25 Feb 2026 4:39 PM IST
Pune Old Vehicles Ban: ഡൽഹിക്ക് പിന്നാലെ പൂണെയും: 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് നിരോധന നിർദേശം
MyFin Desk
Summary
വായുമലിനീകരണം കുറയ്ക്കാൻ കടുത്ത നീക്കം; 7 ലക്ഷത്തിലധികം വാഹനങ്ങളെ ബാധിക്കാം
ഡൽഹിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പ്രധാന നഗരമായ പുനെയും 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കെതിരെ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുന്നു. നഗരപരിധിയിൽ ഇത്തരം വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായും നിരോധിക്കാനുള്ള നിർദേശം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ജിതേന്ദ്ര ഡുഡി സമർപ്പിക്കുന്ന ഈ നിർദേശത്തിന് സർക്കാർ അംഗീകാരം ലഭിച്ചാൽ ഏകദേശം 7 ലക്ഷത്തിലധികം വാഹനങ്ങൾ നഗരപരിധിയിൽ നിന്ന് പുറത്താകും.പൂണെ ആർ.ടി.ഒ കണക്കുകൾ പ്രകാരം 6,83,411 സ്വകാര്യ വാഹനങ്ങളും 46,284 ട്രാൻസ്പോർട്ട് വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ളവയാണ്. ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. ഏകദേശം 5,12,575 എണ്ണം.
വായുമലിനീകരണം, മോശമായ വായുനിലവാരം, കൂടിയ ഗതാഗതക്കുരുക്ക് എന്നിവയാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. നിരോധനം നടപ്പിലാക്കിയാൽ മലിനീകരണം 20 മുതൽ 30 ശതമാനം വരെ കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നു
ഇതിനുമുമ്പ് തന്നെ 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഗ്രീൻ ടാക്സും ഉയർന്ന റീ-രജിസ്ട്രേഷൻ ഫീസും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണ്. ഇതിന് പൂർണ്ണ വിരാമമിടാനാണ് പുതിയ നിയന്ത്രണം ലക്ഷ്യമിടുന്നത്.
പൂണെയിലെ മലിനീകരണത്തിന് വാഹനങ്ങൾ മാത്രമല്ല കാരണം. 1200-ഓളം ഫാക്ടറികളുള്ള വലിയ വ്യവസായ കേന്ദ്രം കൂടിയായ നഗരത്തിൽ വ്യവസായവൽക്കരണവും നഗരവൽക്കരണവും മലിനീകരണത്തെ കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. എന്നിരുന്നാലും, മലിനീകരണം കൂടുതലായി സൃഷ്ടിക്കുന്ന പഴയ ട്രക്കുകളും സ്വകാര്യ വാഹനങ്ങളും ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിലൂടെ വായുനിലവാരം മെച്ചപ്പെടുത്താനാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.സർക്കാരിന്റെ അന്തിമ തീരുമാനം വന്നശേഷമേ നിരോധനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകൂ.
പഠിക്കാം & സമ്പാദിക്കാം
Home
