image

26 Dec 2022 9:55 AM GMT

Automobile

കൈനെറ്റിക്കിന്റെ ഇ-ലൂണ വരുന്നു

MyFin Desk

Kinetic Luna
X

Summary

  • പ്രതിമാസം 5,000 സെറ്റുകളുടെ ഉത്പാദനമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യം വെയ്ക്കുന്നത്.


ഡെല്‍ഹി: ഒരു കാലത്ത് ജനപ്രിയ വാഹനമായിരുന്ന മോപ്പഡ് ലൂണയുടെ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാന്‍ കൈനെറ്റിക് ഗ്രൂപ്പ്. കൈനെറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊലൂഷന്‍ എന്ന സഹോദര സ്ഥാപനമാണ് ഇ-ലൂണ പുറത്തിറക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കൈനറ്റിക് എഞ്ചിനീയറിംഗ് ലിമിറ്റഡ് (കെഇഎല്‍) ലൂണയുടെ ഇലക്ട്രിക് മോഡലിന് വേണ്ട ഷാസികളുടെയും മറ്റ് അസംബ്ലികളുടെയും നിര്‍മ്മാണം ആരംഭിച്ചു.

മെയിന്‍ ഷാസി, മെയിന്‍ സ്റ്റാന്‍ഡ്, സൈഡ് സ്റ്റാന്‍ഡ്, സ്വിംഗ് ആം എന്നിവയുള്‍പ്പെടെ ഇ-ലൂണയ്ക്കാവശ്യമായ എല്ലാ പ്രധാന സബ് അസംബ്ലികളും കമ്പനി വികസിപ്പിച്ചെടുത്തു. കൂടാതെ പ്രതിമാസം 5,000 സെറ്റുകളുടെ ഉത്പാദനമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും കമ്പനി അഭിപ്രായപ്പെടുന്നു.

ഇ-ലൂണയുടെ ഉത്പാദനം കൂടുന്നതിനനുസരിച്ച് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ബിസിനസില്‍ 30 കോടി രൂപ വീതം കൂട്ടിച്ചേര്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും. ഇത് ഇവി വിഭാഗത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കെഇഎല്ലിനെ സഹായിക്കുമെന്നും, കെഇഎല്‍ മാനേജിംഗ് ഡയറക്ടര്‍ അജിങ്ക്യ ഫിറോഡിയ വ്യക്തമാക്കി. അമ്പത് വര്‍ഷം മുമ്പാണ് ലൂണ പുറത്തിറക്കിയത്. അക്കാലത്ത് പ്രതിദിനം 2,000 എണ്ണത്തിന്റെ വില്‍പ്പനവരെ നടന്നിരുന്നു.

പുതിയ വാഹനത്തിന്റെ എല്ലാ അസംബ്ലികളും അഹമ്മദ്‌നഗറിലെ ഫാക്ടറിയില്‍ കൃത്യമായി പെയിന്റ് ചെയ്ത് പൂര്‍ത്തിയാക്കുമെന്നും, പ്ലാന്റിനുള്ളിലെ ഒരു എക്‌സ്‌ക്ലൂസീവ് ഷോപ്പില്‍ 30-ലധികം വെല്‍ഡിംഗ് മെഷീനുകളുടെ ഒരു പുതിയ ലൈന്‍ സ്ഥാപിക്കുകയും അതിന്റെ പെയിന്റ് ഷോപ്പും പ്രസ്, ഫാബ്രിക്കേഷന്‍ ഷോപ്പുകളും നവീകരിക്കുന്നതിനായി 3 കോടിയിലധികം രൂപ നിക്ഷേപിക്കുകയും ചെയ്തതായും കമ്പനി വ്യക്തമാക്കുന്നു.