- Home
- /
- Industries
- /
- Automobile
- /
- ലോകത്തെ ഏറ്റവും...

Summary
ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്ന നമ്പര്‍ പ്ലേറ്റായ 'എഫ്1' ന് ഉടമ ആവശ്യപ്പെടുന്നത് നികുതിയടക്കം 132 കോടി രൂപയാണ്.
നിങ്ങളുടെ വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പര്‍ വേണമെന്നാഗ്രഹിച്ചാല്‍ എത്ര പണം നിങ്ങള്‍ ചെലവഴിക്കും? രണ്ടായിരം? പതിനായിരം? ഒരുപക്ഷേ ആഗ്രഹം കൊണ്ട്...
നിങ്ങളുടെ വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പര്‍ വേണമെന്നാഗ്രഹിച്ചാല്‍ എത്ര പണം നിങ്ങള്‍ ചെലവഴിക്കും? രണ്ടായിരം? പതിനായിരം? ഒരുപക്ഷേ ആഗ്രഹം കൊണ്ട് ഒരു ലക്ഷമെങ്കിലും? എന്നാല്‍ കോടികളുടെ വിലയുള്ള ഒരു നമ്പര്‍ പ്ലേറ്റ് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ? ലക്ഷങ്ങള്‍ വരെ ചെലവഴിച്ച് കേരളത്തില്‍ തന്നെ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കോടികള്‍ ഒരു നമ്പറിന് ചോദിക്കുന്നത് ഒന്നാലോചിക്കാന്‍ പറ്റുമോ? ഒന്നോ രണ്ടോ കോടിയല്ല, 132 കോടി രൂപ! ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്ന നമ്പര്‍ പ്ലേറ്റായ 'എഫ്1' ന് ഉടമ ആവശ്യപ്പെടുന്നത് നികുതിയടക്കം 132 കോടി രൂപയാണ്. ബ്രിട്ടനില്‍ ആണ് ശതകോടി വിലയുള്ള നമ്പര്‍ പ്ലേറ്റ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
132 കോടിക്കു വാങ്ങാന്‍ സ്വര്‍ണ്ണം കൊണ്ടോ, ഡയമണ്ടു കൊണ്ടോ ഒന്നും ഉണ്ടാക്കിയതല്ല ഈ നമ്പര്‍ പ്ലേറ്റ് . ഫോര്‍മുല 1 കാറോട്ട മത്സരത്തിനെ ഓര്‍മിപ്പിക്കുന്ന എഫ് 1 എന്ന നമ്പര്‍ അതിന്റെ പ്രശസ്തിയും ആരാധനയും കൊണ്ട് മാത്രമാണ് ഈ കണ്ണുതള്ളിക്കുന്ന വില.
ബ്രിട്ടന്‍ ആസ്ഥാനമായുള്ള കാന്‍ ഡിസൈനിന്റെ ഉടമ അഫ്‌സല്‍ കാന്‍ ആണ് തന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് വില്‍പ്പനയ്ക്കു വച്ചതായി പരസ്യം ചെയ്തത്. നിലവില്‍ അദ്ദേഹത്തിന്റെ ബുഗാട്ടി വെയ്റോണ്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് ആണ് എഫ് 1. 10.52 കോടി രൂപയ്ക്കാണ് കാന്‍ ഈ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്.
പരസ്യം അനുസരിച്ച് 110 കോടി രൂപ മാത്രമാണ് നമ്പര്‍ പ്ലേറ്റിന്റെ വില. ഇതിനോടൊപ്പം 20% വാറ്റും ട്രാന്‍സ്ഫര്‍ ഫീസും ചേര്‍ത്ത് വാങ്ങുന്നയാള്‍ക്ക് 132 കോടി രൂപയോളം ചിലവാക്കേണ്ടി വരും. ഇന്ത്യയില്‍ നിന്ന് വ്യത്യസ്ഥമായി ബ്രിട്ടനില്‍ പൗരന്മാര്‍ക്ക് അവരുടെ സ്വന്തമാണ് നമ്പര്‍ പ്ലേറ്റുകള്‍. അതുകൊണ്ടു തന്നെ അവ കൈമാറ്റം ചെയ്യുകയോ ലേലത്തില്‍ വയ്ക്കുകയോ ചെയ്യാം. യുകെയിലെ ഔദ്യോഗിക നമ്പര്‍ പ്ലേറ്റുകളുടെ പ്രമുഖ വിതരണക്കാരായ റെഗ്ട്രാന്‍സ്‌ഫേഴ്‌സില്‍ അഫ്‌സല്‍ കാന്‍ തന്നെ മറ്റ് പല നമ്പര്‍ പ്ലേറ്റുകളും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. വെബ്സൈറ്റിന്റെ ഉപഭോക്താക്കളില്‍ ഡേവിഡ് ബെക്കാം, വെയ്ന്‍ റൂണി തുടങ്ങിയ സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ വ്യവസായി ആയ ബല്‍വീന്ദര്‍ സഹാനി സ്വന്തമാക്കിയ 'D5' നമ്പര്‍ പ്ലേറ്റാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വില കൂടിയ നമ്പര്‍ പ്ലേറ്റ്. 67 കോടി രൂപയ്ക്കാണ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബല്‍വീന്ദര്‍ സാഹ്നി തന്റെ റോള്‍സ് റോയ്‌സ് കാറിന് വേണ്ടി പുതിയ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഒരു കസ്റ്റമൈസ്ഡ് നമ്പര്‍ പ്ലേറ്റ് വാങ്ങാന്‍ കഴിയില്ലെങ്കിലും, ഒരാള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ വാഹന രജിസ്ട്രഷന്‍ സമയത്ത് ലേലത്തിലൂടെ വാങ്ങാന്‍ കഴിയും. 3000 രൂപമുതലാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ഈടാക്കുന്ന ഫീസ്.
പഠിക്കാം & സമ്പാദിക്കാം
Home