image

8 March 2026 10:32 AM IST

Agriculture and Allied Industries

പശ്ചിമേഷ്യ: 12 ബില്യണ്‍ ഡോളറിന്റെ കാര്‍ഷിക കയറ്റുമതിക്ക് തിരിച്ചടി, വിപണിയില്‍ ആശങ്കയുടെ കപ്പലോട്ടം

MyFin Desk

west asia, setback for indian agricultural exports worth $11.8 billion
X

Summary

2025-ലെ കണക്കുകള്‍ പ്രകാരം ഏകദേശം 11.8 ബില്യണ്‍ ഡോളര്‍ (98,000 കോടി രൂപ) മൂല്യമുള്ള കാര്‍ഷിക കയറ്റുമതിയാണ് നിലവില്‍ പ്രതിസന്ധിമൂലം കുടുങ്ങിക്കിടക്കുന്നത്. ഷിപ്പിംഗ് റൂട്ടുകളിലെ തടസ്സങ്ങളും ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ അമിത വര്‍ധനവും ഇന്ത്യയുടെ മൊത്തം കാര്‍ഷിക കയറ്റുമതിയുടെ 21.8 ശതമാനത്തെയും അനിശ്ചിതത്വത്തിലാക്കുന്നു


പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക കയറ്റുമതി മേഖലയ്ക്ക് കനത്ത ആഘാതമായി. 2025-ലെ കണക്കുകള്‍ പ്രകാരം ഏകദേശം 11.8 ബില്യണ്‍ ഡോളര്‍ (98,000 കോടി രൂപ) മൂല്യമുള്ള കാര്‍ഷിക കയറ്റുമതിയാണ് നിലവില്‍ പ്രതിസന്ധിമൂലം കുടുങ്ങിക്കിടക്കുന്നത്. ഷിപ്പിംഗ് റൂട്ടുകളിലെ തടസ്സങ്ങളും ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ അമിത വര്‍ധനവും ഇന്ത്യയുടെ മൊത്തം കാര്‍ഷിക കയറ്റുമതിയുടെ 21.8 ശതമാനത്തെയും അനിശ്ചിതത്വത്തിലാക്കിയെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) മുന്നറിയിപ്പ് നല്‍കുന്നു. വിദേശനാണ്യം ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ വ്യാപാര മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ഈ സാഹചര്യം.

പ്രതിസന്ധിയിലാകുന്ന പ്രിയ വിപണി

നമ്മുടെ തനത് രുചികളുടെ ഏറ്റവും വലിയ 'സ്വാഭാവിക വിപണി'യായ പശ്ചിമേഷ്യ കൈവിട്ടുപോകുന്നത് കയറ്റുമതിക്കാരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഇന്ത്യയുടെ ആഗോള അരി കയറ്റുമതിയുടെ മൂന്നിലൊന്നിലധികം (36.7%) വിറ്റഴിയുന്നത് ഗള്‍ഫ് നാടുകളിലാണ്. ഇതിനുപുറമെ, സുഗന്ധവ്യഞ്ജനങ്ങള്‍, കാപ്പി (240.7 മില്യണ്‍ ഡോളര്‍), തേയില (410.1 മില്യണ്‍ ഡോളര്‍) എന്നിവയുടെ വിപണനത്തിലും കടുത്ത അനിശ്ചിതത്വം നിഴലിക്കുന്നു. മദ്യവും ഇതര പാനീയങ്ങളും ഉള്‍പ്പെടെയുള്ള വിഭാഗത്തില്‍ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ പകുതിയോളം ഈ മേഖലയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.

കര്‍ഷകരിലേക്ക് പടരുന്ന ആശങ്ക

കയറ്റുമതിയിലെ ഈ തടസ്സങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരെയും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളെയും നേരിട്ട് ബാധിക്കും. അരി ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ള പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഗള്‍ഫ് വിപണി അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 396.5 മില്യണ്‍ ഡോളറിന്റെ വാഴപ്പഴവും 111 മില്യണ്‍ ഡോളറിന്റെ ഉള്ളിയും വെളുത്തുള്ളിയും ഈ മേഖലയിലേക്ക് എത്തിച്ചിരുന്നു. ഇഞ്ചി, മഞ്ഞള്‍, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദകര്‍ക്കും നിലവിലെ ഷിപ്പിംഗ് പ്രതിസന്ധി വലിയ സാമ്പത്തിക ഭാരമായി മാറും.

പാല്‍ ഉല്‍പ്പന്നങ്ങളും മാംസ വിപണിയും വെല്ലുവിളിയില്‍

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം തന്നെ പാലുല്‍പ്പന്നങ്ങളുടെയും മാംസത്തിന്റെയും കയറ്റുമതിയിലും വന്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. 2025-ല്‍ 281.1 മില്യണ്‍ ഡോളറിന്റെ പാല്‍ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഈ മേഖലയിലേക്ക് കയറ്റുമതി ചെയ്തത്. ഇത് ഇന്ത്യയുടെ മൊത്തം പാലുല്‍പ്പന്ന കയറ്റുമതിയുടെ 28.9 ശതമാനമാണ്. കൂടാതെ, 1.81 ബില്യണ്‍ ഡോളറിന്റെ മാംസ-മത്സ്യ ഉല്‍പ്പന്നങ്ങളും 1.35 ബില്യണ്‍ ഡോളറിന്റെ സംസ്‌കരിച്ച ഭക്ഷണസാധനങ്ങളും പശ്ചിമേഷ്യന്‍ വിപണിയിലേക്ക് ഒഴുകുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ സമാധാനാന്തരീക്ഷം തകരുന്നത് ഇന്ത്യന്‍ കര്‍ഷകരുടെ ലാഭവിഹിതം കുറയ്ക്കുമെന്നും ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ജിടിആര്‍ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ നിരീക്ഷിക്കുന്നു.