image

14 Jan 2022 9:46 AM IST

ഓഡി,
X

Summary

ഒഗസ്റ്റസ് ഹോഷ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് രംഗത്ത് ജര്‍മനിയിലെ മുന്‍ഗാമികളില്‍ ഏറ്റവും പ്രധാനി.


ഒഗസ്റ്റസ് ഹോഷ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് രംഗത്ത് ജര്‍മനിയിലെ മുന്‍ഗാമികളില്‍ ഏറ്റവും പ്രധാനി. കാള്‍ ബെന്‍സിലെ മോട്ടോര്‍ വാഹന നിര്‍മാണ യൂണിറ്റില്‍ എഞ്ചിന്‍ നിര്‍മാണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോഷ് 1899 ലാണ് സ്വന്തം കമ്പനി ആരംഭിക്കുന്നത്. പേര് എ ഹോര്‍ഷ് ആന്റ് സീ (A.Horch & Cie). കൊളോണില്‍ ആരംഭിച്ച സ്ഥാപനം മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം സാക്‌സോണി സംസ്ഥാനത്തിലെ റെയ്ഷന്‍ബാച്ചിലേക്കും 1904 ല്‍ സാക്‌സോണിയിലെ തന്നെ സ്വിക്കോവിലേക്കും മാറ്റി സ്ഥാപിച്ചു.

സ്വിക്കോവിലേക്ക് മാറ്റിയ ഉടനെ കമ്പനിയെ ഒരു ജോയിന്റ് സ്റ്റോക്ക് കോര്‍പറേഷനായും മാറ്റി. എന്നാല്‍ അധികം താമസിക്കാതെ മാനേജ്‌മെന്റ് ബോര്‍ഡുമായി അഭിപ്രായഭിന്നത ഉടലെടുത്തതോടെ ഹോഷ് കമ്പനി വിട്ടു. കമ്പനി വിട്ട ഹോഷ് സ്വിക്കോവില്‍ തന്നെ മറ്റൊരു കാര്‍ കമ്പനിക്ക് രൂപം നല്‍കി. ആദ്യകമ്പനിക്ക് തന്റെ പേര് നല്‍കിയതിനാല്‍ തന്നെ ആ പേരില്‍ കമ്പനി ആരംഭിക്കാന്‍ ട്രേഡ്മാര്‍ക്ക് പ്രശ്‌നം ഉടലെടുത്തു. ഒടുവില്‍ സ്വന്തം പേരിന്റെ ലാറ്റിന്‍ വാക്കില്‍ ഹോഷ് കമ്പനി ആരംഭിച്ചു. ആ കമ്പനിയാണ് ഔഡി.

ഹോഷിന്റെ മകാനാണ് ഔഡി എന്ന ലാറ്റിന്‍ വാക്ക് അച്ചന് നല്‍കിയത്. ഹോഷും ബിസിനസ് പങ്കാളികളും തമ്മിലുള്ള ചര്‍ച്ച ഒളിഞ്ഞുകേട്ടാണ് ലാറ്റിന്‍ ഭാഷയില്‍ കമ്പമുണ്ടായിരുന്ന മകന്‍ ഈ ആശയം മുന്നോട്ട് വെച്ചത്. ഹോഷ് എന്നതിന് ജര്‍മനിയില്‍ അര്‍ത്ഥം കേള്‍ക്കുക എന്നാണ്. ലാറ്റിനില്‍ കേള്‍ക്കുക എന്നതിന് ഓഡി എന്നാണ് വാക്ക്. അങ്ങനെയാണ് ഓഡി എന്ന കാര്‍ കമ്പനിയുടെ പിറവി.

