്റീവായി മാറാന്‍ സാധ്യതയുണ്ടെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. ഇത് സീസണിന്റെ രണ്ടാം പകുതിയില്‍ മണ്‍സൂണ്‍ വീണ്ടും ശക്തമാകുന്നതിന് കാരണമാകും.കൃത്യമായ മഴ ലഭ്യത ഉറപ്പാക്കാനായാല്‍ കാര്‍ഷിക മേഖലയ്ക്കും പൊതുവിപണിക്കും ഈ വര്‍ഷം വലിയ പ്രതിസന്ധികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
