30 Sept 2026 1:23 PM IST
നെല്ലില്‍നിന്ന് നേട്ടത്തിലേക്ക്; ഇന്ത്യയുടെ 'ഗോള്‍ഡന്‍ ഗ്രെയിന്‍' പദ്ധതി ഒരുങ്ങുന്നു
MyFin Desk
Summary
2024-ല്‍ 6.4 ബില്യണ്‍ ഡോളറായിരുന്ന ആഗോള അരി-നൂഡില്‍സ് വിപണി 2030-ഓടെ 11 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കണക്ക്
അരി കയറ്റുമതിയില്‍ മാത്രം ആശ്രയിക്കാതെ, അതില്‍നിന്ന് കൂടുതല്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ വ്യവസായത്തിന് പുതിയ വളര്‍ച്ചാവഴികള്‍ തുറക്കാമെന്ന് ഇന്ത്യന്‍ റൈസ് എക്സ്പോര്‍ട്ടേഴ്സ് ഫെഡറേഷന്‍ (ഐ.ആര്‍.ഇ.എഫ്.). അരി നൂഡില്‍സ്, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍, അരിത്തവിട് എണ്ണ, അരി പ്രോട്ടീന്‍, അരിമാവ്, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ചാരം എന്നിവയാണ് പ്രധാന സാധ്യതാമേഖലകള്‍.
ഈ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 23 മുതല്‍ 25 വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഭാരത് ഇന്റര്‍നാഷണല്‍ റൈസ് കോണ്‍ഫറന്‍സ് (BIRC) 2026 നടക്കും. ഐആര്‍ഇഎഫ്-ഇവൈ സംയുക്ത വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ബിസിനസ് സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ സമ്മേളനം കണ്ടെത്തും. മില്ലര്‍മാര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഭക്ഷ്യ-ചേരുവ നിര്‍മാതാക്കള്‍ക്കും ഒരേ മാതൃക അനുയോജ്യമല്ലാത്തതിനാല്‍, ഓരോ വിഭാഗത്തിനും വ്യത്യസ്ത വളര്‍ച്ചാപാതകള്‍ നിര്‍ദേശിക്കുകയാണ് ലക്ഷ്യം.
റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് വിഭവങ്ങള്‍ക്കും അരി നൂഡില്‍സിനും ആഗോള വിപണിയില്‍ വന്‍ സാധ്യതയാണുള്ളത്. 2024-ല്‍ 6.4 ബില്യണ്‍ ഡോളറായിരുന്ന ആഗോള അരി-നൂഡില്‍സ് വിപണി 2030-ഓടെ 11 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് ഗ്രാന്‍ഡ് വ്യൂ റിസര്‍ച്ച് കണക്കാക്കുന്നത്. അരിത്തവിട് എണ്ണ വിപണിയും 2023-ലെ 4.8 ബില്യണ്‍ ഡോളറില്‍നിന്ന് 2030-ല്‍ 6.3 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രവചനം. ഇന്ത്യയ്ക്ക് അരിത്തവിട് എണ്ണയില്‍ 1.9 ദശലക്ഷം ടണ്‍ വരെ സാധ്യതയുണ്ടെന്നും, അതില്‍ വലിയൊരു ഭാഗം ഇപ്പോഴും പൂര്‍ണമായി ഉപയോഗപ്പെടുത്താത്തതാണെന്നും നീതി ആയോഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അരിയുടെ ഉപോല്‍പ്പന്നങ്ങള്‍ ഭക്ഷ്യമേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. അരി പ്രോട്ടീന്‍, പ്രവര്‍ത്തനക്ഷമമായ അന്നജം, അരിമാവ് എന്നിവയ്ക്ക് ആരോഗ്യ-പോഷകാഹാര വിപണിയില്‍ ആവശ്യകത ഉയരുമ്പോള്‍, ഉമി (നെല്ലിന്റെ പുറംതോട്)യിലെചാരത്തില്‍നിന്നുള്ള സിലിക്ക റബര്‍, ടയര്‍ തുടങ്ങിയ വ്യവസായങ്ങളിലും ഉപയോഗിക്കാം. ഈ രംഗത്ത് യഥാര്‍ഥത്തില്‍ ലാഭകരമായ ഉല്‍പ്പന്നങ്ങള്‍, ആവശ്യമായ നിക്ഷേപം, സാധ്യതയുള്ള വാങ്ങുന്നവര്‍, കയറ്റുമതി വിപണികള്‍ എന്നിവ കണ്ടെത്തുകയാണ് BIRC 2026ന്റെ മുഖ്യലക്ഷ്യം. അരി ഒരു കാര്‍ഷിക ഉല്‍പ്പന്നം മാത്രമല്ല, ഭക്ഷ്യ-വ്യാവസായിക മൂല്യശൃംഖലയായി മാറാനുള്ള അവസരമാണ് ഇന്ത്യ ഇപ്പോള്‍ തേടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