1910 ല്‍ ഔഡിയുടെ ആദ്യത്തെ കാര്‍ വിപണിയിലെത്തി. മറ്റ് യൂറോപ്യന്‍ കാര്‍ കമ്പനികളെ പോലെ തന്നെ കാറോട്ടമത്സരത്തില്‍ മാറ്റുരച്ചാണ് ഔഡിയും വിപണിയില്‍ കരുത്ത് തെളിയിച്ചത്. 1912 മുതല്‍ 1914 വരേ തുടര്‍ച്ചായായ മൂന്ന് തവണ അക്കാലത്തെ ഏറ്റവും കഠിനമായ ആസ്ട്രിയന്‍ ആല്‍പൈന്‍ റാലിയില്‍ ഒന്നാമതെത്തിയാണ് ഔഡി വിപണിയിലെ തങ്ങളുടെ വരവറിയിച്ചത്. 1914 ഡിസംബറില്‍ ഔഡി ഓട്ടോമൊബൈല്‍ വര്‍ക്ക് എന്ന കാര്‍ നിര്‍മാണ കമ്പനി ജോയന്റ് സ്റ്റോക്ക് കോര്‍പറേഷന്‍ കമ്പനിയായി മാറി.

ഒളിംപിക്‌സിന്റെ ചിഹ്നം അറിയില്ലേ. 5 വളയങ്ങള്‍. അതിന് സമാനമാണ് ഔഡിയുടേതും. പരസ്പരം ബന്ധിപ്പിച്ച നാല് വളയങ്ങളാണ് ഔഡിയുടെ ചിഹ്നം. 1932 ലാണ് ഈ ലോഗോ ഔഡി ഉപയോഗിച്ച് തുടങ്ങിയത്. അതുവരേയും ഔഡി എന്ന് എഴുതിയ താഴ്കക്കുള്ള ആരോ ആയിരുന്നു ഔഡിയുടെ ലോഗോ. പുതിയ ലോഗോയിലെ നാല് വളയവും സ്വിക്കോവിലെ നാല് കാര്‍ നിര്‍മാണ കമ്പനികളെയാണ് സൂചിപ്പിക്കുന്നത്. ഔഡി, ഡി കെ ഡബ്ല്യൂ, വാന്‍ഡറര്‍, ഹോച്ച് (ഓഗസ്റ്റസ് ഹോച്ച് ആദ്യം സ്ഥാപിച്ച അതേ കാര്‍ കമ്പനി) എന്നീ കമ്പനികളാണ് അവ. 1932 ല്‍ ഈ കമ്പനികളെല്ലാം ഒന്നായതോടെയാണ് പുതിയ ലോഗോ സ്വീകരിച്ചത്.

1929 ലെ ആഗോള സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ലാഭത്തിലോടിയിരുന്ന ഈ കമ്പനികളെല്ലാം നഷ്ടത്തിലാവുകയും പിടിച്ചുനില്‍ക്കാന്‍ ലയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് സാക്‌സോണിയുടെ ആശയമായിരുന്നു കമ്പനികളുടെ ലയനം. ഒറ്റ ലോഗോയിലേക്ക് നാല് കമ്പനികളും ലയിച്ച് എത്തിയെങ്കിലും തുടക്കത്തില്‍ ഹോഷ് ഇറക്കിയ വാഹനങ്ങളിലെല്ലാം ഹോഷിന്റെ പഴയ ലോഗോയും ചേര്‍ത്ത് ഡബിള്‍ ലോഗോയുമായാണ് വാഹനങ്ങളും വിപണിയിലെത്തിയത്. നാല് വളയത്തിന്റെ ലോഗോയില്‍ തന്നെ എഴുത്തിലും നിറത്തിലുമെല്ലാം ചെറിയ ചെറിയ പരിഷ്‌കക്കരണത്തിന് ഔഡി പലപ്പോഴും വിധേയമായി.

