image

13 April 2023 12:52 PM IST

Automobile

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 27% വളര്‍ച്ച

MyFin Desk

sales of passenger vehicles
X

Summary

  • സ്‌പോട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ ആവശ്യകത ഉയര്‍ന്നു
  • മാരുതിയുടെ മൊത്ത വില്‍പ്പനയില്‍ 19 ശതമാനം വര്‍ധന
  • ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുന്നതിന്റെ സൂചന


രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത് 26.7% വളര്‍ച്ചയാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടൊമൊബൈല്‍ മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ (എസ്‌ഐഎഎം) പുറത്തുവിട്ട ഡാറ്റ. പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പന അളവ് 2021-22ല്‍ 3.1 മില്യണ്‍ യൂണിറ്റുകളായിരുന്നത് 2022-23ല്‍ 39 മില്യണ്‍ യൂണിറ്റുകളിലേക്ക് ഉയര്‍ന്നു. ചിപ്പ് ക്ഷാമത്തില്‍ അയവ് വന്നതും സ്‌പോട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ ആവശ്യകത ഉയര്‍ന്നതുമാണ് വില്‍പ്പന വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നതെന്ന് വ്യാവസായിക സംഘടന ചൂണ്ടിക്കാണിക്കുന്നു.

മാര്‍ച്ചില്‍ 4.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് മുന്‍വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് പിവി വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്. 2,92,030 യൂണിറ്റുകളുടെ വില്‍പ്പനയാണ് മാര്‍ച്ചില്‍ ഉണ്ടായത്. 2022 മാര്‍ച്ചില്‍ 2,79,525 യൂണിറ്റുകളാണ് വിറ്റിരുന്നത്.

ടുവീലര്‍ വില്‍പ്പന 2022 മാര്‍ച്ചിലെ 11,98,825 യൂണിറ്റില്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 12,90,553 യൂണിറ്റുകളിലേക്ക് ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 1,58,62,087 ടൂവീലര്‍ യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. 2021-22ല്‍ 1,35,70,00 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്.

മൊത്തം വാഹനങ്ങളുടെ മൊത്തവില്‍പ്പന മാര്‍ച്ചില്‍ 16,37,048 ആയിരുന്നു. മുന്‍വര്‍ഷം മാര്‍ച്ചിലിത് 15,10,534 ആയിരുന്നു. 2,12,04,162 യൂണിറ്റുകളുടെ മൊത്തവില്‍പ്പന 2022-23ല്‍ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1,76,17,606 ആയിരുന്നു.

മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടാറ്റാ മോട്ടോര്‍സ് തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ ഏറ്റവും ഉയര്‍ന്ന അളവിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡീലര്‍മാരിലേക്ക് വാഹനങ്ങള്‍ അയച്ചിട്ടുള്ളത്. 19 ശതമാനം വര്‍ധന മാരുതിയുടെ മൊത്ത വില്‍പ്പനയില്‍ പ്രകടമായി.

രാജ്യത്തെ ആഭ്യന്തര ഉപഭോഗവും സാമ്പത്തിക വളര്‍ച്ചയും കണക്കാക്കുന്നതിലെ പ്രധാന അളവുകോലാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന.