image

27 Oct 2026 11:45 AM IST

Agriculture and Allied Industries

കശ്മീര്‍ നെല്‍കൃഷി കേരളത്തിന് നല്‍കുന്ന പാഠമെന്ത് ?

MyFin Desk

58 percent increase in kharif paddy cultivation
X

Summary

അതിജീവനവും ജനിതകമാറ്റവും ഗുണമേന്മയില്‍ ഇടിവുണ്ടാക്കുമോ?


കശ്മീരിലെ നെല്ല് എന്തുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ക്ക് ഇത്രയും പ്രിയ്യപ്പെട്ടതാകുന്നത്. അതിനു പഴക്കമുള്ളൊരു ചരിത്ര കഥയുണ്ട്. മനുഷ്യരുടെ കുടിയേറ്റം, വ്യാപാരം, കൃഷിരീതികള്‍, കാലാവസ്ഥയോടുള്ള പൊരുത്തപ്പെടല്‍ എന്നിവയിലൂടെ പല പ്രദേശങ്ങളിലേക്കും വ്യാപിച്ചൊരു കഥ.

കിഴക്കന്‍ ഏഷ്യയില്‍ വളര്‍ത്തിയിരുന്ന നെല്ല് ദക്ഷിണേഷ്യയിലേക്ക് വ്യാപിച്ചതിന് കരമാര്‍ഗങ്ങളും പര്‍വതനിരകളിലൂടെയുള്ള വഴികളും വ്യാപാരബന്ധങ്ങളും വിളകളുടെ വ്യാപനത്തില്‍ പങ്കുവഹിച്ചിരിക്കാമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കശ്മീരിലെ പരമ്പരാഗത നെല്ലിനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം ലഭിക്കുന്നത്.

അതിജിവനത്തിന്റെ ചരിത്രം

കശ്മീര്‍ താഴ്വരയുടെ കൃഷിസാഹചര്യങ്ങള്‍ ഇന്ത്യയിലെ പല ചൂടുള്ള നെല്‍കൃഷിപ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമാണ്. ഹിമാലയന്‍ ഭൂപ്രകൃതി, തണുപ്പുള്ള കാലാവസ്ഥ, കൃഷിക്കാലത്തിന്റെ പരിമിതികള്‍ എന്നിവ അവിടത്തെ കര്‍ഷകര്‍ക്ക് പ്രത്യേക വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്.

ഹിമാലയത്തിന്റെ വിവിധ താഴ്വരകള്‍ മനുഷ്യരുടെ സഞ്ചാരത്തിനും വസ്തുക്കളുടെ കൈമാറ്റത്തിനും വഴിയൊരുക്കിയിരുന്നു. അത്തരം ബന്ധങ്ങള്‍ വഴി വിത്തുകളും കൃഷിയറിവുകളും പുതിയ പ്രദേശങ്ങളിലെത്തിയിരിക്കാം.

കശ്മീര്‍, സ്വാത് താഴ്വര തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ലഭിച്ച പുരാവസ്തുതെളിവുകള്‍ ഈ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്നു. കശ്മീരിലെ ചില പുരാതന വാസസ്ഥലങ്ങളില്‍ നെല്ലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ജനിതകമാറ്റം നിര്‍ണ്ണായകം

ഇന്നത്തെ ശാസ്ത്രജ്ഞര്‍ നെല്ലിന്റെ പുറംരൂപം മാത്രം നോക്കിയല്ല അതിന്റെ ചരിത്രം പഠിക്കുന്നത്. അതിന്റെ ഡിഎന്‍എയും പരിശോധിക്കുന്നു.

ഡിഎന്‍എയെ ഒരു സസ്യത്തിന്റെ പാരമ്പര്യവിവരങ്ങള്‍ സൂക്ഷിക്കുന്ന നിര്‍ദേശപുസ്തകമായാണ് കണക്കാക്കുന്നത്. വിത്തിന്റെ വളര്‍ച്ച, ചില രോഗങ്ങളോടുള്ള പ്രതിരോധം, തണുപ്പിനെ സഹിക്കാനുള്ള കഴിവ്, ധാന്യത്തിന്റെ ഗുണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജനിതക വ്യത്യാസങ്ങള്‍ കണ്ടെത്താനാകും.

