6 April 2026 3:33 PM IST
Summary
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വളര്‍ച്ചയോടെ 29.6 ദശലക്ഷം വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. 3 കോടി എന്ന നാഴികക്കല്ലിന് തൊട്ടടുത്തെത്തിയ വിപണിയില്‍, ആറ് പ്രധാന വാഹന വിഭാഗങ്ങളില്‍ അഞ്ചെണ്ണവും എക്കാലത്തെയും മികച്ച വാര്‍ഷിക വില്‍പ്പനയാണ് രേഖപ്പെടുത്തിയത്
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗം. 2026 സാമ്പത്തിക വര്‍ഷത്തിലാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (ഫാഡ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വളര്‍ച്ചയോടെ 29.6 ദശലക്ഷം വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. 3 കോടി എന്ന നാഴികക്കല്ലിന് തൊട്ടടുത്തെത്തിയ വിപണിയില്‍, ആറ് പ്രധാന വാഹന വിഭാഗങ്ങളില്‍ അഞ്ചെണ്ണവും എക്കാലത്തെയും മികച്ച വാര്‍ഷിക വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.
ജിഎസ്ടി 2.0 നടപ്പിലാക്കിയതാണ് വിപണിയിലെ ഈ വിപ്ലവകരമായ മാറ്റത്തിന് പ്രധാന കാരണമായത്. സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന നികുതി പരിഷ്‌കാരം സാധാരണക്കാരുടെ ഇരുചക്ര വാഹനങ്ങള്‍, ചെറിയ കാറുകള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ വില കുറയ്ക്കാന്‍ സഹായിച്ചു. ഇതോടെ ആദ്യ അഞ്ച് മാസങ്ങളില്‍ മന്ദഗതിയിലായിരുന്ന വിപണി ഉത്സവ സീസണോടെ കരുത്താര്‍ജ്ജിക്കുകയും ഒക്ടോബറില്‍ മാത്രം 4 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് പുതിയ ചരിത്രം കുറിക്കുകയും ചെയ്തു.
വാഹന വിഭാഗങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പാസഞ്ചര്‍ വാഹനങ്ങള്‍ 4.7 ദശലക്ഷം കടന്ന് മുന്നേറി. കോവിഡിന് മുന്‍പുള്ള പ്രതാപം വീണ്ടെടുത്ത ഇരുചക്ര വാഹന മേഖല 21.4 ദശലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി 13.4 ശതമാനം വളര്‍ച്ച നേടി. വാണിജ്യ വാഹനങ്ങളും ട്രാക്ടറുകളും ചരിത്രത്തിലാദ്യമായി 1 ദശലക്ഷം എന്ന കടമ്പ കടന്നു എന്നതും ഈ വര്‍ഷത്തെ സവിശേഷതയാണ്. എന്നാല്‍ നിര്‍മ്മാണ മേഖലയിലെ പദ്ധതികളുടെ കാലതാമസം കാരണം കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റുകളുടെ വില്‍പനയില്‍ മാത്രം 11.70 ശതമാനം ഇടിവുണ്ടായി.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം ഈ വര്‍ഷം കൂടുതല്‍ പ്രകടമായി. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന 24.63 ശതമാനം വര്‍ധിച്ച് 2.45 ദശലക്ഷം യൂണിറ്റുകളിലെത്തി. ഇരുചക്ര വാഹന വിപണിയില്‍ 6.54 ശതമാനവും പാസഞ്ചര്‍ കാറുകളില്‍ 4.25 ശതമാനവും ഇലക്ട്രിക് സാന്നിധ്യമായി മാറിക്കഴിഞ്ഞു. കൂടാതെ സിഎന്‍ജി വാഹനങ്ങളും വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കിയിട്ടുണ്ട്.
നഗരങ്ങളോടൊപ്പം തന്നെ ഗ്രാമീണ ഇന്ത്യയും വാഹന വിപണിയുടെ വളര്‍ച്ചയില്‍ തുല്യ പങ്കുവഹിച്ചു എന്നത് ശ്രദ്ധേയമാണ്. ഗ്രാമീണ മേഖലയില്‍ 13.05 ശതമാനവും നഗരങ്ങളില്‍ 13.62 ശതമാനവുമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. മെച്ചപ്പെട്ട ഗ്രാമീണ വരുമാനവും റോഡ് സൗകര്യങ്ങളും കാറുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളോടുള്ള ഗ്രാമങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചു. വരും വര്‍ഷങ്ങളിലും ഇരട്ട അക്ക വളര്‍ച്ച തുടരാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് വാഹന വ്യവസായ ലോകം.
പഠിക്കാം & സമ്പാദിക്കാം
Home
