27 Jan 2026 9:31 PM IST
2026 Renault Duster Comeback in India: ഇന്ത്യൻ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തി 2026 റെനോ ഡസ്റ്റർ
MyFin Desk
Summary
പുതിയ ഡിസൈൻ, ടർബോ & ഹൈബ്രിഡ് എൻജിനുകൾ, ആധുനിക ഫീച്ചറുകൾ – മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിൽ വീണ്ടും ഡസ്റ്റർ വെല്ലുവിളി
ഇന്ത്യൻ വിപണിയിലേക്ക് ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവുമായി റെനോ ഡസ്റ്റർ. 2012ൽ ആദ്യമായി അവതരിപ്പിച്ച ഡസ്റ്ററിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. ആധുനിക ഡിസൈൻ, കരുത്തുറ്റ പവർട്രെയിനുകൾ, സമൃദ്ധമായ ഫീച്ചറുകൾ എന്നിവയോടെ മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിൽ വീണ്ടും സാന്നിധ്യം ഉറപ്പിക്കുകയാണ് 2026 റെനോ ഡസ്റ്റർ.
21,000 രൂപ നൽകി ഡസ്റ്ററിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വില മാർച്ചിൽ പ്രഖ്യാപിക്കുമെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്.
എൻജിൻ & പവർട്രെയിൻ
ഡസ്റ്ററിൽ രണ്ട് ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളും ഒരു സ്ട്രോങ് ഹൈബ്രിഡ് പെട്രോൾ എൻജിനും ലഭിക്കും.1.3 ലീറ്റർ ടർബോ പെട്രോൾ എൻജിൻ 163 എച്ച്പി കരുത്തും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇതിന് 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഡിസിടി ഗിയർബോക്സ് ഓപ്ഷനുകളുണ്ട്.1.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ 100 എച്ച്പി കരുത്തും 160 എൻഎം ടോർക്കും നൽകും. ഈ എൻജിനിന് 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ലഭിക്കുക.
സ്ട്രോങ് ഹൈബ്രിഡ് പതിപ്പിൽ 1.8 ലീറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിൻ 109 എച്ച്പി കരുത്ത് നൽകും. 49 എച്ച്പി ഇലക്ട്രിക് മോട്ടോർ, 1.4kWh ബാറ്ററി, 20 എച്ച്പി ഹൈബ്രിഡ് സ്റ്റാർട്ടർ ജനറേറ്റർ എന്നിവ ചേർന്നപ്പോൾ ആകെ കരുത്ത് 160 എച്ച്പിയായി ഉയരും. ഹൈബ്രിഡ് ഡസ്റ്റർ ദീപാവലി സീസണോടെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
എക്സ്റ്റീരിയർ
രാജ്യാന്തര വിപണിയിലെ മൂന്നാം തലമുറ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് ഇന്ത്യൻ മോഡലിലും. പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഗ്രില്ലിൽ വലുപ്പമേറിയ ‘DUSTER’ ബാഡ്ജിംഗും നൽകിയിട്ടുണ്ട്.വീൽ ആർച്ചുകൾക്കും അടിഭാഗത്തിനും കറുത്ത ക്ലാഡിംഗ്, സി പില്ലറിൽ മറഞ്ഞ ഡോർ ഹാൻഡിൽ, 50 കിലോഗ്രാം ഭാരമേറ്റെടുക്കുന്ന റൂഫ് റെയിലുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഡസ്റ്ററിന്റെ കരുത്തുറ്റ ലുക്ക് കൂടുതൽ വ്യക്തമാക്കുന്നു. 212 എംഎം ഗ്രൗണ്ട് ക്ലിയറൻസും മികച്ച ഓഫ്-റോഡ് ശേഷിക്ക് സൂചനയാണ്.
ഇന്റീരിയർ
ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഡാഷ്ബോർഡാണ് ഡസ്റ്ററിലുള്ളത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്ന ഡ്യുവൽ സ്‌ക്രീൻ സെറ്റപ്പാണ് ഉള്ളിൽ. ഫിസിക്കൽ ബട്ടണുകളും ഡിജിറ്റൽ കൺട്രോളുകളും ചേർന്ന ലേഔട്ടാണ് നൽകിയത്.മുന്നിലെ ആംറെസ്റ്റിൽ സ്റ്റോറേജ് കംപാർട്ട്മെന്റും പിന്നിലെ സെന്റർ ആംറെസ്റ്റിൽ കപ്പ് ഹോൾഡറുകളും നൽകിയിട്ടുണ്ട്. 518 ലീറ്റർ ബൂട്ട് സ്പേസ്, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 6-വേ പവേർഡ് വെന്റിലേറ്റഡ് മുൻ സീറ്റുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
സുരക്ഷ
ആറ് എയർബാഗുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭിക്കും. 360 ഡിഗ്രി ക്യാമറ, മുൻ-പിന്നിൽ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെവൽ 2 അഡാസ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലിലും ഡിസ്ക് ബ്രേക്ക് എന്നിവയും ഡസ്റ്ററിലുണ്ടാകും. ഇന്ത്യയിൽ അഡാസ് ഫീച്ചറുകളോടെ എത്തുന്ന റെനോയുടെ ആദ്യ മോഡലാണ് ഡസ്റ്റർ.7 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും വാഹനത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നു.
വില & മത്സരം
10 മുതൽ 12 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു. മാർച്ചിൽ ഔദ്യോഗിക വില പ്രഖ്യാപിക്കും. മാരുതി ഗ്രാൻഡ് വിറ്റാര, ഹ്യുണ്ടായി ക്രേറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാക്ക്, ടാറ്റ സിയേറ തുടങ്ങിയ മിഡ് സൈസ് എസ്‌യുവികളുമായിരിക്കും ഡസ്റ്ററിന്റെ മത്സരം. ആദ്യ വാഹനങ്ങൾ 2026 ഏപ്രിലിൽ ഡെലിവറി ആരംഭിക്കുമെന്നാണ് റെനോയുടെ അറിയിപ്പ്.
പഠിക്കാം & സമ്പാദിക്കാം
Home
