24 Jan 2026 11:55 AM IST
Bajaj-pulsar-125-launch : പൾസർ 125-ന് 2026 അപ്പ്ഡേറ്റ്; LED ലൈറ്റുകളും പുതിയ കളറുകളും, വിലയിൽ ചെറിയ വർധന
MyFin Desk
Summary
സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ് വേരിയന്റുകളിലായി എത്തുന്ന പുതിയ പൾസർ 125-ന് കോസ്മെറ്റിക് മാറ്റങ്ങളും ഫീച്ചർ അപ്പ്ഗ്രേഡുകളും
ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രിയമായ കുഞ്ഞൻ ബൈക്കായ ബജാജ് പൾസർ 125-ന്റെ 2026 പതിപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചു. പുതിയ മോഡൽ സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നീ രണ്ട് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. സിംഗിൾ സീറ്റ് വേരിയന്റിന് 89,910 രൂപയും സ്പ്ലിറ്റ് സീറ്റ് വേരിയന്റിന് 92,046 രൂപയുമാണ് എക്സ്-ഷോറൂം വില.
ഡിസൈൻ, ലുക്ക് എന്നിവയിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും, ചില ശ്രദ്ധേയമായ അപ്ഡേറ്റുകൾ ബൈക്കിന് ലഭിച്ചിട്ടുണ്ട്. മുൻ മോഡലിലെ ഹാലജൻ ലൈറ്റുകൾക്ക് പകരം 2026 പതിപ്പിൽ പൂർണ്ണ എൽഇഡി ഹെഡ്ലാമ്പും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് ഫാസിയയ്ക്കും ചെറിയ പുനർരൂപകൽപ്പന നൽകിയിട്ടുണ്ട്.
കോസ്മെറ്റിക് അപ്പ്ഗ്രേഡിന്റെ ഭാഗമായി ബോഡി പാനലുകളിൽ പുതിയ നിറങ്ങളും പുതുക്കിയ ഗ്രാഫിക്സും അവതരിപ്പിക്കുന്നു. ബ്ലാക്ക് ഗ്രേ, ബ്ലാക്ക് റേസിങ് റെഡ്, ബ്ലാക്ക് സിയാൻ ബ്ലൂ, ടാൻ ബീജ് വിത്ത് റേസിങ് റെഡ് എന്നീ നിറങ്ങളിലാണ് പുതിയ പൾസർ 125 ലഭ്യമാകുക. ഈ അപ്ഡേറ്റുകൾക്ക് മുൻ മോഡലിനെ അപേക്ഷിച്ച് ഏകദേശം 3,500 രൂപയോളം അധികവില കമ്പനി ഈടാക്കുന്നുണ്ടെങ്കിലും, അത് വലിയ വിലക്കയറ്റമായി കണക്കാക്കുന്നില്ല.
മെക്കാനിക്കൽ ഘടകങ്ങളിൽ മാറ്റമില്ല. 124.4 സിസി സിംഗിൾ സിലിണ്ടർ എൻജിൻ തന്നെ പുതിയ മോഡലിലും തുടരുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോഡിയാക്കിയ ഈ എൻജിൻ 8,500 rpm-ൽ 11.64 bhp കരുത്തും 6,500 rpm-ൽ 10.8 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഗ്യാസ്-ചാർജ്ഡ് ട്വിൻ ഷോക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രേക്കിംഗ് സംവിധാനത്തിൽ മുന്നിൽ 240 mm ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കുമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാർജിങ് പോർട്ടും പുതിയ പൾസർ 125-ന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.
പഠിക്കാം & സമ്പാദിക്കാം
Home