ആദ്യം ബ്രൌണ്‍ നിറത്തിലുള്ള നാല് വളയത്തിനുള്ളില്‍ ഓട്ടോ യൂണിയന്‍ എന്ന് ആലേഖനം ചെയ്തായിരുന്നു ലോഗോ. പിന്നീട് നിറം ചുവപ്പാക്കിമാറ്റി. 1978 ല്‍ ബ്ലാക്ക് ഓവല്‍ ഷെയ്പ്പില്‍ വെള്ള അക്ഷരങ്ങളിലുള്ള ലോഗോ ആയിമാറി. 1985 ല്‍ ഔഡി എന്ന എഴുത്തിലേക്ക് ലോഗോ മാറ്റിയെങ്കിലും അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും വളയങ്ങളിലേക്ക് തന്നെ ലോഗോ മാറ്റി. ത്രിമാന ലോഗോ ആയിരുന്നു ഇക്കുറി. എന്നാല്‍ ഓണ്‍ലൈന്‍ വിപണി കൂടി സജീവമായതോടെ 2016 ല്‍ ലോഗോ തിരികെ 2 ഡിയിലേക്ക് തിരികെ മാറ്റി.

1964 ല്‍ ജര്‍മനിയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളില്‍ ഒന്നായ ഫോക്‌സ് വാഗന്‍ ഔഡിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. പിന്നീട് ഇരുവരും സഹകരിച്ചാണ് വാഹനങ്ങള്‍ നിരത്തിലെത്തിച്ചത്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ഔഡിയുടെ വിപണി വ്യാപിപ്പിച്ചത് ഫോക്‌സ് വാഗന്‍ ഔഡിയെ സ്വന്തമാക്കിയതോടെയാണ്. നിലവില്‍ ഫോക്‌സ് വാഗന്റെ സബ്‌സിഡറി സ്ഥാപനമായാണ് ഔഡി പ്രവര്‍ത്തിക്കുന്നത്.

ഡിസൈനുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നതാണ് ഔഡിയെ മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്ഥരാക്കുന്നത്. കാറിന് ഒരു രൂപം നല്‍കുകയെന്നതിലും അപ്പുറമാണ് ഡിസൈന്‍ എന്നാണ് ഔഡിയുടെ മതം. ആളുകളുടെ അഭിരുചിയും താല്‍പര്യവും സ്വപ്നവുമെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതാവണം കാറിന്റെ ഡിസൈന്‍ എന്നാണ് ഔഡിയുടെ പ്രഖ്യാപിത നിലപാട്. ലൈറ്റിങ് സംവിധാനം മുതല്‍ ബോഡിയുടെ ഷെയ്പ്പില്‍ വരെ ഔഡി ഇത് കാത്ത് സൂക്ഷിക്കുന്നു. ഇതിനൊപ്പം തന്നെ വാഹനത്തിന്റെ പെര്‍ഫോര്‍മെന്‍സിലും യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും ഔഡി തയ്യാറല്ല.

കാലത്തിനനുസരിച്ച് എഞ്ചിനുകളുടെ പവര്‍ കൂട്ടിയും മാറ്റങ്ങള്‍ വരുത്തിയും ഔഡി മാര്‍ക്കറ്റിലെ സ്വാധീനം നിലനിര്‍ത്തികൊണ്ടേയിരിക്കുന്നു. സെഡാന്‍, എസ് യു വി, സ്‌പോര്‍ട്‌സ് കാറുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ലോകോത്തരനിലവാരമുളള കാറുകളാണ് ഔഡി പുറത്തിറക്കുന്നത്. സീറോ എമിഷന്‍ ലക്ഷ്യം വെച്ച് ഇലക്ട്രിക്ക് കാറുകളുടെ നിര്‍മാണത്തിലും ഔഡി മുദ്രപതിപ്പിച്ചുകഴിഞ്ഞു. ഔഡി ആര്‍ എസ് ഇ ട്രോണ്‍ ജിടി ഈ രംഗത്തെ ഔഡിയുടെ മികച്ച മോഡലാണ്. എ4, എ5,എ6,എ7, എ8,ക്യു 2, ക്യു 5, ക്യു 8 തുടങ്ങി നിരവധി മോഡലുകള്‍ വിപണിയില്‍ ചലനമുണ്ടാക്കിയ ഔഡിയുടെ വാഹനങ്ങളാണ്.

Tags: