7 Nov 2026 7:04 PM IST
Summary
സ്പോർട്ട് സസ്പെൻഷൻ, എൻഡ്യൂറോ പ്രോ റൈഡിങ് മോഡ്, 48 ബിഎച്ച്പി കരുത്ത്; പുതിയ അഡ്വഞ്ചർ ബൈക്കുമായി BMW Motorrad.
പ്രമുഖ ജർമ്മൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യൂവിന്റെ ഇരുചക്ര വാഹന വിഭാഗമായ ബിഎംഡബ്ല്യൂ മോട്ടോർറാഡ് ഇന്ത്യയിൽ പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. എഫ് 450 ജിഎസ് സ്പോർട്ട് എന്ന പേരിൽ പുറത്തിറക്കിയ മോഡലിന് 5.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എഫ് 450 ജിഎസ് ശ്രേണിയിലെ പുതിയ വേരിയന്റായ ഇത് മികച്ച റൈഡിങ് അനുഭവവും കൂടുതൽ നിയന്ത്രണവും ലക്ഷ്യമിട്ടാണ് വിപണിയിലെത്തുന്നത്.
മറ്റ് വേരിയന്റുകളിൽനിന്ന് പുതിയ സ്പോർട്ട് പതിപ്പിനെ വ്യത്യസ്തമാക്കുന്നത് പ്രധാനമായും ഇതിലെ സ്പോർട്ട് സസ്പെൻഷനാണ്. കൂടുതൽ കൃത്യതയും മികച്ച നിയന്ത്രണവും ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കും. ഗിയർ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോയും വാഹനത്തിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലച്ച് ഉപയോഗിക്കാതെ ഗിയർ മാറ്റാൻ സാധിക്കുന്ന സംവിധാനമാണിത്. റൈഡർമാർക്ക് കൂടുതൽ സൗകര്യപ്രദമായ ഗിയർ ഷിഫ്റ്റിങ് അനുഭവം ഇതിലൂടെ ലഭിക്കും.
റൈഡിങ് മോഡുകളുടെ കാര്യത്തിലും പുതിയ പതിപ്പ് ശ്രദ്ധേയമാണ്. റെയിൻ, റോഡ്, എൻഡ്യൂറോ മോഡുകൾക്ക് പുറമേ എൻഡ്യൂറോ പ്രോ എന്ന പ്രത്യേക റൈഡിങ് മോഡും ലഭ്യമാണ്. വ്യത്യസ്ത റോഡ് സാഹചര്യങ്ങൾക്കും ഓഫ് റോഡ് യാത്രകൾക്കും അനുയോജ്യമായ രീതിയിൽ ബൈക്കിന്റെ പ്രകടനം ക്രമീകരിക്കാൻ ഈ മോഡുകൾ സഹായിക്കും.
റേസിങ് റെഡ് എന്ന പ്രത്യേക നിറത്തിലാണ് ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് സ്പോർട്ട് വിപണിയിലെത്തുന്നത്. വാഹനത്തിന്റെ എക്സ് ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പ്, മുൻഭാഗത്തെ ബീക്ക് ഡിസൈൻ, ഉയർന്ന റൈഡിങ് പൊസിഷൻ എന്നിവ മുൻ പതിപ്പുകളിലേതിന് സമാനമായി നിലനിർത്തിയിട്ടുണ്ട്. റാലി വിൻഡ്സ്ക്രീൻ, ബ്ലാക്ക് ഹാൻഡ്ഗാർഡുകൾ, ഓഫ് റോഡ് ഫുട്പെഗുകൾ എന്നിവയും പുതിയ വേരിയന്റിന്റെ സവിശേഷതകളാണ്.
എൻജിൻ സവിശേഷതകളിലേക്ക് വരുമ്പോൾ 420 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 8,750 ആർപിഎമ്മിൽ 48 ബിഎച്ച്പി കരുത്തും 6,750 ആർപിഎമ്മിൽ 43 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ എൻജിന് കഴിയും. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. 178 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം.
ജിഎസ് ട്രോഫി പതിപ്പിലെ നിരവധി ഫീച്ചറുകളും പുതിയ സ്പോർട്ട് വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്വഞ്ചർ ടൂറിങ്, ഓഫ് റോഡ് റൈഡിങ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളെയാണ് പുതിയ മോഡലിലൂടെ ബിഎംഡബ്ല്യൂ ലക്ഷ്യമിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
