image

6 Feb 2023 11:57 AM GMT

Automobile

ഓട്ടോ മൊബൈല്‍ രംഗത്തെ വില്പനയില്‍ ജനുവരി മാസം 14 ശതമാനത്തിന്റെ വര്‍ധന

MyFin Desk

increase in the sales of auto mobile sector in the month of january
X

Summary

പാസ്സഞ്ചര്‍ വാഹനങ്ങള്‍, ഇരു ചക്ര വാഹനങ്ങള്‍, ട്രാക്റ്ററുകള്‍ എന്നിവയുടെ രജിസ്‌ട്രേഷനുകളില്‍ വര്‍ധ ഉണ്ടായി



രാജ്യത്തെ ഓട്ടോ മൊബൈല്‍ രംഗത്തെ വില്പന ജനുവരി മാസത്തില്‍ 14 ശതമാനം വര്‍ധിച്ചുവെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കി. പാസ്സഞ്ചര്‍ വാഹനങ്ങള്‍, ഇരു ചക്ര വാഹനങ്ങള്‍, ട്രാക്റ്ററുകള്‍ എന്നിവയുടെ രജിസ്‌ട്രേഷനുകളില്‍ ഉണ്ടായ വര്‍ധനയാണ് ഇതിനു പ്രധാന കാരണം.

ഈ വിഭാഗങ്ങളില്‍ ജനുവരിയില്‍ 18,26,669 വാഹനങ്ങളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 16,08,505 വാഹനങ്ങളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയിരുന്നത്.പാസ്സഞ്ചര്‍ വാഹനങ്ങളുടെ വിഭാഗത്തില്‍,മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഉണ്ടായിരുന്ന 2,79,050 വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ നിന്നും 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇത്തവണ 3,40,220 വാഹനങ്ങളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

ഇരു ചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്പന 12,65,069 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 11,49,351 യുണിറ്റുകളായിരുന്നു. 10 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.മുച്ചക്ര വാഹനങ്ങളുടെ വില്പനയില്‍ 59 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 41,487 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഇത്തവണ 65,796 യൂണിറ്റുകള്‍ വിറ്റഴിച്ചു.

വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 70853 യൂണിറ്റുകളില്‍ നിന്നും 16 ശതമാനം വര്‍ധിച്ച് 82,428 യൂണിറ്റുകളായി.ട്രാക്ടര്‍ വില്പന 8 ശതമാനം വര്‍ധിച്ച് 67,764 യൂണിറ്റുകളില്‍ നിന്നും 73,156 യൂണിറ്റുകളായി.