നെല്ലില്‍ പ്രധാനമായും പഠിക്കപ്പെടുന്ന രണ്ട് വലിയ വിഭാഗങ്ങളാണ് ജപ്പോണിക്ക, ഇന്‍ഡിക്ക. ഇവയെ നെല്ലിന്റെ വ്യത്യസ്ത ജനിതക-പരിണാമ വംശങ്ങളായി മനസ്സിലാക്കാം.

2026-ല്‍ പ്രസിദ്ധീകരിച്ച ഒരു ജനിതകപഠനം കശ്മീരിലെ 142 നെല്ല് ജനിതകസ്രോതസ്സുകളാണ് പരിശോധിച്ചത്. അതില്‍ പരമ്പരാഗത പ്രാദേശിക നെല്ലിനങ്ങളില്‍ തണുത്ത കാലാവസ്ഥയുമായി ബന്ധപ്പെട്ട ജപ്പോണിക്ക വിഭാഗത്തിന്റെ ജനിതക അടയാളങ്ങള്‍ കണ്ടെത്തി. ആധുനികമായി വികസിപ്പിച്ച ചില നെല്ലിനങ്ങള്‍ ഇന്‍ഡിക്ക വിഭാഗവുമായി കൂടുതല്‍ ബന്ധമുള്ളവയാണെന്നും പഠനം റിപ്പോര്‍ട്ട് ചെയ്തു.

പരമ്പരാഗത വിത്തുകളില്‍ നിന്നും പരിണമിച്ച കഥയാണ് കശ്മീരിലെ നെല്ലുകള്‍ക്ക് പറയാനുള്ളത്. ഗുണവും മണവും പ്രതിരോധവും എല്ലാംമ മാറി മറിഞ്ഞ കഥ. അങ്ങനെ സംഭവിക്കുമ്പോള്‍ നഷ്ടമാകുന്നത് വിത്തുകള്‍ മാത്രമല്ല. അവയില്‍ അടങ്ങിയിരിക്കുന്ന അപൂര്‍വ ജനിതകവ്യത്യാസങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

കേരളത്തിന്റെ കശ്മീര്‍ കണക്ഷന്‍

കശ്മീരില്‍ മാത്രം പ്രസക്തമായ വിഷയമല്ല ഇത്. കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങള്‍ സംരക്ഷിക്കുന്നതിനും ഇതേ ആശയം ബാധകമാണ്.

കേരളത്തില്‍ പൊക്കാളി, നവര തുടങ്ങിയ പരമ്പരാഗത നെല്ലിനങ്ങള്‍ നമ്മുടെ പ്രത്യേക കൃഷിസാഹചര്യങ്ങളോടും ഭക്ഷ്യപാരമ്പര്യങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നതാണ്.

കശ്മീരിലെ നെല്ലിനങ്ങള്‍ ഹിമാലയന്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സവിശേഷതകള്‍ പഠിക്കാന്‍ സഹായിക്കുന്നതുപോലെ, കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങള്‍ പ്രാദേശിക മണ്ണ്, ജലലഭ്യത, കൃഷിരീതികള്‍, രോഗസാഹചര്യങ്ങള്‍ എന്നിവയോടുള്ള പൊരുത്തപ്പെടലിനെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്നു.

പരമ്പരാഗത വിത്തുകള്‍ ഭാവിയിലേക്കുള്ള ഒരു ജൈവസമ്പത്താണ്. അവ സംരക്ഷിക്കുന്നത് പഴയകാലത്തെ ഓര്‍മിക്കാനായി മാത്രമല്ല, വരുംതലമുറകള്‍ക്ക് കൂടുതല്‍ വൈവിധ്യമുള്ളതും കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിവുള്ളതുമായ കൃഷി വികസിപ്പിക്കാനുമാണെന്നാണ് കാശ്മീര്‍ നെല്‍ കൃഷി ചരിത്രം ഓര്‍മ്മപ്പെടുത്തുന്നത്.