image

18 Jan 2026 2:37 PM IST

Automobile

ഓട്ടോമൊബൈല്‍ കയറ്റുമതി ടോപ് ഗിയറില്‍; 24% വര്‍ധന

MyFin Desk

ഓട്ടോമൊബൈല്‍ കയറ്റുമതി  ടോപ് ഗിയറില്‍; 24% വര്‍ധന
X

Summary

വിദേശ വിപണികളില്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ശക്തമായ ഡിമാന്‍ഡ് ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുകൂലമായി. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം വാഹനങ്ങള്‍ ചെയ്ത കമ്പനി ഏതാണ്?


2025 ല്‍ ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ കയറ്റുമതി 24 ശതമാനം വര്‍ദ്ധിച്ചതായി സിയാം ഡാറ്റ. വിദേശ വിപണികളില്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ശക്തമായ ഡിമാന്‍ഡ് ഇതിനു കാരണമായി.

കഴിഞ്ഞ വര്‍ഷത്തെ മൊത്തം കയറ്റുമതി 2024 കലണ്ടര്‍ വര്‍ഷത്തിലെ 50,98,474 യൂണിറ്റുകളില്‍ നിന്ന് 24.1 ശതമാനം വര്‍ധിച്ച് 63,25,211 യൂണിറ്റുകളായി.

യാത്രാ വാഹന കയറ്റുമതി 2024-ല്‍ 7,43,979 യൂണിറ്റുകളില്‍ നിന്ന് 16 ശതമാനം വര്‍ധിച്ച് 8,63,233 യൂണിറ്റായി. യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം 32 ശതമാനം വര്‍ധിച്ച് 4,27,219 യൂണിറ്റായി. പാസഞ്ചര്‍ കാര്‍ കയറ്റുമതി 3 ശതമാനം ഉയര്‍ന്ന് 4,25,396 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 4,12,148 യൂണിറ്റുകളായിരുന്നു.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവയുള്‍പ്പെടെ മിക്ക വിപണികളിലും ഡിമാന്‍ഡ് സ്ഥിരമാണെന്ന് സിയാം അഭിപ്രായപ്പെട്ടു. മാരുതി സുസുക്കിയാണ് കയറ്റുമതിയില്‍ മുന്നില്‍. 2025-ല്‍ 3.95 ലക്ഷം യൂണിറ്റുകളാണ് കമ്പനി കയറ്റി അയച്ചത്. മുന്‍വര്‍ഷം ഇത് 3.26 ലക്ഷം യൂണിറ്റായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ 4 ലക്ഷം യൂണിറ്റ് കയറ്റുമതി എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയില്‍ തുടരുകയാണെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയുടെ 46 ശതമാനവും മാരുതി സുസുക്കിയാണ് സംഭാവന ചെയ്യുന്നത്.

ഇരുചക്ര വാഹന കയറ്റുമതി 2024-ല്‍ 39,77,162 യൂണിറ്റുകളില്‍ നിന്ന് 24 ശതമാനം വര്‍ധിച്ച് 49,39,706 യൂണിറ്റായി. ഇതില്‍ മോട്ടോര്‍സൈക്കിള്‍ കയറ്റുമതി 27 ശതമാനം ഉയര്‍ന്ന് 43,01,927 യൂണിറ്റായി. സ്‌കൂട്ടറുകള്‍ 8 ശതമാനം ഉയര്‍ന്ന് 6,20,241 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ആകെ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 91,759 യൂണിറ്റായും ഉയര്‍ന്നു. 27 ശതമാനം വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്.