12 April 2026 7:12 PM IST
വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി എത്തി; വിപണിയില്‍ ഇത്തവണ വിലക്കുറവിന്റെ 'കണി'
MyFin Desk
Summary
വിഷുവിനു മുന്‍പുതന്നെ വീടുകള്‍ക്ക് മുന്നില്‍ കണിവെള്ളരികള്‍ തൂക്കിയിടുന്നത് പതിവാണ്
വിഷുവിന്റെ വരവറിയിച്ച് കടകളിലും വഴിയോരങ്ങളിലും കണിവെള്ളരി വില്‍പന തകൃതിയായി നടക്കുന്നു. പശ്ചിമേഷ്യന്‍ യുദ്ധം മൂലം കയറ്റുമതി കുറഞ്ഞതോടെ പ്രാദേശിക വിപണിയില്‍ ഇത്തവണ വെള്ളരിക്ക് വില കുറവാണ്.
വിഷുക്കണിയുടെ പ്രധാന ഇനങ്ങളില്‍ ഒന്നാണ് കണിവെള്ളരി. വിഷുവിനു മുന്‍പുതന്നെ വീടുകള്‍ക്ക് മുന്നില്‍ കണിവെള്ളരികള്‍ തൂക്കിയിടുന്നത് പതിവാണ്. വിഷുനാളില്‍ ഒരുക്കുന്ന വിഷുക്കണിയിലും കണിവെള്ളരിക്ക് മുഖ്യസ്ഥാനമുണ്ട്. ഇത്തവണത്തെ വിഷുവിപണിയോട് അനുബന്ധിച്ച് ചില പച്ചക്കറികള്‍ക്ക് നേരിയ തോതില്‍ വില കൂടിയിട്ടുണ്ടെങ്കിലും കണിവെള്ളരി കുറഞ്ഞ വിലയ്ക്കാണ് വില്‍പന നടക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായതാണ് പ്രാദേശിക വിപണിയില്‍ വില വലിയ തോതില്‍ വര്‍ധിക്കാതിരിക്കാന്‍ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നു. നിലവില്‍ കണിവെള്ളരിക്ക് കിലോഗ്രാമിന് 35 രൂപയാണ് വില. അതേസമയം പയര്‍, ബീന്‍സ്, നേന്ത്രക്കായ തുടങ്ങിയവയ്ക്കാണ് താരതമ്യേന വില കൂടിയത്. വിഷുവിനോട് അടുപ്പിച്ചുള്ള ദിവസങ്ങളില്‍ വില കൂടാനുള്ള സാധ്യതയുണ്ട്. പച്ചക്കറികളടക്കമുള്ള അവശ്യവസ്തുക്കള്‍ ന്യായവിലയില്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ വിപണികളും സജ്ജമാണ്. വന്യജീവി ആക്രമണമുള്ള മേഖലകളില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കണിവെള്ളരിയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
