image

26 May 2023 9:16 AM GMT

Automobile

ഇന്ത്യയില്‍ നിര്‍മിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ X 440 ജൂലൈ 3-ന് ലോഞ്ച് ചെയ്യും

MyFin Desk

ഇന്ത്യയില്‍ നിര്‍മിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ X 440 ജൂലൈ 3-ന് ലോഞ്ച് ചെയ്യും
X

Summary

  • ഹാര്‍ലിയുടെ പുതിയ മോഡല്‍ വിപണിയിലിറങ്ങുന്ന വാര്‍ത്ത ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് വലിയ ആശങ്ക സമ്മാനിക്കുമെന്നത് ഉറപ്പ്
  • 2.7 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വിലയായി കണക്കാക്കുന്നത്
  • ഹീറോ മോട്ടോകോര്‍പ്പ്-ഹാര്‍ലി ഡേവിഡ്സണ്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യ ഉല്‍പ്പന്നമായിരിക്കും ഹാര്‍ലി ഡേവിഡ്സണ്‍ x440


പ്രമുഖ അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. ലോകമെങ്ങും ആരാധകരുള്ള ബ്രാന്‍ഡ് കൂടിയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. പക്ഷേ, 2020 സെപ്റ്റംബറില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍മാറിയ ഹാര്‍ലി 2021-ല്‍ തിരിച്ചുവരികയുണ്ടായി. ഇന്ത്യയിലെ മുന്‍നിര മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് പുതിയ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലിറക്കാനാണ് ഹാര്‍ലി തിരിച്ചെത്തിയത്. അന്ന് മുതല്‍ ഇതുവരെ വാഹനപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയുമായിരുന്നു.

ഇപ്പോള്‍ ഇതാ ആ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. ജുലൈ മൂന്നിന് ഹാര്‍ലി-ഹീറോ സംരംഭത്തില്‍ പിറവിയെടുത്ത X 440 ബൈക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണ്. 2.7 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വിലയായി കണക്കാക്കുന്നത്.

440 സിസി എയര്‍ / ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഈ ബൈക്കിന് കരുത്തുപകരുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംപോടു കൂടിയ ബൈക്കിന് നിയോ റെട്രോ ലുക്കാണുള്ളത്. ഫ്‌ളാറ്റ് ഹാന്‍ഡില്‍ബാറും, ടിയര്‍ഡ്രോപ് (കണ്ണുനീര്‍) ആകൃതിയിലുള്ള ഇന്ധന ടാങ്കും സിംഗിള്‍ പീസ് സീറ്റും ഈ മോഡലിനുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്കു യോജിക്കും വിധം വിശാലമാണ് സിംഗിള്‍ പീസ് സീറ്റ്.

18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് ബാക്ക് അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ മുന്‍പിലും പിറകുവശത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളാണ്.

സസ്‌പെന്‍ഷന്റെ കാര്യമെടുത്താല്‍ മുന്‍വശത്ത് അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും(USD fork) പിറകില്‍ ട്വിന്‍ സൈഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണുള്ളത്.

ഹീറോ മോട്ടോകോര്‍പ്പ്-ഹാര്‍ലി ഡേവിഡ്സണ്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യ ഉല്‍പ്പന്നമായിരിക്കും ഹാര്‍ലി ഡേവിഡ്സണ്‍ x440.

പ്രീമിയം ബൈക്ക് സെഗ്മെന്റില്‍ തങ്ങളുടെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷം എക്കാലത്തെയും ഉയര്‍ന്ന മോഡല്‍ ലോഞ്ച് ചെയ്യാന്‍ കമ്പനി ഒരുങ്ങുകയാണെന്ന് ഈ മാസം ആദ്യം ഹീറോ മോട്ടോകോര്‍പ്പ് സിഇഒ നിരഞ്ജന്‍ ഗുപ്ത പറഞ്ഞിരുന്നു. 150 സിസി- 450 സിസിക്ക് ഇടയിലുള്ള പ്രീമിയം സെഗ്മെന്റ് ബൈക്കുകളിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഹാര്‍ലിയുടെ പുതിയ മോഡല്‍ വിപണിയിലിറങ്ങുന്ന വാര്‍ത്ത ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് വലിയ ആശങ്ക സമ്മാനിക്കുമെന്നത് ഉറപ്പ്.