27 March 2026 4:12 PM IST
West Asia Conflict Hits Egg Industry: പശ്ചിമേഷ്യ സംഘർഷം: കയറ്റുമതി നിലച്ചു, മുട്ടവില ഇടിഞ്ഞ് കർഷകർ പ്രതിസന്ധിയിൽ
MyFin Desk
Summary
നാമക്കലിൽ ദിനംപ്രതി കോടികളുടെ നഷ്ടം; സ്റ്റോക്ക് കൂടിയതോടെ സംഭരണവില കുറയ്ക്കാൻ തീരുമാനം
പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷവും ഗതാഗത തടസ്സങ്ങളും ഇന്ത്യയിലെ മുട്ട വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. കയറ്റുമതി പൂർണമായും നിലച്ചതോടെ ആഭ്യന്തര വിപണിയിൽ മുട്ടയുടെ അധിക സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്.
രാജ്യത്തെ പ്രധാന കോഴിവളർത്തൽ കേന്ദ്രമായ നാമക്കലിൽ കഴിഞ്ഞ ദിവസങ്ങളിൽ മുട്ടവിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. മൂന്ന് ദിവസത്തിനിടെ ഒരു മുട്ടയ്ക്ക് ഏകദേശം 40 പൈസ വരെ വില കുറഞ്ഞു. ഇതോടെ കർഷകർക്ക് ദിനംപ്രതി കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
ഓരോ മുട്ടക്കും ശരാശരി ഒരു രൂപ വരെ നഷ്ടം
തുറമുഖങ്ങൾ അടച്ചതും വ്യോമഗതാഗത നിയന്ത്രണങ്ങളും കയറ്റുമതിയെ സാരമായി ബാധിച്ചു. ആവശ്യക്കാർ കുറഞ്ഞതോടെ വിപണിയിൽ സ്റ്റോക്ക് കൂടുകയും വില ഇടിയുകയും ചെയ്തു.ഇതിനിടെ, നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിൽ സംഭരണവില കുറയ്ക്കാൻ തീരുമാനമായി. നിലവിൽ ഓരോ മുട്ടക്കും ശരാശരി ഒരു രൂപ വരെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതിദിനം കോടികൾ കണക്കിന് മുട്ട ഉത്പാദിപ്പിക്കുന്ന നാമക്കലിൽ ചെറുകിടയും ഇടത്തരം കർഷകരും ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിരിക്കുകയാണ്.അതേസമയം, ചില്ലറ വിപണിയിൽ വലിയ മാറ്റമില്ല. മുട്ട ട്രേയ്ക്ക് ഏകദേശം 85 രൂപ നിരക്ക് തുടരുന്നതോടെ ഉൽപാദകരും ഉപഭോക്താക്കളും തമ്മിലുള്ള വില വ്യത്യാസം ഉയരുകയാണ്.
സ്ഥിതി ഗുരുതരമായതിനാൽ സർക്കാർ അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം. കയറ്റുമതി പുനരാരംഭിക്കൽ, സംഭരണ സൗകര്യങ്ങൾ വർധിപ്പിക്കൽ, സബ്സിഡി എന്നിവ അടിയന്തരമായി നടപ്പാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. സംഘർഷം തുടരുകയാണെങ്കിൽ മുട്ടവിലയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
