21 Jun 2023 11:44 AM IST
ഇവി വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒല; പുതിയ മോഡല്‍ ജുലൈയില്‍ പുറത്തിറക്കും
Antony Shelin
Summary
- സമീപകാലത്ത് ഒല സ്‌കൂട്ടര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു
- പുതുതായി പുറത്തിറക്കാന്‍ പോകുന്ന സ്‌കൂട്ടര്‍ എസ് 1 മോഡലിന്റെ പുതിയ വേരിയന്റായിരിക്കുമെന്നാണ് കരുതുന്നത്
- രണ്ട് വര്‍ഷം മുന്‍പാണ് ഒല ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്
ഇലക്ട്രിക് വാഹന (ഇവി) വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഒല. ഒരു പുതിയ മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനിയുടെ സിഇഒ ഭവീഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചു.
' ഞങ്ങളുടെ അടുത്ത പ്രൊഡക്ട് ഇവന്റ് ജുലൈയില്‍ നടക്കുമെന്ന് പ്രഖ്യാപിക്കുന്നു. ആ ഇവന്റിനെ ്#endICEAge show, part1 എന്നും വിളിക്കുന്നു. സ്‌കൂട്ടറിലെ ICEAge നെ part1 അവസാനിപ്പിക്കും. ' ഭവീഷ് ട്വിറ്ററില്‍ കുറിച്ചു.
ICE എന്നത് Internal Combustion Engine എന്നതിന്റെ ചുരുക്കപ്പേരാണ്.
ഉടന്‍ പുറത്തിറക്കുന്ന സ്‌കൂട്ടറിനെ കുറിച്ച് അധികം വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിലുള്ള മോഡലുകളുടെ ടൂറര്‍ പതിപ്പായിരിക്കും പുറത്തിറങ്ങാനുള്ള മോഡലെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഒല എസ്ഇഒ ഭവീഷ് അഗര്‍വാളിന്റെ ട്വീറ്റിലൂടെ മനസിലാക്കാന്‍ സാധിക്കുന്ന ഒരു കാര്യം പുതുതായി പുറത്തിറക്കാന്‍ പോകുന്ന സ്‌കൂട്ടര്‍ എസ് 1 മോഡലിന്റെ പുതിയ വേരിയന്റായിരിക്കുമെന്നാണ്.
സമീപകാലത്ത് ഒല സ്‌കൂട്ടര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. എസ് 1 പ്രോ മോഡലിന് എക്‌സ് ഷോറൂം വില 1.40 ലക്ഷം രൂപയും എസ് 1 മോഡലിന് 1.30 ലക്ഷം രൂപയുമാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ നാലോ അഞ്ചോ മോഡലുകള്‍ അവതരിപ്പിച്ച് ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഒല.
രണ്ട് വര്‍ഷം മുന്‍പാണ് ഒല ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്ന് തൊട്ട് ഇന്നു വരെ വിപണിയില്‍ ക്രമാനുഗത വളര്‍ച്ച കമ്പനി കൈവരിച്ചു.
2023 മെയ് മാസത്തില്‍ കമ്പനി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന കൈവരിച്ചു. 35,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. FAMEII സബ്‌സിഡികള്‍ വെട്ടിച്ചുരുക്കാന്‍ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയില്‍ കുതിച്ചുചാട്ടം ഉണ്ടായത്.
രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഫെയിം. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്നാണ് ഫെയിമിന്റെ പൂര്‍ണരൂപം.
ഒലയുടെ എന്‍ട്രി ലെവല്‍ മോഡലാണ് എസ് 1 എയര്‍. ഇത് ജുലൈ മാസം ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. എസ് 1 എയറിന്റെ 2 kwh, 4 kwh ബാറ്ററി വേര്‍ഷനുകള്‍ ഒല നിര്‍ത്തലാക്കി. പകരം 3 kwh ബാറ്ററി പായ്ക്കിലായിരിക്കും ഇനി എസ് 1 എയര്‍ ലഭിക്കുക. ഈ മോഡലിന്റെ എക്‌സ് ഷോറൂം വില 1.10 ലക്ഷം രൂപയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
